പത്തനാപുരം:കൊല്ലം-തിരുമംഗലം ദേശീയപാതയിൽ വെള്ളിമലയ്ക്ക് സമീപം തണ്ണിവളവിലെ നീരുറവയോട് ചേർന്നുള്ള പാർശ്വഭിത്തി തകർന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. മൂന്നാഴ്ച മുമ്പ് തമിഴ്‌നാട്ടിൽ നിന്നും പാറപ്പൊടിയുമായി വന്ന ടോറസ് ലോറി ഇടിച്ചാണ് ഭിത്തി തകർന്നത്. ഭിത്തിയുടെ അവശിഷ്ടങ്ങൾ നീരുറവയിലേക്ക് പതിച്ചതോടെ ഇതുപയോഗിച്ചിരുന്ന മുപ്പത്തഞ്ചോളം കുടുംബങ്ങൾക്ക് വെള്ളം ശേഖരിക്കാനോ കുളിക്കാനോ കഴിയാത്ത അവസ്ഥയാണ്.
വേനൽ കടുത്തതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന പാതയോരത്തെ താമസക്കാർക്ക് ഏക ആശ്രയമായിരുന്നു ഈ ശുദ്ധജല സ്രോതസ്. കഴിഞ്ഞ വർഷം ദേശീയപാത വിഭാഗം നിർമ്മിച്ച ഭിത്തിയാണ് അപകടത്തിൽ തകർന്നത്. തെന്മല പഞ്ചായത്തിലെ തോവർകുന്ന് വാർഡിൽ ഉൾപ്പെടുന്ന ഈ നീരുറവ എത്രയും വേഗം ശുചീകരിക്കണമെന്നും പാർശ്വഭിത്തി പുനർനിർമ്മിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
