
ടെഹ്റാൻ: തങ്ങളെ ഉന്നംവച്ച് പടനീക്കം ശക്തമാക്കിയ യു.എസിന് മുന്നറിയിപ്പുമായി ഇറാൻ. ആക്രമിച്ചാൽ പരിധികളില്ലാത്ത പ്രത്യാക്രമണത്തിന് യു.എസ് സാക്ഷിയാകേണ്ടി വരുമെന്ന് പറഞ്ഞ ഇറാൻ, മേഖലയിലുള്ള യു.എസിന്റെ വിമാനവാഹിനി കപ്പലുകളെയും സൈനിക ബേസുകളെയും തകർക്കുമെന്ന് മുന്നറിയിപ്പ് നൽകി.
ഇറാൻ യു.എസുമായി ഉടൻ ആണവ കരാറിലെത്തണമെന്നും സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണെന്നുമുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് മുന്നറിയിപ്പ്. രാജ്യത്തെ പ്രബലരായ സായുധ സേനാ വിഭാഗമായ റെവല്യൂഷണറി ഗാർഡിനെ യൂറോപ്യൻ യൂണിയൻ (ഇ.യു) ഭീകര സംഘടനയായി പ്രഖ്യാപിച്ചതും ഇറാനെ ചൊടിപ്പിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലെ സായുധ സേനകളെ തീവ്രവാദികളായി പ്രഖ്യാപിക്കുമെന്ന് ഇറാൻ തിരിച്ചടിച്ചു.
യു.എസിന്റെ വിമാനവാഹിനികൾ അപകട മേഖലയിലാണെന്നും ഗൾഫിലെ അമേരിക്കൻ സൈനിക സാന്നിദ്ധ്യം തങ്ങളുടെ മദ്ധ്യദൂര മിസൈലുകളുടെ പരിധിയിലാണെന്നും ഇറാൻ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അക്രാമിനിയ ചൂണ്ടിക്കാട്ടി. ബഹ്റൈൻ, ഇറാഖ്, കുവൈറ്റ്, ഖത്തർ, സിറിയ, യു.എ.ഇ എന്നിവിടങ്ങളിലെ യു.എസിന്റെ സൈനിക ബേസുകളെയാണ് ഇറാൻ ഉന്നമിട്ടിരിക്കുന്നത്.
# വഴി അടയാതെ ചർച്ച
'ന്യായമായ" ചർച്ചകൾക്ക് തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. എന്നാൽ രാജ്യത്തിന്റെ പ്രതിരോധ ശേഷിയിൽ വിട്ടുവീഴ്ചയില്ല. ഇന്നലെ തുർക്കിയിലെ അങ്കാറയിൽ നയതന്ത്ര ചർച്ചകൾക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, മേഖലയിലെ സൈനിക വിന്യാസം ഇറാനെതിരെ പ്രയോഗിക്കേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കാമെന്നും ആണവ കരാർ സംബന്ധിച്ച കൂടുതൽ ചർച്ചകൾക്ക് പദ്ധതിയുണ്ടെന്നും ട്രംപ് പറഞ്ഞു. യു.എസ് ഇറാനെ ആക്രമിക്കില്ലെന്ന് പ്രതീക്ഷിക്കുന്നെന്നും ഇരുരാജ്യങ്ങളും ആണവ ചർച്ചകൾ പുനരാരംഭിക്കണമെന്നും തുർക്കി ആവശ്യപ്പെട്ടു.
------------------
# യു.എസിന്റെ പടയൊരുക്കം
# നാവിക കോട്ട
യു.എസ്.എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിയുടെ നേതൃത്വത്തിലെ സ്ട്രൈക്ക് ഗ്രൂപ്പ് : പേർഷ്യൻ ഉൾക്കടലിൽ. എഫ് 35 സി ലൈറ്റ്‌നിംഗ് -2, സൂപ്പർ ഹോർണറ്റ് അടക്കം 75ഓളം യുദ്ധവിമാനങ്ങൾ, ഇ.എ - 18 ജി ഗ്രൗലർ വിമാനം. 5000ത്തിലേറെ സൈനികർ
ആറ് യുദ്ധക്കപ്പലുകൾ : ദീർഘദൂര ആക്രമണത്തിനായി ടോമഹോക്ക് ക്രൂസ് മിസൈലുകൾ ഘടിപ്പിച്ചിട്ടുണ്ട്
അന്തർവാഹിനി: യു.എസ്.എസ് ജോർജിയ മേഖലയിലുണ്ടെന്ന് അഭ്യൂഹം
# വ്യോമകരുത്ത്
40ലേറെ എഫ് - 15 ഇ സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനങ്ങൾ ജോർദ്ദാനിലെ മുവാഫഖ് സാൽതി എയർ ബേസിൽ. ഭൂഗർഭ കേന്ദ്രങ്ങളെ തകർക്കാൻ കഴിയുന്ന ബങ്കർ ബസ്റ്റർ ബോംബുകളെ വഹിക്കും
ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർഷ്യ ദ്വീപിൽ ബി-2 സ്‌പിരിറ്റ്, ബി-52 സ്ട്രാറ്റോഫോർട്രസ് ബോംബർ വിമാനങ്ങൾ
എം.ക്യു 9 റീപ്പർ ഡ്രോണുകളും പി - 8 എ പോസിഡോൺ പട്രോൾ വിമാനങ്ങളും മേഖലയിൽ നിരീക്ഷണം ശക്തം
ഇറാനിൽ നിന്ന് പ്രകോപനമുണ്ടായാൽ തിരിച്ചടിക്കാൻ ഇസ്രയേൽ, സൗദി, ജോർദ്ദാൻ, യു.എ.ഇ എന്നിവിടങ്ങളിലായി താഡ്, പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനങ്ങളും വിന്യസിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |