
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതാക്കൾ വൻതുക ചെലവഴിച്ച് ഡൽഹിയിലെത്തി കേരളഹൗസിൽ കിടന്ന് കൂർക്കംവലിച്ച് ഉറങ്ങുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടിയുടെ പരിഹാസം. ഓരോ നേതാവും സ്വന്തം ഇഷ്ടപ്രകാരം ഡൽഹിക്ക് വണ്ടികയറും. എന്നിട്ട് ഹൈക്കമാൻഡിനെ കാണാൻ പോയെന്ന് അവകാശപ്പെടും. കോൺഗ്രസ് അദ്ധ്യക്ഷനെയോ സോണിയാഗാന്ധിയെയോ കാണാൻപോലും ഇവർക്ക് സാധിക്കില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം വരുംമുമ്പേ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി കൂട്ടയടിയാണ്. ഫലം വന്നശേഷം അത് മാരത്തൺ അടിയാകും.
വയനാട് ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ കണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. നൂറ് ശതമാനം ഗുണനിലവാരം ഉറപ്പാക്കാതെ ഒരു വീടും ദുരന്തബാധിതർക്ക് കൈമാറില്ല. വാഗ്ദാനം ചെയ്ത വീടുകളിൽ ഒന്നുപോലും നിർമ്മിച്ച് നൽകാതെ സർക്കാർ നിർമ്മിച്ച വീടുകളുടെ ചോർച്ച നോക്കാൻപോവുന്ന കോൺഗ്രസുകാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ജനങ്ങളിൽ നിന്ന് പിരിച്ച പണം എവിടെയെന്ന് വ്യക്തമാക്കണം.
തിരുവനന്തപുരം നഗരസഭയിൽ മാലിന്യപ്രതിസന്ധി അതീവ രൂക്ഷമാണ്. അടിയന്തരമായി കൗൺസിൽ വിളിച്ചുചേർത്ത് പ്രതിസന്ധിക്ക് പരിഹാരം കാണണം. വേനൽ കടുക്കുമ്പോൾ പൊതുഇടങ്ങളിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കിയിട്ടില്ല. തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റുന്നില്ലെങ്കിൽ സർക്കാർ ഇടപെടൽ വേണ്ടിവരുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |