പുനലൂർ : കഠിനമായ വേനലിൽ കാർഷിക മേഖലയെ സഹായിക്കാൻ കല്ലട ജലസേചന പദ്ധതിയുടെ കനാലുകൾ തുറന്നെങ്കിലും, ജലം കൃത്യമായി ലഭിക്കുന്നില്ലെന്ന് പരാതി. കനാൽ തകർച്ചയും ചോർച്ചയും കാരണം പലയിടങ്ങളിലും ജലസേചനം തടസപ്പെട്ടിരിക്കുകയാണ്.
ഇടതുകര കനാൽ തുറക്കുന്നത് ഫെബ്രുവരിയിൽ
ഇടതുകര കനാലിലെ മൂലക്കയം ഭാഗത്ത് കനാൽ തകർന്നതിനെ തുടർന്ന് നിലവിൽ ജലസേചനം പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്. അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കി ഫെബ്രുവരി ആദ്യവാരത്തോടെ ജലവിതരണം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കരവാളൂർ മുതൽ ഇളമ്പള്ളൂർ വരെ നീളുന്ന വിശാലമായ പ്രദേശങ്ങളിലെ കൃഷിയെയാണ് ഇത് ബാധിച്ചിരിക്കുന്നത്. 59 കിലോമീറ്റർ നീളത്തിലാണ് ഇടതുകര കനാൽ വ്യാപിച്ചു കിടക്കുന്നത്.
തകർന്നു വീഴുന്ന കനാൽ ശൃംഖല
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി 911.889 കിലോമീറ്റർ നീളമുള്ളതാണ് കെ.ഐ.പി കനാൽ ശൃംഖല. തെന്മല പരപ്പാർ അണക്കെട്ടിൽ നിന്ന് ഒറ്റക്കല്ലിലെ തടയണ വഴിയാണ് ജലം തിരിച്ചുവിടുന്നത്. എന്നാൽ നിർമ്മാണം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും കൃത്യമായ അറ്റകുറ്റപ്പണികൾ നടക്കാത്തത് ജലനഷ്ടത്തിന് കാരണമാകുന്നു. അക്വഡേറ്റുകളിലെ ചോർച്ചയും കനാൽ ഭിത്തികളുടെ തകർച്ചയും മൂലം വലിയ തോതിൽ ജലം പാഴാകുകയാണ്. ഇതിനാൽ സബ് കനാലുകൾ വഴിയുള്ള ജലവിതരണം അവതാളത്തിലാകാൻ സാദ്ധ്യതയുണ്ട്.
തൊഴിലുറപ്പ് നിയമങ്ങൾ വിലങ്ങുതടി
മുമ്പ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു കനാൽ വൃത്തിയാക്കൽ നടത്തിയിരുന്നത്. എന്നാൽ, ആവർത്തന സ്വഭാവമുള്ള ജോലികളും ഭൂവികസന പ്രവർത്തനങ്ങളും തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കരുതെന്ന കേന്ദ്ര സർക്കാരിന്റെ വാർഷിക മാസ്റ്റർ സർക്കുലർ വലിയ തിരിച്ചടിയായി. കനാൽ വൃത്തിയാക്കാൻ മറ്റു ഫണ്ടുകൾ ലഭ്യമല്ലാത്തത് വേനൽക്കാലത്ത് കർഷകർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |