
ചെങ്ങാലൂർ: കുറുമാലിപ്പുഴയിൽ നിർമ്മാണം പൂർത്തീകരിച്ച കുണ്ടുകടവ് - പന്തല്ലൂർ റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണ അവശിഷ്ടങ്ങൾ പുഴയിൽ. വലിയ കരിങ്കല്ല് ഉൾപ്പെടെയുള്ള നിർമ്മാണാവശിഷ്ടങ്ങൾ പുഴയിൽ നിന്നും നീക്കം ചെയ്യാത്തത് വെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുന്നു. കൂടാതെ പുഴയ്ക്ക് സമാന്തരമായുള്ള എസ്.എൻ പുരം ലിങ്ക് റോഡിന്റെ വശം പുഴയിലേക്ക് ഇടിയുന്നു. പുഴയിൽ മൺചിറകളുടെ നിർമ്മാണത്തിനായി ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ അടച്ചതോടെ ജലനിരപ്പ് താഴ്ന്നതിനാലാണ് വലിയ കരിങ്കൽ പാളികൾ ഉൾപ്പെടെ പുഴയിൽ കാണുന്നത്. കരിങ്കൽ പാളികളിൽ തട്ടി വെള്ളത്തിന്റെ ഒഴുക്ക് എതിർവശത്ത് എത്തുന്നതാണ് പുഴയോരത്തുള്ള റോഡ് ഇടിയാൻ ഇടയാക്കുന്നത്. പുഴയിൽ നിന്നും നിർമ്മാണ അവശിഷ്ടങ്ങൾ നീക്കംചെയ്യാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അംഗം ബേബി കീടായി വില്ലേജ് ഓഫീസർക്ക് കത്ത് നൽകി.
പുഴയിലെ മൺചിറകളുടെ നിർമ്മാണം പൂർത്തിയായി വെള്ളം തുറന്നുവിടുന്നതിന് മുമ്പായി ഒഴുക്കിനെ തടസപ്പെടുത്തുന്ന പാലം നിർമ്മാണത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് നടപടി വേണം. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്.
-രതി ബാബു, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |