SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.43 PM IST

രാത്രി നഗരത്തിലെത്തിയാൽ തപ്പിതടയും, ഇനിയും തെളിയാതെ വഴിവിളക്കുകൾ

Increase Font Size Decrease Font Size Print Page
streetlight

തൊടുപുഴ: രാത്രിയിൽ ഒരാവശ്യവുമായി നഗരത്തിലെത്തുന്നവരിൽ ഭീതി ഉണർത്തി നിശ്ചലമായ തെരുവ് വിളക്കുകൾ. വഴിവിളക്കുകൾ തെളിയാത്തതിനാൽ നഗരത്തിലെ പലയിടങ്ങളും ഇരുട്ടിലായി. വ്യാപാരസ്ഥാപനങ്ങളിലെയും പാതയോരങ്ങളിലെ കെട്ടിടങ്ങളിൽ നിന്നുമുള്ള വെളിച്ചമാണ് യാത്രക്കാർക്ക് അൽപ്പമെങ്കിലും ആശ്വാസം നൽകുന്നത്. ഏറ്റവും അധികം തിരക്കുള്ള വെങ്ങല്ലൂർ- മങ്ങാട്ടുകവല നാലുവരിപ്പാത ഇരുട്ടിലായിട്ട് മാസങ്ങളായി. ഷാപ്പുംപടി ജംഗ്ഷൻ മുതൽ പെരുമ്പിള്ളിച്ചിറയിലേക്ക് പോകുന്നത് വരെയുള്ള ഭാഗത്തെ മിക്ക വഴിവിളക്കുകളും പ്രകാശിക്കുന്നില്ല. രാത്രിയായാൽ ഇതുവഴിയുള്ള കാൽനട യാത്ര പോലും അസാദ്ധ്യമാണ്. കൂരിരുട്ടിൽ നടന്നാൽ അപകടം പിന്നാലെയുണ്ടെന്ന് ഉറപ്പ്. റോഡിന്റെ ഇരുഭാഗങ്ങളിലായുള്ള വ്യാപാര സ്ഥാപന ങ്ങളിലെയും നിരത്തിലോടുന്ന വാഹനങ്ങളുടെ വെളിച്ചവുമാണ് കാൽനടയാത്രക്കാർക്ക് ഏക ആശ്രയം. തിരക്കേറിയ പാതയിൽ സായാഹ്നം മുതൽ ഇരുഭാഗത്തേക്കും ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്നതിനാൽ റോഡ് ഇരുട്ടിലാണെന്ന് അത്ര പെട്ടെന്ന് തോന്നില്ല. എന്നാൽ തിരക്കൊഴിഞ്ഞ് വെളിച്ചം കുറയുന്നതോടെ റോഡ് ഇരുട്ടുമൂടാൻ തുടങ്ങും. പെരുമ്പിള്ളിച്ചിറയിലേക്ക് തിരിയുന്ന ജംഗ്ഷനിൽ വലിയ ഹൈമാസ്റ്റ് ലൈറ്റ് ഉള്ളതാണ് ഏക ആശ്വാസം.

മാർക്കറ്റ് റോഡും ഇരുട്ടിൽ

തൊടുപുഴ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ മാർക്കറ്റ് റോഡിൽ വഴിവിളക്കുകൾ കൃത്യമായി പ്രകാശിക്കാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ചുരുക്കം ചില വിളക്കുകൾ മാത്രമാണിവിടെ തെളിയുന്നത്. രാത്രിയായാൽ ഇവിടെയും സമീപ സ്ഥാപനങ്ങളിലെയും വാഹനങ്ങളുടെയും വെളിച്ചം മാത്രമാണ് ആശ്രയം. റോഡിൽ ഇരുട്ടായതിനാൽ സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടാകുമോയെന്ന ആശങ്കയിലാണ് പലരും സഞ്ചരിക്കുന്നത് തന്നെ. നഗരത്തിൽ പലയിടങ്ങളിലും സമാനഅവസ്ഥയാണ്.

ബസ് സ്റ്റോപ്പിലും

കൂരിരുട്ട്

നഗരസഭയോട് ചേർന്നുള്ള പഞ്ചായത്തുകളിലും സമാന പ്രശ്നങ്ങളുണ്ട്. കരിങ്കുന്നം പഞ്ചായത്തിൽ ടൗണിൽ പലയിടത്തും വഴിവിളക്കുകൾ പ്രകാശിക്കുന്നില്ല. ബസ് സ്റ്റോപ്പിലടക്കം വെളിച്ചമില്ലാത്തതിനാൽ സന്ധ്യാസമയങ്ങളിൽ യാത്രക്കാർ ഇരുട്ടിൽ തപ്പിയാണ് വാഹനത്തിൽ കയറുന്നത്. പല ഇടറോഡുകളിലും സമാന പ്രശ്നമുണ്ട്. കരിമണ്ണൂർ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഞറുക്കുറ്റി- ഏഴുമുട്ടം റോഡിലും സ്ട്രീറ്റ് ലൈറ്റുകൾ പണിമുടക്കിലാണ്.

'' നഗരസഭയിലെ മുഴുവൻ വാർഡുകളിലെയും കേടായ തെരുവുവിളക്കുകൾ ഉടൻ പ്രകാശിപ്പിക്കും. പല വാർഡുകളിലും അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ് "

-സാബിറാ ജലീൽ ( നഗരസഭ ചെയർപേഴ്സൺ)

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY