കോട്ടയം: വീട്ടിൽ വാങ്ങി വച്ച മദ്യം കുടിച്ച് തീർക്കുകയും, പകരമായി ആവശ്യപ്പെട്ട പണം നൽകാതിരിക്കുകയും ചെയ്ത സഹോദരനെ കോടാലിയ്ക്ക് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും, രണ്ട് ലക്ഷം രൂപ പിഴയും. എലിക്കുളം ആളുറുമ്പ് പടിഞ്ഞാറ്റമല ഭാഗത്ത് ചിറ്റക്കാട്ട് വീട്ടിൽ മാത്യുവിനെയാണ് (57) കോട്ടയം അഡീഷണൽ ജില്ലാ കോടതി ജഡ്ജി കെ.ലില്ലി ശിക്ഷിച്ചത്. 2016 ആഗസ്റ്റ് 19നായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതി വീട്ടിൽ വാങ്ങി സൂക്ഷിച്ച മദ്യം സഹോദരൻ എടുത്തു കഴിച്ചു. ഇതിന് പകരമായി ആയിരം രൂപ നൽകണമെന്ന് പ്രതി സഹോദരനോട് ആവശ്യപ്പെട്ടു. ഇത് നൽകാൻ സഹോദരൻ വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റവും തർക്കവും ഉണ്ടായി. തുടർന്ന് തന്റെ കൈവശമുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് പ്രതി സഹോദരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. പൊൻകുന്നം പൊലീസ് സ്റ്റേഷൻ എസ്.ഐയായിരുന്ന കെ.അഭിലാഷ് രജിസ്റ്റർ ചെയ്ത കേസിൽ പൊൻകുന്നം എസ്.എച്ച്.ഒ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഇൻസ്‌പെക്ടർ സുബ്രഹ്മണ്യൻ പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ.മീരാ രാധാകൃഷ്ണൻ, അഡ്വ.വി.എസ് അർജ്ജുൻ എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |