തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി തലത്തിലെ മികച്ച ഡിബേറ്ററും പ്രാസംഗികനുമായിരുന്ന സിദ്ധാർത്ഥ് എം.ജോയ് (27) കെ.എ.എസ് തലപ്പത്തേക്ക്. കുടപ്പനക്കുന്ന് ജി.എൽ.രാജീവിന്റേയും (റിട്ട.ജോയിന്റ് ഡയറക്ടർ,ടൂറിസം വകുപ്പ് ) ദേവി മീനയുടെയും (മൃഗസംരക്ഷണ വകുപ്പ് ) മകൻ സിദ്ധാർത്ഥ് കെ.എ.എസ് (സ്ട്രീം ഒന്നിൽ ) രണ്ടാം റാങ്ക് നേടിയതിന് പിന്നിൽ അർപ്പണ മനോഭാവവും ഉറച്ച ചുവടുകളുമുണ്ട്. ചിന്മയ വിദ്യാലയത്തിൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ റിസർവ് ബാങ്ക് ദേശീയ അടിസ്ഥാനത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് മത്സര രംഗത്തേക്കെത്തിയത്. യൂണിവേഴ്‌സിറ്റി പഠനകാലത്താണ് ഡിബേറ്റുകളിൽ സജീവമായത്. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദത്തിന് ശേഷം ജെ.ആർ.എഫ് നേടി. ഇപ്പോൾ ഗവേഷണ വിദ്യാർത്ഥി കൂടിയാണ്. സിദ്ധാർത്ഥിന്റെ നിരവധി പ്രസംഗങ്ങൾ യു ട്യൂബിലുണ്ട്. ഇതിനിടെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിൽ വിജയിച്ച് പൊതുഭരണ വകുപ്പിൽ ജോലി നേടി. അടുത്ത മാസം നടക്കുന്ന സിവിൽ സർവീസ് ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് കെ.എ.എസ് നേട്ടം. ഏക സഹോദരി ദേവി അഞ്ജന മാർ ഇവാനിയോസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. കടകംപള്ളി സുരേന്ദ്രൻ ടൂറിസം മന്ത്രിയായിരുന്നപ്പോൾ സിദ്ധാർത്ഥിന്റെ അച്ഛൻ രാജീവ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. പറവൂർ സ്വദേശികളായ ഇവർ തലസ്ഥാനത്ത് എത്തിയിട്ട് 15വർഷമായി. പട്ടത്ത് താമസിച്ചിരുന്ന ഇവർ ഒരു വർഷം മുൻപാണ് കുടപ്പനക്കുന്നിലേക്ക് താമസം മാറിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |