
ന്യൂഡൽഹി: അജിത് പവാർ സഞ്ചരിച്ച വിമാനം തകർന്നുവീഴുന്നതിനു തൊട്ടുമുൻപ് കോക്പിറ്റിൽ നിന്ന് ഉയർന്ന അവസാന വാക്ക് 'ഓ ഷിറ്റ്'. ഡയറക്‌ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷനും (ഡി.ജി.സി.എ), എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും അന്വേഷണം തുടരുന്നതിനിടെയാണ് വിവരം പുറത്തുവന്നത്. അജിത്തും കോക്പിറ്റിലുണ്ടായിരുന്ന പൈലറ്റ് സുമിത് കപൂർ, സഹപൈലറ്റ് സാംഭവി പഥക് എന്നിവരും അടക്കം 5 പേരാണ് തത്ക്ഷണം മരിച്ചത്. മേഖലയിൽ നിന്ന് കണ്ടെടുത്ത കോക്പിറ്റ് വോയ്സ് റെക്കോർഡർ, ഫ്ലൈറ്റ് ഡേറ്ര റെക്കോർഡർ എന്നിവയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണസംഘം. പുനെ പൊലീസും അന്വേഷണം ഊർജ്ജിതമാക്കി. ലിയർജെറ്ര് 45 എക്‌സ്.ആർ സ്വകാര്യ ചാർട്ടർ വിമാനം ബുധനാഴ്ച രാവിലെ 08.44നാണ് ബാരാമതി എയർട്രിപ്പിലെ റൺവേ 11ന് തൊട്ടരികിൽ ഉഗ്രശബ്‌ദത്തോടെ പൊട്ടിത്തെറിച്ച് തീപിടിച്ചത്. ആദ്യതവണ ലാൻഡിംഗിന് ശ്രമിച്ച് പരാജയപ്പെട്ട് രണ്ടാമത് ശ്രമിച്ചപ്പോഴാണിത്. അപകടത്തിൽ 'ഇന്ത്യ' സഖ്യ നേതാക്കൾ ദുരൂഹത ആരോപിച്ചെങ്കിലും, അപകടം മാത്രമാണെന്ന നിലപാടാണ് എൻ.സി.പി നേതാവ് ശരദ് പവാർ സ്വീകരിച്ചത്. അന്വേഷണം സുതാര്യമായും, സമഗ്രമായും, വേഗത്തിലും നടത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹൻ നായിഡു കിൻജരാപു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന് കത്തെഴുതി. അതേസമയം, വിമാനത്തിന് നിയന്ത്രണം നഷ്‌ടപ്പെട്ടിരുന്നുവെന്ന് വ്യക്തമാകുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |