
ടെഹ്റാൻ: ലോകം മുഴുവനും ചോദിക്കുന്നത് ഒരേയൊരു ചോദ്യമാണ്. ഡൊണാൾഡ് ട്രംപ് ഇറാനെ ആക്രമിക്കുമോ? ഇറാനുമായുള്ള ബന്ധത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് നൽകുന്ന സമ്മിശ്ര സൂചനകൾ ലോകത്തെ മുൾമുനയിൽ നിർത്തുകയാണ്. ഒരു വശത്ത് ചർച്ചയ്ക്കുള്ള സന്നദ്ധത പ്രകടിപ്പിക്കുമ്പോൾ, മറുവശത്ത് വമ്പൻ നാവികവ്യൂഹത്തെ ഇറാൻ തീരത്തേക്ക് നിയോഗിച്ചിരിക്കുകയാണ് ട്രംപ്.
ഇറാനിലെ ആണവമിസൈൽ കേന്ദ്രങ്ങളെ തകർക്കാനും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ അധികാരം ദുർബലപ്പെടുത്താനുമുള്ള വിപുലമായ സൈനിക പദ്ധതികളാണ് ട്രംപിനു മുന്നിലുള്ളത്. ഇറാന്റെ ഉള്ളിലേക്ക് കടന്നുകയറി ആക്രമണം നടത്താനുള്ള കടുത്ത നടപടികൾ ഇതിൽ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ.
'ഒരു വമ്പൻ കപ്പൽ വ്യൂഹം ഇറാനിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അവ വേഗതയിലും കരുത്തിലും ലക്ഷ്യത്തിൽ എത്തുന്ന കാര്യത്തിൽ വളരെ മുന്നിലാണ്. ആവശ്യമെങ്കിൽ ആക്രമണത്തിലൂടെ പെട്ടെന്ന് ദൗത്യം പൂർത്തിയാക്കാനും സജ്ജമാണ്.' ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഇറാന്റെ പക്കലുള്ള 'ബദൽ മാർഗങ്ങൾ'
സൈനിക കരുത്തിൽ അമേരിക്കയെ വെല്ലാൻ ഇറാനാകില്ലെങ്കിലും, പശ്ചിമേഷ്യയെ തകർക്കാൻ ശേഷിയുള്ള പ്രതിരോധ സംവിധാനങ്ങളാണ് അവരുടെ പക്കലുള്ളത്. ആയിരക്കണക്കിന് ബാലിസ്റ്റിക് മിസൈലുകളും ചാവേർ ഡ്രോണുകളും ഇറാനുണ്ട്. കഴിഞ്ഞ വർഷം 12 ദിവസം ഇസ്രായേലിനെതിരെ നടന്ന യുദ്ധത്തിൽ ഇവയുടെ പ്രഹരശേഷി ലോകം കണ്ടതാണ്. പശ്ചിമേഷ്യയിലെ വിവിധ ബേസുകളിലായി വിന്യസിച്ചിട്ടുള്ള 40,000 ഓളം അമേരിക്കൻ സൈനികർക്ക് ഇറാന്റെ മിസൈലുകൾ വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
തങ്ങളെ ആക്രമിച്ചാൽ തിരിച്ചടിക്കുക ഇസ്രായേലിനെ ആയിരിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടെൽ അവീവിന്റെ ഹൃദയഭാഗത്ത് ആക്രമണം നടത്തുമെന്നാണ് ഇറാന്റെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചത്. കൂടാതെ ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ അമേരിക്കൻ താവളങ്ങളും ഇറാന്റെ പരിധിയിൽപ്പെടുന്നവയാണ്.

ലെബനനിലെ ഹിസ്ബുള്ള, ഗാസയിലെ ഹമാസ്, യെമനിലെ ഹൂതികൾ തുടങ്ങിയ ഇറാൻ അനുകൂല സായുധ സംഘങ്ങൾ അമേരിക്കയ്‌ക്കെതിരെ ആഗോള യുദ്ധത്തിന് തയ്യാറെടുക്കാൻ ആഹ്വാനം നൽകിക്കഴിഞ്ഞു. എങ്കിലും ഇസ്രായേലുമായുള്ള യുദ്ധത്തിൽ ഹിസ്ബുള്ളയ്ക്കും ഹൂതികൾക്കുമേറ്റ തിരിച്ചടികൾ ഈ നീക്കത്തിന് തടസമായേക്കാം. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ 20-25 ശതമാനം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ മൈനുകൾ വിന്യസിച്ച് ചരക്കുനീക്കം തടയാൻ ഇറാന് സാധിക്കും. ഇത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാനും ലോക സമ്പദ് വ്യവസ്ഥ തകരാനും കാരണമാകും.

2015ലെ ആണവ കരാറിൽ നിന്ന് ട്രംപ് ഏകപക്ഷീയമായി പിന്മാറിയത് ഇറാൻ മറന്നിട്ടില്ല. അതിനാൽ അമേരിക്കയെ വിശ്വസിക്കാൻ അവർ തയ്യാറല്ല. സ്വന്തം ആണവമിസൈൽ പദ്ധതികൾ ഉപേക്ഷിച്ചുകൊണ്ട് ഒരു ഒത്തുതീർപ്പിന് ആയത്തുള്ള ഖമനേയി തയ്യാറാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ട്രംപിന്റെ ആവശ്യങ്ങൾക്ക് മുൻപിൽ കീഴടങ്ങിയാൽ ഇറാൻ ദുർബല രാജ്യമായി മാറും. എന്നാൽ സൈനികമായി തിരിച്ചടിച്ചാൽ അതിലൂടെ ഇറാന്റെ സമ്പൂർണ തകർച്ചയ്ക്കും വഴിതെളിച്ചേക്കാം. ട്രംപിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നാണ് ലോകം ഇപ്പോൾ കാത്തിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |