
ന്യൂഡൽഹി: പാർട്ടിക്ക് നിലപാടുള്ള വിഷയത്തിൽ വേറെ അഭിപ്രായം പറയാറില്ലെന്നും ചില വിഷയങ്ങളിൽ വ്യക്തിപരമായ അഭിപ്രായമാണ് പറയുന്നതെന്നും കോൺഗ്രസ് എംപി ശശി തരൂർ. പാർട്ടിയുടെ അഭിപ്രായം വക്താവിനോട് ചോദിക്കണമെന്നും ഇത് തന്റെ അഭിപ്രായമാണെന്ന് വ്യക്തമാക്കാറുണ്ടെന്നും തരൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉത്തരം പറയാതിരിക്കുന്നതാണ് ഭേദമെങ്കിൽ അങ്ങനെ ചെയ്യാമെന്നും തരൂർ വ്യക്തമാക്കി.
'വികസന കാര്യങ്ങളിൽ നല്ല കാര്യങ്ങൾ കാണുമ്പോൾ അത് ചൂണ്ടിക്കാട്ടാറുണ്ട്. രാഹുൽ ഗാന്ധി എതിര് പറയുന്ന ഒരു കാര്യത്തെയും ഞാൻ അംഗീകരിച്ചിട്ടില്ല. അദ്ദേഹം ആത്മാർത്ഥമായി നിൽക്കുന്ന നേതാവാണ്. രാജ്യത്തിനുവേണ്ടി ശക്തമായ സ്വരമുയർത്തുന്നയാളാണ്. വർഗീയത, ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം എന്നിവയ്ക്കെതിരായി സംസാരിക്കുന്നയാളായാണ് രാഹുൽ ഗാന്ധിയെ എല്ലാവരും കാണുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നത്. ഇതിലെനിക്ക് രണ്ടഭിപ്രായമില്ല. എന്നാൽ ചില വിഷയങ്ങളിൽ ഞാൻ എടുത്ത സ്റ്റാൻഡ് പ്രോ-ബിജെപിയായി നിങ്ങൾ കണ്ടു. എന്നാൽ പ്രോ-ഗവൺമെന്റ്, പ്രോ- ഇന്ത്യ എന്നിങ്ങനെയാണ് ഞാൻ കണ്ടത്.
അന്താരാഷ്ട്ര കാര്യങ്ങളിൽ രാഷ്ട്രീയം പറയാനല്ല, രാഷ്ട്രത്തിനുവേണ്ടി സംസാരിക്കാനാണ് ആഗ്രഹം. ആദ്യത്തെ തിരഞ്ഞെടുപ്പ് മുതൽതന്നെ ഇക്കാര്യം ഞാൻ പറയുന്നുണ്ട്. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് ശ്രീനാരായണ ഗുരു പറയുന്നതുപോലെ രാഷ്ട്രീയമേതായാലും രാഷ്ട്രം നന്നായാൽ മതി. പാർലമെന്റിൽ എപ്പോഴും പാർട്ടിയുടെ സ്റ്റാൻഡിനൊപ്പം നിൽക്കും. ഞാൻ എവിടേക്കും പോകുന്നില്ല. കോൺഗ്രസിൽ തന്നെയാണുള്ളത്. തിരഞ്ഞെടുപ്പിൽ സജീവമായി ഉണ്ടാകും. യുഡിഎഫിന്റെ വിജയത്തിനായി പ്രവർത്തിക്കും. എന്നോട് മാത്രമെന്തിനാണ് പാർട്ടി മാറുമോയെന്ന് ചോദിക്കുന്നത്? എനിക്കെന്താണ് കുഴപ്പം?'-തരൂർ നിലപാട് വ്യക്തമാക്കിക്കൊണ്ട് ചോദിച്ചു.
കൊച്ചിയിൽ നടന്ന 'മഹാപഞ്ചായത്ത്' വേദിയിലെ അവഗണനയെച്ചൊല്ലി ഇടഞ്ഞു നിന്ന ശശി തരൂരുമായി ചർച്ച നടത്തിയ കോൺഗ്രസ് നേതൃത്വം കഴിഞ്ഞദിവസം തർക്കം പരിഹരിച്ചിരുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ഡൽഹിയിൽ നടത്തിയ രണ്ടു മണിക്കൂർ ചർച്ചയിലാണ് മഞ്ഞുരുകിയത്. നേതാക്കളുമായി ക്രിയാത്മക ചർച്ച നടത്തിയെന്നും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുമെന്നും ശശി തരൂർ വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |