
മാന്നാർ: വഴിയോരങ്ങളിൽ മാലിന്യം തള്ളുന്നത് വ്യാപകമായതോടെ ഇതിനെതിരെ കർശന നടപടികളുമായി മാന്നാർ ഗ്രാമപഞ്ചായത്ത്. 'മാലിന്യമുക്ത മാന്നാർ' പദ്ധതിയുടെ ഭാഗമായി ബസ് സ്റ്റാൻഡ് റോഡിലും പരിസരങ്ങളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.
മാലിന്യ നിക്ഷേപം മൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്ന മാന്നാർ പഞ്ചായത്ത് ബസ് സ്റ്റാന്റിന് തെക്കോട്ട് മഹാരാജാ പാലസ് റോഡിൽ ക്യാമറകൾ സ്ഥാപിച്ച് ആദ്യ ഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ റോഡിന്റെ ഇരുവശങ്ങളിലും സമീപത്തെ ആൾപ്പാർപ്പില്ലാത്ത പറമ്പുകളിലും മാലിന്യനിക്ഷേപം വർദ്ധിച്ചതോടെ ഇതു വഴിയുള്ള യാത്ര ദുസ്സഹമായിരുന്നു. പുതിയ പഞ്ചായത്ത് ഭരണ സമിതി നിലവിൽ വന്ന ശേഷം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ സ്ഥലം സന്ദർശിച്ചതിനെ തുടർന്നാണ് മാലിന്യ നിക്ഷേപത്തിനെതിരെ കർശന നടപടികളുടെ ഭാഗമായി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ബി.കെ.പ്രസാദ്, വൈസ് പ്രസിഡന്റ് ലത.പി.എ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ടൈറ്റസ് പി.കുര്യൻ, പുഷ്പ സുനിൽ, എസ്.ചന്ദ്രകുമാർ, വാർഡ് മെമ്പർ ശാന്തിനി ബാലകൃഷ്ണൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ലേഖനകുമാരി, ചാക്കോ കയ്യത്ര, പ്രീത, ശിവകുമാർ കെ.എം, സുശീല കുമാരി, ശോഭന സന്തോഷ്, സേതു ലക്ഷ്മി എന്നിവർ ക്യാമറ സ്ഥാപിച്ച സ്ഥലം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.
ക്യാമറ സ്ഥാപിച്ച് പഞ്ചായത്ത്
1. കഴിഞ്ഞ ദിവസം ജെ.സി.ബി ഉപയോഗിച്ച് ബസ് സ്റ്റാൻഡ് റോഡരികിലെ മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്തിരുന്നു. തുടർന്നാണ് ക്യാമറകൾ സ്ഥാപിച്ചത്.
2. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരുടെ മൊബൈൽ ഫോണുകളിലേക്ക് നിരീക്ഷണ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ തത്സമയമെത്തും
3. പ്രധാന റോഡുകളുടെയും ഇടവഴികളുടെയും ഓരങ്ങളിൽ മാലിന്യ നിക്ഷേപംവർദ്ധിച്ചതോടെയാണ് ക്യാമറ സ്ഥാപിക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്
കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി കൈക്കൊള്ളും. കൂടുതൽ സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും
- ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.കെ.പ്രസാദ്, സെക്രട്ടറി മധു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |