
ന്യൂഡൽഹി: മനുഷ്യർ തമ്മിലുള്ള പരസ്പര ബഹുമാനവും പൊതുമുതലിനോടുള്ള ഉത്തരവാദിത്തവുമാണ് സമൂഹത്തിന്റെ സാംസ്‌കാരിക ഔന്നത്യം നിശ്ചയിക്കുന്നത്. ഇതിനെ 'പൗരബോധം' അഥവാ 'സിവിക് സെൻസ്' എന്നാണ് പറയുന്നത്. സ്വന്തം വീടിന്റെ മതിൽക്കെട്ടിനുള്ളിൽ അച്ചടക്കം പാലിക്കുന്നവർ പൊതുഇടങ്ങളിൽ ഇറങ്ങുമ്പോൾ പലപ്പോഴും അക്കാര്യം മറന്നുപോകുന്നു.
പൊതുഗതാഗത സംവിധാനങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ യാത്ര ചെയ്യുക, അനാവശ്യമായി ശബ്ദമുണ്ടാക്കാതിരിക്കുക, പൊതുസ്വത്ത് നശിപ്പിക്കാതിരിക്കുക എന്നിവയൊക്കെ കേവലം നിയമങ്ങളല്ല, മറിച്ച് ഒരു വ്യക്തി പാലിക്കേണ്ട അടിസ്ഥാന മര്യാദകളാണ്. പുതിയ തലമുറയ്ക്ക് അറിവ് പകർന്നു നൽകുന്നതിനോടൊപ്പം മറ്റുള്ളവരെ മാനിക്കാനുള്ള പൗരബോധം കൂടി പകർന്നു നൽകേണ്ടതുണ്ട്.
അത്തരത്തിൽ ട്രെയിനിൽ മറ്റുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തീരെ പൗരബോധമില്ലാതെ പെരുമാറുന്ന രണ്ട് കുട്ടികളുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വിവാദമാകുന്നത്. രണ്ട് ആൺകുട്ടികൾ സീറ്റിന് മുകളിലുള്ള റീഡിംഗ് ലൈറ്റുകൾ തുടർച്ചയായി ഓൺ ചെയ്യുകയും ഓഫ് ചെയ്യുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കുട്ടികൾ ഇത് കളിയായി ചെയ്യുമ്പോൾ, അവരെ തടയാനോ ഉപദേശിക്കാനോ മുതിർന്നവർ ആരും മുന്നോട്ട് വന്നില്ലെന്ന കാര്യമാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കളെ ചൊടിപ്പിച്ചത്.
'മാതാപിതാക്കളോടാണ്, കുട്ടികളെ പൊതുസ്ഥലങ്ങളിലേക്ക് കൊണ്ടുവരുന്നതിന് മുൻപ് അവർക്ക് അടിസ്ഥാനപരമായ പൗരബോധം കൂടി പഠിപ്പിച്ചു കൊടുക്കുക.' - ദൃശ്യങ്ങൾക്കൊപ്പം പങ്കുവച്ച കുറിപ്പിൽ പറയുന്നു. ട്രെയിൻസ് ഓഫ് ഇന്ത്യ എന്ന എക്സ് പേജിലൂടെയാണ് 14 സെക്കൻഡുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കുട്ടികൾക്ക് വീട്ടിൽ നിന്നും സ്കൂളിൽ നിന്നും ലഭിക്കേണ്ട ഗുണപാഠങ്ങളുടെ കുറവാണ് ഇത്തരം പ്രവൃത്തികൾക്ക് കാരണമെന്ന് പലരും അഭിപ്രായപ്പെട്ടു. പണ്ട് സ്കൂളുകളിൽ ഉണ്ടായിരുന്ന മോറൽ സയൻസിന്റെ ക്ലാസുകൾ വീണ്ടും കൊണ്ടുവരണമെന്ന് ഒരു കൂട്ടർ വാദിച്ചു. മാതാപിതാക്കൾ റീൽസ് ചിത്രീകരിക്കുന്ന തിരക്കിലായതിനാലാണ് മക്കളുടെ ഇത്തരം പെരുമാറ്റം ശ്രദ്ധിക്കാത്തതെന്ന് ചിലർ പരിഹസിച്ചു.
സ്വന്തം വീട്ടിലോ ബന്ധുവീടുകളിലോ കുട്ടികൾ ഇങ്ങനെ ചെയ്താൽ ഉടൻ തിരുത്തുന്ന മാതാപിതാക്കൾ, പൊതുമുതലിന്റെ കാര്യത്തിൽ മൗനം പാലിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് ഉയരുന്ന പ്രധാന വിമർശനം. എന്നാൽ എല്ലാ വിമർശനങ്ങളോടും എല്ലാവരും യോജിക്കുന്നില്ല. കുട്ടികളെ സൈബർ ഇടങ്ങളിൽ അവഹേളിക്കുന്നത് ശരിയല്ലെന്നും, അവരുടെ കുസൃതികളെ പൗരബോധത്തിന്റെ കുറവായി ചിത്രീകരിച്ച് വിമർശിക്കുന്നത് കൂടിപോയില്ലേയെന്നും ചിലർ അഭിപ്രായപ്പെട്ടു. അതേസമയം ഇന്നത്തെ തലമുറയിലുള്ള കുട്ടികളെ നിയന്ത്രിക്കുക മാതാപിതാക്കൾക്ക് വെല്ലുവിളി നിറഞ്ഞതാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |