
വർക്കല: നമ്പർ പ്ലേറ്റില്ലാത്തതും,സൈലൻസറിൽ അനധികൃത രൂപമാറ്റം വരുത്തുകയും ചെയ്ത ഇരുചക്ര വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ച് മോട്ടോർ വാഹന വകുപ്പ്.തുടർച്ചയായ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് വർക്കല സബ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ മേഖലയിൽ ശക്തമായ പരിശോധനകൾ ആരംഭിച്ചത്.ഇതിന്റെ ഭാഗമായി നമ്പർ പ്ലേറ്റില്ലാതെ രൂപമാറ്റം വരുത്തിയ ബൈക്ക് കഴിഞ്ഞ ദിവസം നടയറയിൽ നിന്ന് പിടികൂടി. വാഹന ഉടമയ്ക്ക് 32,000 രൂപ പിഴയും,വാഹനം മറ്റു കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി അയിരൂർ പൊലീസിന് കൈമാറുകയും ചെയ്തു. തിരക്കേറിയ മൈതാനം - വർക്കല ക്ഷേത്രം ബീച്ച് റോഡിൽ ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാതെയാണ് ബൈക്കുകളിൽ യുവാക്കളുടെ അഭ്യാസപ്രകടനം.
രൂപമാറ്റം വേണ്ട
ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും കാണുന്ന മിന്നുന്ന അഭ്യാസപ്രകടനങ്ങൾ പ്രചോദനമാക്കി ഇതേ രീതിയിൽ റീൽസ് ചിത്രീകരിക്കാൻ ഇറങ്ങിത്തിരിക്കുന്ന യുവാക്കളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. സൈലൻസറിൽ അനധികൃത മാറ്റംവരുത്തി വലിയ ശബ്ദം സൃഷ്ടിച്ച് അമിതവേഗത്തിൽ സഞ്ചരിക്കൽ,നമ്പർ പ്ലേറ്റ് ഇല്ലാതെ ഓടിക്കൽ,വാഹനങ്ങൾ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കൽ തുടങ്ങിയ സംഭവങ്ങൾ ദിനംപ്രതി വർദ്ധിക്കുന്നതായും പരാതിയുണ്ട്.
പരിശോധന ശക്തം
ആർ.ടി.ഒ ഉദ്യോഗസ്ഥർ മഫ്ടിയിൽ സഞ്ചരിച്ച് കോളേജ്,സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തി നിരവധി നിയമലംഘകരെ സമീപ ദിവസങ്ങളിൽ പിടികൂടിയിരുന്നു. അപകടസാദ്ധ്യത ഉയർത്തുന്ന രീതിയിൽ നിയമലംഘനം തുടരുന്നത് തിരിച്ചറിഞ്ഞ് കൈയോടെ പിടികൂടി വലിയ പിഴയീടാക്കുന്നത് അടക്കമുള്ള ശക്തമായ നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്ന് വർക്കല ആർ.ടി.ഒ ഉദ്യോഗസ്ഥർ അറിയിച്ചു.
ഫോട്ടോ: വർക്കല സബ് ആർ.ടി.ഒ പിടിച്ചെടുത്ത് പിഴ ചുമത്തിയ നമ്പർ പ്ലേറ്റില്ലാത്തതും രൂപമാറ്റം വരുത്തിയതുമായ ബൈക്ക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |