
തിരുവനന്തപുരം: ഓട്ടിസം ബാധിച്ച പത്തുവയസുകാരനെ പീഡിപ്പിച്ച കേസിൽ പൗഡിക്കോണം സ്വദേശിയും കുട്ടിയുടെ അദ്ധ്യാപകനുമായ സന്തോഷ് കുമാറിന് (56) വിവിധ വകുപ്പുകളിലായി 161 വർഷം കഠിനതടവും 87000 രൂപ പിഴയും ശിക്ഷ. അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് പ്രതിയെ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ എട്ടര വർഷം അധികശിക്ഷ അനുഭവിക്കണം. പരമാവധി ഉയർന്ന ശിക്ഷയായ ഇരുപത് വർഷം ശിക്ഷയോടൊപ്പം മറ്റ് ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പിഴത്തുകയ്ക്ക് പുറമെ ലീഗൽ സർവീസ് അതോറിറ്റി അർഹമായ നഷ്ടപരിഹാരവും കുട്ടിക്ക് നൽകണമെന്ന് ഉത്തരവിലുണ്ട്.
2019 ജൂലായിലാണ് സംഭവം. കണ്ണൂർ സ്വദേശിയായ കുട്ടി ഓട്ടിസചികിത്സകൾക്കും മറ്റുമായാണ് തിരുവനന്തപുരത്ത് താമസിച്ചിരുന്നത്. തിരുവനന്തപുരത്തെ സ്കൂളിൽ മൂന്നാം ക്ലാസിലാണ് പഠിച്ചിരുന്നത്. പ്രതി അവിടത്തെ അദ്ധ്യാപകൻ ആണ്. കുട്ടിയുടെ വൈകല്യം മുതലെടുത്താണ് പ്രതി കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയത്. ചികിത്സയിൽ നല്ല മാറ്റം കണ്ടു വന്നിരുന്ന കുട്ടി, പെട്ടെന്ന് നിയന്ത്രണാതീതമായി ബഹളംവച്ച് തുടങ്ങിയപ്പോൾ കുട്ടിയുടെ അമ്മ ശ്രദ്ധിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ മുറിപ്പാടുകളും ഉണ്ടായിരുന്നു. അന്വേഷിച്ചപ്പോൾ സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ള കുട്ടിക്ക് കാര്യങ്ങൾ വ്യക്തമാക്കാൻ സാധിച്ചില്ല. കുട്ടിക്ക് കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതും ആയ കാര്യങ്ങൾ ബുക്കിൽ എഴുതിയോ വരച്ചോ വയ്ക്കുന്ന ശീലം ഉണ്ടായിരുന്നു. കുട്ടിക്കുണ്ടായ ഈ ദുരനുഭവവും കുട്ടിയുടെ ബുക്കിൽ ഉണ്ടായിരുന്നു. കുട്ടിയുടെ സ്‌പീച്ച് തെറാപ്പിസ്റ്റ് വഴിയാണ് പീഡനവിവരം കണ്ടെത്തിയത്. കുട്ടി പറയുന്ന കാര്യങ്ങൾ അവ്യക്തമായതിനാൽ ശിശുക്ഷേമ സമിതിയുടെ നിർദ്ദേശപ്രകാരം മെന്റൽ ഹെൽത്ത് സെന്ററിലെ ഡോക്ടർ ഉൾപ്പെട്ട മൂന്നംഗ പാനൽ രൂപീകരിച്ചാണ് കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. സ്കൂളിലെ ടോയ്‌ലെറ്റിൽ വച്ചാണ് പ്രതി കുട്ടിയെ പലതവണ പീഡിപ്പിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |