
കൊല്ലം: ആദിച്ചനല്ലൂർ വിളയിൽ വീട്ടിൽ രാജൻ (70) ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതിയായ ചിറക്കര വില്ലേജിൽ അർജുനാലയം വീട്ടിൽ ബാബുവിനെ (53) കൊല്ലം അഞ്ചാം അഡീഷണൽ സെഷൻസ് ജഡ്ജ് ബിന്ദു സുധാകരൻ വെറുതെ വിട്ടു. 2017 മേയ് 20ന് ചിറക്കരത്താഴത്തുള്ള കുടുംബ വസ്തുവിൽ കൃഷിപ്പണി നടത്തുന്നതിനായി വീട്ടിൽ നിന്ന് പോയ രാജനെ, തലയ്ക്കും മറ്റും ഗുരുതര പരിക്കേറ്റ് രക്തം വാർന്ന് അബോധാവസ്ഥയിൽ ബാബുവിന്റെ വീട്ടിൽ കണ്ടെന്നും ബന്ധുക്കളെയും നാട്ടുകാരെയും വിവരം അറിയിക്കാതെ മൂന്ന് ദിവസം രഹസ്യമാക്കി വച്ച് രാജന്റെ മരണത്തിന് ഇടയാക്കിയെന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്.
പ്രതിയുടെ വീട്ടിൽ രക്തം വാർന്ന നിലയിൽ കാണപ്പെട്ട രാജനെ അയൽവാസികൾ ചേർന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയിലേറ്റ മാരകമായ മുറിവ് കാരണം മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് പാരിപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം നടന്ന ദിവസം വീട്ടുജോലിയിൽ ഉണ്ടായിരുന്ന സ്ത്രീയുൾപ്പെടെ 25 പേരെ സാക്ഷിയാക്കി ബാബുവിനെതിരെ കുറ്റപത്രം സമർപ്പിച്ചെങ്കിലും കൃത്യമായ അന്വേഷണവും ശാസ്ത്രീയ തെളിവുകളും ഇല്ലാതെ ബാബുവിനെ പ്രതി ചേർത്തത് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ച കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. പ്രതിക്ക് വേണ്ടി ഡിഫൻസ് കൗൺസൽ അഭിഭാഷകരായ ചവറ ജി.പ്രവീൺ കുമാർ, ജയൻ ജില്ലാരിയോസ്, ടി. മുരളി, സൽരാജ് എന്നിവർ ഹാജരായി .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |