SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.46 PM IST

കൃഷി ഉണക്കുഭീഷണിയിൽ : വൈദ്യുതി വകുപ്പ് ജലനയത്തിനെതിരെ കർഷകർ സമരത്തിന്

Increase Font Size Decrease Font Size Print Page
photo-

മാള: കെ.എസ്.ഇ.ബി.യുടെ ജലസംഭരണ - വൈദ്യുതോൽപ്പാദന നയം മൂലം കർഷകർ ഗുരുതര പ്രതിസന്ധിയിലെന്ന് കർഷക സംഘടനകൾ. കണ്ണുകെട്ടിച്ചിറ-വഴിക്കിലിച്ചിറ-ഇരുപ്പൂ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിലേക്ക് വൻ പ്രതിഷേധ മാർച്ചിനൊരുങ്ങുകയാണ് കർഷകർ. സമയബന്ധിതമായി ജലം ലഭിക്കാത്തതിനാൽ ഉണക്കുഭീഷണിയിലാണ് കൃഷി. സംസ്ഥാനത്തെ 81 ഡാമുകളിൽ 59ഉം 45 റിസർവോയറും കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലാണ്. ഇറിഗേഷൻ ഓഫീസുകൾക്ക് മുന്നിലെ സമരങ്ങൾ ഫലമില്ലാത്തതായെന്നും കർഷകർ പറയുന്നു. തുമ്പൂർ വഴിക്കില പുഞ്ചപ്പാടത്തെ 35 ഏക്കർ നെൽക്കൃഷി ഇപ്പോൾ ഗുരുതര ഭീഷണിയിലാണ്. ഇടമലയാർ- പെരിങ്ങൽക്കുത്ത് ഡാമുകളിൽ നിന്നുള്ള ജലം തുമ്പൂർമുഴി- ചാലക്കുടി റിവർ ഡൈവേർഷനിലൂടെ വാലറ്റ മേഖലകളിലേക്ക് എത്തണമെങ്കിൽ 1.60 മീറ്ററിന് മുകളിൽ ജലനിരപ്പ് നിലനിറുത്തണം. എന്നാൽ നിലവിൽ നാമമാത്ര ജലവിതാനമേയുള്ളൂ. കെ.എസ്.ഇ.ബി. വൈദ്യുതോൽപ്പാദനം വർദ്ധിപ്പിച്ച് ജലം ഒഴുക്കുകയോ സ്വതന്ത്രമായി കാർഷിക ആവശ്യങ്ങൾക്ക് ജലം വിട്ടുനൽകുകയോ ചെയ്തില്ലെങ്കിൽ വൻ കൃഷിനാശമുണ്ടാകും.
ജലനിയന്ത്രണ അധികാരം പൂർണമായും വൈദ്യുതി വകുപ്പിനാണ്. വൈദ്യുതോൽപാദനത്തിന് ശേഷമുള്ള ജലമാണ് കാർഷിക ആവശ്യത്തിനും കുടിവെള്ളത്തിനുമായി നൽകുന്നത്. ഗ്രിഡുകളിൽ നിന്ന് വൈദ്യുതി വാങ്ങുന്നതാണ് ലാഭകരമെന്ന വിലയിരുത്തലിൽ ഹൈഡ്രോ പവർ ഉത്പാദനം നാമമാത്രമാക്കി. ഇതും ഡാമുകളിലെ ജലവിതരണ സന്തുലിതാവസ്ഥ തകർത്തെന്നാണ് കർഷക സംഘടനകളുടെ ആക്ഷേപം.
1948ലെ ഇലക്ട്രിസിറ്റി സപ്ലൈ ആക്ടിന്റെ മറവിൽ ഡാമുകളുടെ നിയന്ത്രണം ഏറ്റെടുത്ത കെ.എസ്.ഇ.ബി. കാർഷികാവശ്യങ്ങളെ പൂർണമായും അവഗണിക്കുകയാണ്. കെ.എസ്.ഇ.ബിക്കെതിരെയുള്ള ആരോപണങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ഗ്രീൻ സോഷ്യലിസ്റ്റ് പ്രസിഡന്റ് വാക്‌സറിൻ പെരേപ്പാടൻ മുഖ്യമന്ത്രി, വൈദ്യുതി മന്ത്രി, കൃഷി മന്ത്രി, ജലമന്ത്രി എന്നിവർക്ക് കത്ത് നൽകി.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY