SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.32 PM IST

മട്ടന് പകരം വിളമ്പിയത് ബീഫ്: മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് റസ്റ്റോറന്റ് ജീവനക്കാരൻ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
sayak

കൊൽക്കത്ത: മട്ടൺ സ്റ്റേക്കിന് പകരം ബീഫ് വിളമ്പിയെന്ന് ആരോപിച്ച് കൊൽക്കത്തയിലെ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. നടനും യൂട്യൂബറുമായ സായക് ചക്രവർത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊൽക്കത്ത പാർക്ക് സ്ട്രീറ്റിലെ ഓലിപബ്ബ് റസ്റ്റോറന്റിലെ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തിൽ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു പൊലീസ് നടപടി.

നടൻ സായകും രണ്ട് സുഹൃത്തുക്കളും പാർക്ക് സ്ട്രീറ്റിലെ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തുകയായിരുന്നു. ഇവർ മട്ടൺ സ്റ്റേക്ക് ഓർഡർ നൽകിയെങ്കിലും റസ്റ്റോറന്റുകാർ ബീഫ് വിളമ്പുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. വിളമ്പുന്ന സമയത്ത് എന്ത് വിഭവമാണെന്ന് ജീവനക്കാർ പറഞ്ഞിരുന്നില്ല. മട്ടൺ ആണെന്ന് കരുതി പകുതിയോളം കഴിച്ച ശേഷമാണ് രണ്ടാമത്തെ വിഭവം എത്തിയത്. ഇത് മട്ടൺ ആണെന്നും നേരത്തെ വിളമ്പിയത് ബീഫ് ആണെന്നും ജീവനക്കാർ പിന്നീട് വെളിപ്പെടുത്തിയതായി സായക് ആരോപിക്കുന്നു.

സംഭവത്തിന്റെ വീഡിയോ സായക് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. 'ഞാൻ ഒരു ബ്രാഹ്മണനാണെന്ന് നിങ്ങൾക്കറിയാമോ? മട്ടൺ ചോദിച്ച എനിക്ക് എന്തിനാണ് നിങ്ങൾ ബീഫ് വിളമ്പിയത്?' എന്ന് സായക് വീഡിയോയിൽ ജീവനക്കാരനോട് ചോദിക്കുന്നുണ്ട്. തങ്ങൾക്ക് അബദ്ധം പറ്റിയതാണെന്ന് ജീവനക്കാരൻ സമ്മതിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.


സംഭവത്തിന് പിന്നാലെ സായക് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് റസ്റ്റോറന്റ് ജീവനക്കാരനെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഹോട്ടൽ ജീവനക്കാരൻ മനഃപൂർവം വീഴ്ച വരുത്തിയതാണോയെന്ന് അന്വേഷിച്ചുവരികയാണെന്ന് കൊൽക്കത്ത പൊലീസ് അറിയിച്ചു. റസ്റ്റോറന്റ് മാനേജ്‌മെന്റിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്.


സായക് പങ്കുവച്ച സംഭവത്തിന്റന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വിഷയത്തിൽ രാഷ്ട്രീയ ഇടപെടലുമുണ്ടായി. ബിജെപി നേതാവ് തരുൺ ജ്യോതി തിവാരിയും, കേയ ഘോഷും റസ്റ്റോറന്റിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. 'ഹിന്ദുക്കളെ എളുപ്പത്തിൽ ലക്ഷ്യം വയ്ക്കുന്നവരായി കാണുന്നത് എന്തുകൊണ്ടാണ്? മറ്റൊരു വിഭാഗത്തിനാണ് ഇത്തരമൊരു അനുഭവം സംഭവിച്ചതെങ്കിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ആലോചിച്ചു നോക്കൂ',​ ബിജെപി നേതാവ് കേയ ഘോഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു. സായക് ആദ്യം പോസ്റ്റ് ചെയ്ത വീഡിയോ പിന്നീട് ഡിലീറ്റ് ചെയ്‌തെങ്കിലും, അപ്പോഴേക്കും ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. പാർക്ക് സ്ട്രീറ്റിലെ ഏറ്റവും പഴക്കമേറിയ തിരക്കുള്ള റസ്റ്റോറന്റുകളിൽ ഒന്നാണ് ഓലിപബ്ബ്.

TAGS: NEWS 360, NATIONAL, NATIONAL NEWS, KOLKATA, BEEF, SERVING BEEF, ARREST, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY