കീവ് : കരിയറിലെ 700-ാം ഗോൾ എന്ന നാഴികക്കല്ല് കടന്നിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പോർച്ചുഗലിനെ ഉക്രൈനെതിരായ യൂറോ കപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിലെ തോൽവിയിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞില്ല. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പറങ്കികളെ തോൽപ്പിച്ച ഉക്രൈൻ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനക്കാരായി യൂറോകപ്പ് യോഗ്യത നേടുകയും ചെയ്തു.
ആറാം മിനിട്ടിൽ യാരേംഷുക്കും 27-ാം മിനിട്ടിൽ യമോളെൻകോയും നേടിയ ഗോളുകൾക്കാണ് ഉക്രൈൻ പറങ്കികളെ പറപ്പിച്ചത്. 72-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്നാണ് ക്രിസ്റ്റ്യാനോ ഗോൾ നേടിയത്.
ക്രിസ്റ്റ്യാനോ 700
5 സ്പോർട്ടിംഗ് സി.പി
118 മാൻ യുണൈറ്റഡ്
450 റയൽ മാഡ്രിഡ്
32 യുവന്റസ്
95 പോർച്ചുഗൽ
ബി ഗ്രൂപ്പിൽ ഈ വിജയത്തോടെ ഉക്രൈനിന് ഏഴ് മത്സരങ്ങളിൽ നിന്ന് 19 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള പോർച്ചുഗലിന് ആറ് കളികളിൽ നിന്ന് 11 പോയിന്റും. മൂന്നാം സ്ഥാനത്തുള്ള സെർബിയയ്ക്ക് ആറ് മത്സരങ്ങളിൽ നിന്ന് 10 പോയിന്റും നിലവിലെ യൂറോ കപ്പ് ചാമ്പ്യൻമാരായ പോർച്ചുഗലിന് അടുത്ത ടൂർണമെന്റിലേക്ക് യോഗ്യത നേടണമെങ്കിൽ ഗ്രൂപ്പിൽ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയിച്ചേ മതിയാവൂ. ഇല്ലെങ്കിൽ കഴിഞ്ഞ തവണത്തേതുപോലെ പ്ളേഓഫിലേക്ക് പോകേണ്ടിവരും.
കഴിഞ്ഞ ദിവസം നടന്ന ബി ഗ്രൂപ്പ് മത്സരത്തിൽ സെർബിയ 2-1ന് ലിത്വാനിയയെ തോൽപ്പിച്ചിരുന്നു. രണ്ടാം പകുതിയിൽ മിട്രോവിച്ചാണ് സെർബിയയുടെ രണ്ട് ഗോളുകളും നേടിയത്.
വംശീയാധിക്ഷേപം മത്സരം തടസ്സപ്പെട്ടു
കഴിഞ്ഞ രാത്രി ബൾഗേറിയയിലെ സോഫിയയിൽ ഇംഗ്ളണ്ടും ബൾഗേറിയയും തമ്മിൽ നടന്ന യൂറോ കപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിനിടെ ഇംഗ്ളീഷ് ടീമിലെ കറുത്തവർഗക്കാരായ താരങ്ങളെ കാണികൾ വംശീയമായി അധിക്ഷേപിച്ചതിനെത്തുടർന്ന് മത്സരം രണ്ട് തവണ നിറുത്തിവയ്ക്കേണ്ടി വന്നു. എന്നാൽ, മത്സരത്തിൽ ബൾഗേറിയയെ 6-0ത്തിന് തകർത്തെറിഞ്ഞ് ഇംഗ്ളണ്ട് പകരം ചോദിച്ചു.
വംശീയാധിക്ഷേപം വിവാദമായതിനെത്തുടർന്ന് യൂറോപ്യൻ ഫുട്ബാൾ അസോസിയേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബൾഗേറിയൻ ഫുട്ബാൾ ഫെഡറേഷൻ തലവൻ രാജിവച്ചു.
റഹിം സ്റ്റെർലിംഗിന്റെയും ബാർക്ക്ലിയുടെയും ഗോളുകളുടെ അകമ്പടിയോടെ ആയിരുന്നു ഇംഗ്ളണ്ടിന്റെ വിജയം. മാർക്കസ് റാഷ് ഫോർഡും ഹാരികേനും ഓരോ ഗോളടിച്ചു. ഏഴാം മിനിട്ടിൽ റാഷ്ഫോർഡിലൂടെയാണ് സ്കോറിംഗ് തുടങ്ങിയത്. 20, 32മിനിട്ടുകളിൽ ബാർക്ക്ലിയും 45, 69 മിനിട്ടുകളിൽ സ്റ്റെർലിംഗും സ്കോർ ചെയ്തു. 85-ാം മിനിട്ടിലായിരുന്നു ഹാരികേനിന്റെ ഗോൾ. ഗ്രൂപ്പ് എയിൽ ആറ് മത്സരങ്ങളിൽ നിന്ന് 15 പോയിന്റായ ഇംഗ്ളണ്ട് യോഗ്യതയ്ക്ക് അരികിലെത്തിയിട്ടുണ്ട്.
അതേസമയം ഗ്രൂപ്പ് എച്ചിൽ തുർക്കിടയോട് 1-1ന് സമനിലയിൽ പിരിഞ്ഞ ഫ്രാൻിന് യോഗ്യത നേടാൻ ഇനിയും കാത്തിരിക്കണം. 76-ാം മിനിട്ടിൽ ഒളിവർ ജിറൂദിലൂടെ മുന്നിലെത്തിയിരുന്ന ഫ്രാൻസിനെ 81-ാം മിനിട്ടിൽ അഹ്യാന്റെ ഗോളിലൂടെയാണ് തുർക്കി സമനിലയിൽ തളച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |