
ചാവക്കാട്: കനോലി കനാൽ ആഴംകൂട്ടുന്നതുമായി ബന്ധപ്പെട്ട് എടുത്ത മണ്ണ് സ്വകാര്യ വ്യക്തികളുടെ പറമ്പിൽ തള്ളി ഒരു വർഷമായിട്ടും ഇറിഗേഷൻ വകുപ്പ് നീക്കിയില്ല. തെങ്ങ്, ഫലവൃക്ഷങ്ങൾ, ഒൗഷധച്ചെടികൾ എന്നിവയ്ക്ക് വ്യാപകനാശം. ചാവക്കാട് നഗരസഭ അതിർത്തിയിലെ കനോലി കനാലിൽ നിന്നെടുത്ത മണ്ണാണ് കനാലിന്റെ ഇരുകരകളിലുമുള്ള സ്വകാര്യ വ്യക്തികളുടെ പറമ്പിൽ നിക്ഷേപിച്ചത്. ഉടമകളോട് ചോദിക്കാതെയാണ് പറമ്പിൽ മണൽ നിക്ഷേപിച്ചതത്രെ. പറമ്പിലുള്ള തെങ്ങുകൾ വാടിക്കരിഞ്ഞും ഔഷധച്ചെടികൾ, ഫലവൃക്ഷങ്ങൾ എന്നിവ നശിച്ചതായും ഭൂവുടമകളിൽ ഒരാളായ ഡോ. പി.വി.മധുസുദനൻ പറഞ്ഞു. കയറ്റിയിട്ട മണൽ ദിവസങ്ങൾക്കുള്ളിൽ മാറ്റേണ്ടതായിരുന്നു. എന്നാൽ, വർഷം പിന്നിട്ടിട്ടും ഇവ മാറ്റിയില്ല.
സമീപനം ധിക്കാരപരം..?
കഴിഞ്ഞ മഴക്കാലത്ത് ഇത്തരത്തിൽ കയറ്റിയിട്ട മണൽ കനോലി കനാലിലേക്ക് ഒലിച്ചിറങ്ങിയതായും പറയുന്നു. കനോലി കനാലിന്റെ തീരത്തുള്ള ഒരു വീടിന്റെ പറമ്പിലേക്ക് മണൽ ജെ.സി.ബി ഉപയോഗിച്ച് കയറ്റി ഇട്ടതുമൂലം ഇവ വീട്ടുകാരുടെ അടുക്കളഭാഗം തന്നെ മൂടിയ നിലയിലായിരുന്നു. എന്നാൽ, ഇറിഗേഷൻ അധികൃതരോട് പരാതിപ്പെട്ടെങ്കിലും ധിക്കാരപരമായ സമീപനമാണ് ഉണ്ടായതെന്ന് പറയുന്നു. കനോലി കനാലിൽ നിന്ന് നീക്കംചെയ്യുന്ന മണൽ നിക്ഷേപിക്കാൻ നഗരസഭയിൽ യാർഡ് ഇല്ല. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കനോലി കനാലിന്റെ തീരത്ത് കഴിയുന്ന ഭൂവുടമകൾക്ക് സംഭവിച്ചിട്ടുള്ളത്.
മണ്ണ് നീക്കം ചെയ്യാനുള്ള നിയമപരമായ നടപടി എടുത്തുവരികയാണെന്ന് എ.ഇ.ഇ സീത അറിയിച്ചു. എന്നാൽ, ഇറിഗേഷൻ അധികൃതരുടെ ധിക്കാരപരമായ സമീപനത്തിനെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതായി ഡോ. പി.വി.മധുസൂദനൻ അറിയിച്ചു.
ചോദിക്കാതെ പറമ്പിൽ മണൽ നിക്ഷേപിച്ചതിനാൽ പറമ്പിലുള്ള തെങ്ങുകൾ വാടിക്കരിഞ്ഞും ഔഷധച്ചെടികൾ, ഫലവൃക്ഷങ്ങൾ എന്നിവ നശിച്ചു. ഇറിഗേഷൻ അധികൃതരുടെ ധിക്കാരപരമായ സമീപനത്തിനെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്.
-ഡോ. പി.വി.മധുസൂദനൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |