
ന്യൂഡൽഹി: ഡൽഹി പൊലീസിലെ സ്‌പെഷ്യൽ വെപ്പൺസ് ആൻഡ് ടാക്ടിക്സ് കമാൻഡോയെ മർദിച്ച് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിലായി. കാജൽ ചൗധരിയെന്ന (27) യുവതിയാണ് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചത്. ഇവർ നാലുമാസം ഗർഭിണിയായിരുന്നു. സംഭവത്തിൽ പ്രതിരോധ മന്ത്രാലയത്തിലെ ക്ലാർക്കായ അങ്കുറാണ് അറസ്റ്റിലായത്. ജനുവരി 22ന് രാത്രി പത്തുമണിയോടെയായിരുന്നു സംഭവം.
സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നുണ്ടായ തർക്കങ്ങൾ രൂക്ഷമായതോടെയാണ് അങ്കുർ കാജലിനെ ഡംബൽ കൊണ്ട് മർദിച്ചത്. ആക്രമണത്തിൽ യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിനുശേഷം കാജലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് അങ്കുർ തന്നെയാണെന്ന് പൊലീസ് അറിയിച്ചു. യുവതിയെ ആദ്യം ഡൽഹിയിലെ മോഹൻ ഗാർഡനിലെ താരക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഗാസിയാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാജലിന്റെ മരണത്തിൽ സഹോദരനും പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളുമായ നിഖിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കാജൽ ഫോണിൽ സംസാരിക്കുന്നതിനിടയിലാണ് അങ്കുർ ഡംബൽ കൊണ്ട് തലയ്ക്കടിച്ചതെന്നും അയാൾ തന്നെയാണ് മർദിച്ചതിന്റെ വിവരങ്ങൾ പറഞ്ഞതെന്നും നിഖിൽ വ്യക്തമാക്കി. പ്രതിയുടെ മാതാവും രണ്ട് സഹോദരിമാരും കാജലിനെ സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം മർദിക്കാറുണ്ടായിരുന്നുവെന്ന് നിഖിൽ ആരോപിച്ചിട്ടുണ്ട്. യുവതിയുടെ മാതാപിതാക്കളിൽ നിന്ന് അങ്കുർ പണം വാങ്ങിയതിന്റെ തെളിവുകളുമുണ്ട്.
2023 ലാണ് കാജലും അങ്കുറും വിവാഹിതരായത്. അറസ്റ്റിലായ അങ്കുറിനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇരുവർക്കും ഒന്നരവയസുള്ള ഒരു മകനുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |