
തിരുവനന്തപുരം: മയക്കു മരുന്ന് മൊത്ത വ്യാപാരിക്ക് 26 വർഷം കഠിന തടവും 2,00,000 രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം അധിക തടവ് അനുഭവിക്കണം. കോട്ടയം ഓണംതുരുത്ത് ചക്കുപുരയ്ക്കൽ വീട്ടിൽ ജോർജ്ജ് കുട്ടിക്ക് ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. പി. അനിൽകുമാറാണ് ശിക്ഷ വിധിച്ചത്.
മയക്ക് മരുന്ന് വ്യാപാരികളുടെ ഇടയിൽ ജി.കെ എന്ന വിളിപ്പേരിലാണ് ഇയാൾ അറിയപ്പെടുന്നത്. ആന്ധ്രയിൽ നിന്ന് മൊത്തമായി മയക്കു മരുന്ന് വാങ്ങി ചില്ലറ വിൽപ്പനക്കാർക്ക് നൽകുകയാണ് രീതി. ബംഗളുരു ബെല്ലാരിയിലെ ഫ്ലാറ്റില്‍ താമസിച്ചിരുന്ന പ്രതി പലരോടും കച്ചവടം ഉറപ്പിച്ച ശേഷമാണ് ആവശ്യമായ മയക്ക് മരുന്നുമായി
നാട്ടിലെത്തുന്നത്. 20 കിലോ ഹാഷിഷ് ഓയിൽ, 250 ഗ്രാം ചരസ്, രണ്ടര കിലോ കഞ്ചാവ് എന്നിവയുമായാണ് ഇയാൾ പിടിയാലായത്. ഹാഷിഷ് ഓയിലിന് മാത്രം 20 കോടി രൂപ വിലയുണ്ടായിരുന്നു. കാറിന്റെ ഡിക്കിയിൽ സ്റ്റെപ്പിനി ടയറിന് താഴെ നിർമ്മിച്ച പ്രത്യേക അറയിലാണ് മയക്കു മരുന്ന് സൂക്ഷിച്ചിരുന്നത്.
2019 ജൂൺ 22നാണ് കോവളം- കാരോട് ബൈപാസിൽ വാഴമുട്ടം ദേവീക്ഷേത്രത്തിന് സമീപം വച്ച് എക്സൈസ് ഇയാളെ പിടി കൂടിയത്. ഈ കേസിൽ കസ്റ്റഡിയിലിരിക്കെ എക്‌സസൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടു. മലപ്പുറത്ത് രണ്ടാം ഭാര്യയുടെ വീട്ടിൽ നിന്ന് പിടികൂടാൻ ശ്രമിക്കുമ്പോൾ എക്‌സൈസ് സംഘത്തിന് നേരെ വെടിയുതിർത്തു. അന്ന് പിടിയിലായപ്പോഴും ഇയാളിൽ നിന്ന് 10 കിലോ ഹാഷിഷ് പിടിച്ചെടുത്തിരുന്നു. ഈ കേസിൽ മലപ്പുറം സെഷൻസ് കോടതി 10 വർഷം ശിക്ഷിച്ചതിനെത്തുടർന്ന് ഇപ്പോൾ തവനൂർ സെൻട്രൽ ജയിലിലാണ്. പ്രോസിക്യൂഷന് വേണ്ടി ബി.എൽ. മനേഷ് ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |