SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.53 PM IST

കോടികൾ മുടക്കി പുത്തൻ ആശുപത്രി തയ്യാർ, എന്നിട്ടും പഴയ പൊളിഞ്ഞ കെട്ടിടത്തിൽ പ്രവർത്തനം, പരിശോധന നടത്തും

Increase Font Size Decrease Font Size Print Page
hospital

തിരുവനന്തപുരം : കോടികൾ മുടക്കി നിർമ്മിച്ച പാറശാല താലൂക്ക് ആശുപത്രിയിലെ മൾട്ടി സ്‌പെഷ്യാലിറ്റി കെട്ടിടം അടഞ്ഞുകിടക്കുമ്പോൾ

അടിസ്ഥാന സൗകര്യം തീരെയില്ലാത്ത പഴയ ആശുപത്രി കെട്ടിടത്തിൽ പരാധീനതകൾക്ക് നടുവിൽ താലൂക്ക് ആശുപത്രി പ്രവർത്തിക്കുകയാണെന്ന പരാതിയിൽ ആരോഗ്യവകുപ്പ് അഡീഷണൽ ഡപ്യൂട്ടി ഡയറക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും സംയുക്ത പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.

ഒൻപത് ചോദ്യങ്ങൾക്ക് അധികൃതർ മറുപടി സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ട്രോമാകെയർ, 3 ഓപ്പറേഷൻ തീയേറ്ററുകൾ, ദിനംപ്രതി 40 ഡയാലിസിസുകൾ നടത്താവുന്ന ഡയാലിസിസ് യൂണിറ്റ്, ഐ.സി.യു, ആധുനിക ലബോറട്ടറി, സ്‌കാനിംഗ് സെന്റർ, ഫാർമസി എന്നിവ പുതിയ കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ടോ ? ഉണ്ടെങ്കിൽ അവ ഉപയോഗിക്കുന്നുണ്ടോ ? ഇല്ലെങ്കിൽ എന്തു കൊണ്ട് ?

പുതിയ കെട്ടിടത്തിന് വേണ്ടി കട്ടിലുകളും കിടക്കകളും വാങ്ങിയിട്ടുണ്ടോ? എന്നിട്ടും രോഗികൾക്ക് തറയിൽ കിക്കേണ്ട ഗതികേടുണ്ടോ? ഉണ്ടെങ്കിൽ പുതിയ കിടക്കകൾ ഉപയോഗിക്കാത്തതിന്റെ കാരണം?

ഇലക്ട്രിക്കൽ, പ്ലമ്പിംഗ്, മരാമത്ത് ജോലികൾ ബാക്കിയുണ്ടോ? ഉണ്ടെങ്കിൽ കാലതാമസത്തിനുള്ള കാരണം? ജോലികൾ എന്ന് പൂർത്തിയാക്കും?

3 ഓപ്പറേഷൻ തീയേറ്ററുകൾ പ്രവർത്തനക്ഷമമാണോ ? ഇല്ലെങ്കിൽ എന്തുകൊണ്ട് ? എന്ന് പ്രവർത്തനക്ഷമമാകും?

പുതിയ കെട്ടിടത്തിൽ കെ.എസ്.ഇ.ബി. കണക്ഷൻ നൽകിയിട്ടുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട്? കണക്ഷൻ നൽകിയിട്ടില്ലെങ്കിൽ സൂപ്രണ്ടിംഗ് എഞ്ചിനീയസൂപ്രണ്ടിംഗ് എഞ്ചിനീയർ/എക്സിക്യൂട്ടീവ് എഞ്ചിനീയർ തലത്തിൽ ഇക്കാര്യം പരിശോധിച്ച് പരിഹാര മാർഗങ്ങൾ അടിയന്തരമായി സ്വീകരിക്കണം.ഒ.പി. വിഭാഗം പ്രവർത്തിക്കുന്നത് ഏതു കെട്ടിടത്തിലാണ് ? ഒ. പി. ടിക്കറ്റെടുക്കാൻ നീണ്ട ക്യൂ ഉണ്ടാവുന്നുണ്ടെങ്കിൽ അത് അടിയന്തരമായി പരിഹരിക്കണം.

എത്ര ആംബുലൻസുകൾ ആശുപത്രിയിലുണ്ട്? ഏതെങ്കിലും ആമ്പുലൻസ് വർക്ക് ഷോപ്പിലാണോ? എല്ലാ ആംബുലൻസുകളും പ്രവർത്തനസജ്ജമാക്കാൻ അടിയന്തര നടപടി സ്വീകരിക്കേണ്ടതാണ്.

മൾട്ടി സ്‌പെഷ്യാലിറ്റി വിഭാഗം പ്രവർത്തിക്കാനാവശ്യമായ ഡോക്ടർമാർ, നേഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ എണ്ണം? എത്ര തസ്തികകൾ നിലവിലുണ്ട് ? ഇതിൽ ഒഴിവുകളെത്ര? ഒഴിവുകൾ നികത്താത്തതിന്റെ കാരണം?

മൾട്ടി സ്‌പെഷ്യാലിറ്റി വിഭാഗം പ്രവർത്തന സജ്ജമാക്കാനുള്ള മറ്റ് പരിഹാരമാർഗ്ഗങ്ങൾ?

ഒൻപത് ചോദ്യങ്ങൾക്കും ക്യത്യമായ മറുപടി അടങ്ങിയ വിശദമായ റിപ്പോർട്ട് ഡി.എച്ച്.എസും ഡി.എം.ഒയും ഒരു മാസത്തിനകം കമ്മീഷൻ ഓഫീസിൽ സമർപ്പിക്കണം ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി/പ്രിൻസിപ്പൽ സെക്രട്ടറിയും വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. കെ.എസ്.ഇ.ബി. എക്സിക്യൂട്ടീവ് എഞ്ചിനീയറും (തിരുവനന്തപുരം പവർഹൌസ്) ആശുപത്രി സൂപ്രണ്ടും ഒരു മാസത്തിനകം പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.

ഡി.എച്ച്.എസിനെ പ്രതിനിധീകരിച്ച് മുതിർന്ന ഉദ്യോഗസ്ഥൻ, ഡപ്യൂട്ടി ഡി.എം.ഒ., ആശുപത്രി സൂപ്രണ്ടിന്റെ പ്രതിനിധി, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (കെ.എസ്.ഇ.ബി.) പ്രതിനിധി എന്നിവർ മാർച്ച് 23 ന് രാവിലെ 10 ന് മനുഷ്യാവകാശ കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.

TAGS: LOCAL NEWS, THIRUVANANTHAPURAM, HOSPITAL, WORKING, HUMANRIGHTS COMMISSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY