
കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ പുതിയ ക്രിമിനൽ നടപടിക്രമ നിയമം പുറത്തിറക്കി താലിബാൻ ഭരണകൂടം. പരമോന്നത നേതാവായ ഹിബത്തുള്ള അഖുന്ദ്‌സാദ ഒപ്പുവച്ച നിയമം പൗരന്മാരെ നാല് വ്യത്യസ്‌ത വിഭാഗങ്ങളായി തിരിക്കുകയും അടിമത്തത്തെ നിയമവിധേയമാക്കുകയും ചെയ്യുന്നതാണ്.
മതപണ്ഡിതന്മാർ, ഉന്നതർ, മദ്ധ്യവർഗം, താഴ്‌ന്ന വിഭാഗം എന്നിങ്ങനെയാണ് സമൂഹത്തെ നാലായി തരംതിരിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും ഉയർന്ന വിഭാഗമായ മതപണ്ഡിതന്മർ കുറ്റം ചെയ്‌താൽ അവർക്ക് വെറും ഉപദേശം നൽകി വിട്ടയക്കാനാണ് നിർദേശം. അതേസമയം, താഴ്‌ന്ന വിഭാഗത്തിൽപ്പെട്ടവർക്ക് തടവുശിക്ഷയും ക്രൂരമായ ശാരീരിക പീഡനങ്ങളും നേരിടേണ്ടി വരും. കുറ്റവാളിയുടെ സാമൂഹിക പദവി നോക്കി ശിക്ഷ നിശ്ചയിക്കുന്ന ഈ രീതി നീതിയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമെന്നാണ് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.
പുതിയ നിയമത്തിൽ 'ഗുലാം' അഥവാ അടിമ എന്ന പദം നിയമപരമായ ഒരു വിഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ അടിമത്തത്തെ താലിബാൻ നിയമവിധേയമാക്കി. ചില ശിക്ഷകൾ നടപ്പിലാക്കാൻ യജമാനന് അധികാരം നൽകുന്ന വ്യവസ്ഥകളും ഇതിലുണ്ട്. സ്‌ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വർദ്ധിപ്പിക്കുന്ന രീതിയിലുള്ളതാണ് പുതിയ നിയമങ്ങൾ. എല്ലുകൾ ഒടിയാതെ ശരീരത്തിൽ തൊലി പൊട്ടാതെ മറ്റേത് രീതിയിലും ശാരീരികമായി ഉപദ്രവിക്കാൻ അനുമതി നൽകുന്നതാണ് പുതിയ നിയമം.
ഈ നിയമം മദ്ധ്യകാലഘട്ടത്തേക്കാൾ ഭീകരമാണെന്നും മനുഷ്യന്റെ അന്തസിനെ വെല്ലുവിളിക്കുന്നതാണെന്നും അഫ്‌ഗാനിലെ മുൻ ഭരണാധികാരികളും അന്താരാഷ്‌ട്ര നിരീക്ഷകരും പ്രതികരിച്ചു. വിവേചനപരമായ ഈ നിയമം മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനമാണെന്ന് ഐക്യരാഷ്‌ട്രസഭയും വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളെ ഭയപ്പെടുത്തി ഭരിക്കാനുള്ള ഒരു ഉപകരണമായിട്ടാണ് താലിബാൻ ഈ പുതിയ നിയമങ്ങളെ ഉപയോഗിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |