
തൊടുപുഴ: സാമൂഹ്യവിരുദ്ധർക്ക് സുരക്ഷിത താവളമായി തൊടുപുഴ കെ.എസ്.ആർ.ടി.സി ടെർമിനൽ. രാത്രികാലങ്ങളിൽ മദ്യപാനികൾ പ്രദേശത്ത് അഴിഞ്ഞാടുകയാണ്. ടെർമിനലിനുള്ളിലെ കംഫർട്ട് സ്റ്റേഷനാണ് ഇത്തരക്കാരുടെ ഇടത്താവളം. ടോയ്ലറ്റുകൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാകാത്ത വിധം തകർന്നിട്ടുണ്ട്. ടോയ്ലറ്റിനുള്ളിൽ മദ്യകുപ്പികൾ ഇടുന്നതാണ് പ്രധാന പ്രശ്നം. ഇതിനാൽ ഫ്ലഷ് ചെയ്താൽ പോലും വെള്ളം പോകാതെ ശൗചാലയം വൃത്തികേടാകും. പകൽ സമയങ്ങളിൽ വലിയ ശല്യമില്ലെങ്കിലും രാത്രികാലങ്ങളിലാണ് സാമൂഹ്യ വിരുദ്ധർ ഇവിടം ഇടത്താവളമാക്കുന്നത്. രാത്രിയുടെ മറവിൽ സ്ത്രീകളെ എത്തിച്ചും അനാശാസ്യം നടത്തുന്നതായി ആരോപണമുണ്ട്. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കണമെങ്കിൽ ടോയ്ലറ്റിന്റെ വാതിൽ തള്ളിപ്പിടിച്ചിരിക്കേണ്ട അവസ്ഥയാണ്. മിക്ക വാതിലുകളും സാമൂഹ്യവിരുദ്ധർ തകർത്തിട്ടുണ്ട്. ഇതിനാൽ ഭൂരിഭാഗവും ഉപയോഗശൂന്യമാണ്. പ്ലാസ്റ്റിക് കുപ്പികൾ, സിഗരറ്റ് കുറ്റികൾ, മറ്റ് ലഹരി വസ്തുക്കളുടെ പായ്ക്കറ്റുകൾ എന്നിവയ്ക്ക് പുറമേ കോണ്ടംവരെ നിക്ഷേപിക്കുന്നവരുണ്ട്. പുരുഷന്മാരുടെ ടോയ്ലറ്റിലാണ് കൂടുതലും പ്രശ്നം. ഇവിടെയുള്ള യൂറിൻ ബ്ലോക്ക് അടച്ച് പൂട്ടിയിട്ട് വർഷങ്ങളായി. മലിനജലം താഴെയുള്ള വർക്ക്‌ഷോപ്പിലേക്ക് പനിച്ചിറങ്ങുന്നതിനാലാണ് ഈ ബ്ലോക്ക് പൂർണമായും പൂട്ടിയത്. സ്ത്രീകളുടെ ബ്ലോക്കിലും ടോയ്ലറ്റിന്റെ വാതിലുകളെല്ലാം പൊളിഞ്ഞിരിക്കുകയാണ്. നടത്തിപ്പിനായി ഏറ്റെടുക്കുന്നവർ കരാർ ഉപേക്ഷിച്ച് പോകുന്നതും പതിവാണ്. ഇവിടെ മാത്രമല്ല പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ ആളൊഴിഞ്ഞ മൂലകളിലും ഒഴിഞ്ഞ് കിടക്കുന്ന മുറികളിലും യഥേഷ്ടം മദ്യപാനം നടക്കുന്നതായി ആരോപണമുണ്ട്. ടൗണിലെ സ്ഥിരം മദ്യപാനികളാണ് ഇതിൽ പ്രധാനികൾ.
സെക്യൂരിറ്റിയില്ല,
നിരീക്ഷണ ക്യാമറകളും
നിർജ്ജീവം
രാത്രികാലങ്ങളിൽ പൊതുജനങ്ങളുടെയും ടെർമിനലിന്റെയും സുരക്ഷക്കായി സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യമുയരാൻ തുടങ്ങിയിട്ട് നാളുകളായെങ്കിലും നടപടിയില്ല. മുമ്പ് കരാർ ഏജൻസികൾ ജീവനക്കാരെ നിയമിച്ചിരുന്നെങ്കിലും ഓവർ ഡ്യൂട്ടിമൂലം പലരും ജോലി ഉപേക്ഷിച്ച് മടങ്ങുന്ന സാഹചര്യമാണ്. നിലവിൽ താത്കാലിക ജീവനക്കാരായ മൂന്ന് ക്ലിനിംഗ് സ്റ്റാഫുകൾക്കാണ് ഇതിന്റെയും അധിക ചുമതല നൽകിയിരിക്കുന്നത്. ഇത് ഇവർക്കും ഇരട്ടിപ്പണിയാണ്. ജോലിക്കിടയിൽ ഓവർ ഡ്യൂട്ടി ചെയ്യേണ്ട ഗതികേടിലാണ് ഈ തൊഴിലാളികൾ. യാതൊരുവിധ സൗകര്യങ്ങളുമില്ലാതിരുന്നിട്ടും പ്രതിദിന വരുമാനം 1200 മുതൽ 1500വരെയാണ്. താറുമാറായിക്കിടന്നിട്ടും ഇത്രയും വരുമാനമുണ്ടെങ്കിൽ നന്നായി നടത്തിയാൽ കംഫർട്ട് സ്റ്റേഷൻ ലാഭകരമാകുമെന്നുറപ്പാണ്. ഇതിന് പുറമെ ഇവിടെ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകൾ പ്രവർത്തനരഹിതമായിട്ടും നാളുകൾ കഴിഞ്ഞു. ബസുകൾ സർവീസ് ചെയ്യുന്നിടത്ത് മലിനജലമൊഴുക്കാൻ സൗകര്യമില്ലാത്തതിനാൽ വെള്ളം കെട്ടിക്കിടന്ന് വലിയൊരു അഴുക്കുചാലും രൂപപ്പെട്ടുകഴിഞ്ഞുവെന്നതാണ് യാഥാർത്ഥ്യം. ഇതിന് പുറമെ ഫയർ എൻ.ഒ.സി ലഭിക്കാത്തതിനാൽ കടമുറികളും ലേലത്തിൽ നൽകാനാവുന്നില്ല.
''വലിയ രീതിയിൽ സാമൂഹ്യവിരുദ്ധ ശല്യമുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ടോയ്ലറ്റ് കോംപ്ലക്സ് സ്‌പോൺസർഷിപ്പിൽ ഉടൻ തന്നെ പുതുക്കി പണിയും. കെട്ടിടങ്ങൾക്ക് ഫയർ എൻ.ഒ.സി ലഭിക്കാനുള്ള നടപടികളും സ്വീകരിക്കും""
-ആർ. മനീഷ് (ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |