SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.41 PM IST

'അങ്ങേയറ്റം ദൗർഭാഗ്യകരം, കേരള ബഡ്ജറ്റിൽ നിന്ന് കേന്ദ്രം പഠിക്കണം'; രൂക്ഷ വിമർശനവുമായി വി ശിവൻകുട്ടി

Increase Font Size Decrease Font Size Print Page
v-sivankutty

തിരുവനന്തപുരം: രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന പൊതുവിദ്യാഭ്യാസ മേഖലയെ 2026-27 കേന്ദ്ര ബഡ്ജറ്റിൽ പൂർണമായും അവഗണിച്ചത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനോ ഗുണനിലവാര വർദ്ധനവിനോ ഊന്നൽ നൽകാത്ത ഒരു ബഡ്ജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്നും അദ്ദേഹം വിമർശിച്ചു.

'ബഡ്ജറ്റിലെ വിദ്യാഭ്യാസ നിർദ്ദേശങ്ങൾ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസ മേഖലയെയും നൈപുണ്യ വികസനത്തെയും ലക്ഷ്യം വച്ചുള്ളതാണ്. ഉന്നത വിദ്യാഭ്യാസത്തിന് അടിത്തറ പാകുന്ന സ്കൂൾ വിദ്യാഭ്യാസ മേഖലയെ കേന്ദ്രം മറന്നുപോയിരിക്കുന്നു.

രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന സർക്കാർ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനോ ഡിജിറ്റൽ വിഭജനം ഇല്ലാതാക്കുന്നതിനോ വ്യക്തമായ പദ്ധതികളില്ല. നിലവിലുള്ള 'സമഗ്ര ശിക്ഷാ' തുടങ്ങിയ പദ്ധതികൾക്ക് നാമമാത്രമായ വർദ്ധനവ് മാത്രമാണ് ലഭിച്ചിരിക്കുന്നത്. അതാകട്ടെ കേരളത്തിന്‌ നൽകുന്നുമില്ല.

സ്കൂൾ കുട്ടികൾക്കായി ഇൻഷുറൻസ് പദ്ധതി, സർവത്രിക വിദ്യാഭ്യാസം ബിരുദതലം വരെ ഉൾപ്പെടെ വിഭാവനം ചെയ്ത കേരള ബഡ്ജറ്റിൽ നിന്ന് കേന്ദ്രം പഠിക്കണം. കേരളം പൊതുവിദ്യാഭ്യാസത്തിന് ഇത്രയേറെ പ്രാധാന്യം നൽകുമ്പോൾ കേന്ദ്രം ഈ മേഖലയെ പിന്നോട്ട് തള്ളുകയാണ്.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള വിഹിതത്തിൽ കാര്യമായ വർദ്ധനവ് വരുത്താത്തത് സാധാരണക്കാരായ വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണ്. രാജ്യത്തെ സാധാരണക്കാരായ വിദ്യാർത്ഥികളുടെ അവകാശങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന ഈ സമീപനം തിരുത്തണം. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ആവശ്യമായ പ്രത്യേക പാക്കേജുകൾ അനുവദിക്കണം'- ശിവൻകുട്ടി വ്യക്തമാക്കി.

TAGS: V SIVANKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY