
നെടുമങ്ങാട്: നഗരത്തിൽ ഇരുചക്രവാഹന മോഷണം തുടർക്കഥയാവുന്നു.റോഡ് വക്കിൽ വണ്ടി പാർക്ക് ചെയ്ത് വീടുകളിലോ കടകളിലോ പോയി മടങ്ങിയെത്തുമ്പോഴേക്കും ടൂവീലർ അപ്രത്യക്ഷമാകുമെന്നതാണ് അവസ്ഥ. ടൗണിലും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞ ഒരു മാസത്തിനിടെ 15ഓളം ബൈക്കുകൾ മോഷ്ടിക്കപ്പെട്ടതായാണ് പരാതി.ഭൂരിഭാഗവും ഹീറോഹോണ്ട, സ്‌പ്ലെണ്ടർ ബൈക്കുകളാണ് മോഷ്ടിക്കപ്പെട്ടിട്ടുള്ളത്.ചെല്ലാംകോട് പുതുമംഗലം കാർത്തികയിൽ അനന്തു.എ.എസിന്റെ ബൈക്ക് മുക്കോല ജംഗ്ഷനിൽ റോഡ് വക്കിൽ പാർക്ക് ചെയ്തിരിക്കെ മോഷ്ടിക്കപ്പെട്ടതാണ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.ശനി രാത്രിയായിരുന്നു സംഭവം.സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങിയെത്തിയപ്പോൾ ബൈക്ക് കാണാതായെന്നാണ് പൊലീസിൽ ലഭിച്ചിട്ടുള്ള പരാതി.മുമ്പ്,പൂവത്തൂർ നിന്നും ഹോണ്ട ആക്ടിവ സ്കൂട്ടറും ഇതേപോലെ മോഷണം പോയിരുന്നു.പരാതി നൽകിയിട്ടും പൊലീസിന്റെ ഭാഗത്തു നിന്നും തണുപ്പൻ പ്രതികരണമാണെന്ന് ആക്ഷേപമുണ്ട്. നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ പിന്നീട് കണ്ടെത്തി.
മോഷണം പതിവ്
മുക്കോല,പരിയാരം,ചെല്ലാംകോട് പ്രദേശങ്ങളിലും മോഷണവും മോഷണശ്രമങ്ങളും നിരന്തരം അരങ്ങേറുന്നുണ്ട്.റവന്യൂ ടവർ,കെ.എസ്.ആർ.ടി.സി പാർക്കിംഗ് യാർഡുകളിൽ നിന്നുള്ള മോഷണവും പതിവാണ്. പരാതിയുമായി ചെല്ലുന്നവരോട് സ്വന്തം നിലയിൽ കടകളിലെ സി.സി.ടിവി പരിശോധിക്കാനാണ് പൊലീസ് പറയുന്നതെന്ന ആക്ഷേപം ശക്തമാണ്. മോഷണമുതലുകൾ കണ്ടെത്തി പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |