
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിന്റെ അതിർത്തിപ്രദേശങ്ങളിൽ ജനങ്ങളുടെ ഉറക്കംകെടുത്തുന്ന അക്രമകാരിയായ പിടിയാനയെ മയക്കുവെടിവച്ച് പിടികൂടി മാറ്റുന്ന കാര്യം പരിഗണിക്കുമെന്ന് റെയിഞ്ച് ഓഫീസർ ആർ.അദീഷ് നാട്ടുകാർക്ക് ഉറപ്പുനൽകി. ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വൈൽഡ് ലൈഫ് വാർഡന് ഉടൻ റിപ്പോർട്ട് നൽകും. ആനശല്യം നേരിടുന്ന പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പത്തു ദിവസത്തിലധികമായി ഈ പിടിയാന ജനവാസമേഖലകളിലും സമീപത്തെ പ്ലാന്റേഷനിലുമായി തമ്പടിച്ചിരിക്കുകയാണ്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ആന ഇവിടെയുണ്ട്. രോഗബാധിതയായാണ് ആനയെ ആദ്യം കണ്ടതെങ്കിലും ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തെന്നാണ് റെയിഞ്ച് ഓഫീസർക്കൊപ്പമുണ്ടായിരുന്ന ഫോറസ്റ്റ് വെറ്ററിനറി ഡോക്ടറുടെ വിലയിരുത്തൽ. കണ്ണക്കട, കുർബാനപ്പാറ, കൈതപ്പാറ തുടങ്ങിയ ഭാഗങ്ങളിലാണ് പിടിയാന വിലസുന്നത്. പുരയിടങ്ങളിലും കൃഷിയിടങ്ങളിലും സ്ഥിരംസാന്നിദ്ധ്യമായ ആന വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്.
ആനയുടെ ആക്രമണം ഭയന്ന് ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. പ്രശ്നം തുടങ്ങിയത് മുതൽ നാട്ടുകാർ വനംവകുപ്പ് അധികൃതരെ പരാതി അറിയിച്ചിരുന്നു. വനപാലകർ സ്ഥലത്തെത്തുന്നുണ്ടെങ്കിലും കാര്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നില്ല. ഇതേത്തുടർന്ന് ജനപ്രതിനിധികൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെയാണ് മലയാറ്റൂർ റെയിഞ്ച് ഓഫീസറും സംഘവും സന്ദർശനം നടത്തിയത്. പ്രശ്നപരിഹാരത്തിന് നടപടിയില്ലാത്തതിൽ നാട്ടുകാർ ഉദ്യോഗസ്ഥർക്ക് മുന്നിൽ രോഷാകുലരായി. ഇതോടെയാണ് ആനയെ മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന ഉറപ്പ് റെയിഞ്ചർ നൽകിയത്. അതുവരെ രാത്രിയും പകലും വനപാലകരെ പ്രദേശത്ത് നിരീക്ഷണത്തിനായി നിയോഗിക്കും. ഇവർക്ക് വാഹനസൗകര്യം നൽകുമെന്നും റെയിഞ്ചർ അറിയിച്ചു.
കഴിഞ്ഞ രാത്രി വട്ടനാൽ പുഷ്പന്റെ കൃഷിയിടത്തിലെ നിരവധി കമുകുകൾ ആന നശിപ്പിച്ചു. കുളത്തിൽ വലയിൽ സൂക്ഷിച്ചിരുന്ന മത്സ്യക്കുഞ്ഞുങ്ങളെയും കൊന്നു. വല കരയിലേക്ക് വലിച്ചിടുകയായിരുന്നു. കഴിഞ്ഞ പത്തു ദിവസവും തന്റെ കൃഷിയിടത്തിൽ ആനയെത്തിയെന്ന് പുഷ്പൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |