പടിഞ്ഞാറെ കല്ലട : ജില്ലാ പഞ്ചായത്ത് ലക്ഷങ്ങൾ ചെലവിട്ട് പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ കടപുഴ ജംഗ്ഷനിൽ നിർമ്മിച്ച 'ടേക്ക് എ ബ്രേക്ക്' പദ്ധതിയുടെ പ്രവർത്തനം നിലച്ചു. പദ്ധതി കെട്ടിടത്തിന് മുന്നിൽ അനധികൃത തട്ടുകടകൾ ഉയർന്നതോടെയാണ് യാത്രക്കാർക്ക് ഏറെ പ്രയോജനകരമായിരുന്ന ഈ സംവിധാനം അടച്ചുപൂട്ടേണ്ടി വന്നത്. കാരാളിമുക്ക് - കടപുഴ പി.ഡബ്ല്യു.ഡി റോഡിന്റെ വശത്തായി ഏതാനും വർഷങ്ങൾക്ക് മുമ്പാണ് 25 ലക്ഷം രൂപ ചെലവഴിച്ച് ടേക്ക് എ ബ്രേക്ക് കെട്ടിടം നിർമ്മിച്ചത്.
ടേക്ക് എ ബ്രേക്ക്
കുടുംബശ്രീ ഉത്പ്പന്നങ്ങളുടെ വിപണനം, ലഘുഭക്ഷണശാല, ശൗചാലയം, എ.ടി.എം കൗണ്ടർ, വാട്ടർ എ.ടി.എം എന്നിവ ഇവിടെ പ്രവർത്തിച്ചിരുന്നു. ദീർഘദൂര യാത്രക്കാർക്കും പ്രത്യേകിച്ച് സ്ത്രീകൾക്കും ഗർഭിണികൾക്കും വിശ്രമിക്കാനും ശുചിമുറി ഉപയോഗിക്കാനും ഏറെ ആശ്രയിച്ചിരുന്ന ഇടമായിരുന്നു ഇത്.
അനധികൃത കൈയ്യേറ്റം
കെട്ടിടത്തിന് മുന്നിൽ പ്രദേശവാസികളിൽ ചിലർ താത്ക്കാലിക തട്ടുകടകൾ കെട്ടി വാടകയ്ക്ക് നൽകിയതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. മീൻ കച്ചവടം ഉൾപ്പെടെയുള്ളവ ഇവിടെ നടക്കുന്നതിനാൽ പരിസര മലിനീകരണവും ദുർഗന്ധവും രൂക്ഷമാണ്. ഇതോടെ യാത്രക്കാർക്ക് ഇവിടം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയായി. വരുമാനം കുറഞ്ഞതോടെ കുടുംബശ്രീ പ്രവർത്തകർക്ക് ലഘുഭക്ഷണശാല മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വന്നു. നിലവിൽ എ.ടി.എം കൗണ്ടറിൽ നിന്നുള്ള 6000 രൂപ മാത്രമാണ് പഞ്ചായത്തിന് ലഭിക്കുന്ന ഏക വരുമാനം
ദിശാ ബോർഡുകൾ മറഞ്ഞു
ദേശീയപാതയോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന തട്ടുകടകൾ കാരണം വെസ്റ്റ് കല്ലട ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കുടുംബാരോഗ്യ കേന്ദ്രം, കടപുഴ വലിയ പള്ളി എന്നിവയുടെ ദിശാ ബോർഡുകൾ കടയ്ക്കുള്ളിലാക്കിയതായും പരാതിയുണ്ട് . ഇത് ഈ പ്രദേശത്തേക്ക് എത്തുന്ന അപരിചിതരായ യാത്രക്കാരെയും വലയ്ക്കുന്നു. കടപുഴ ജംഗ്ഷനിൽ അനധികൃതമായികടകൾ സ്ഥാപിച്ചവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പൊതുജനങ്ങളുടെ പരാതി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്ഥലപരിശോധന നടത്തി റിപ്പോർട്ട് ഉടൻ സമർപ്പിക്കുവാൻ ബന്ധപ്പെട്ട അധികൃതരെ ചുമതലപ്പെടുത്തി. കുറ്റക്കാർക്കെതിരെ കർശനനിയമ നടപടിസ്വീകരിക്കും.
ഷൈല , എക്സി.എൻജിനീയർ ,പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം, കൊല്ലം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |