
കൊച്ചി: മദ്ധ്യകേരളത്തിലെ സാധാരണക്കാരായ രോഗികൾക്ക് അഭയവും ആശ്രയവുമായി ഈ മാസം ഒമ്പതിന് നാടിന് സമർപ്പിക്കുന്ന കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിന് അനുബന്ധമായി വിപുലമായ സംവിധാനങ്ങളും ഒരുങ്ങും. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി അമിനിറ്റി സെന്റർ, സമീപജില്ലകളിൽ ഉപഗ്രഹ കേന്ദ്രങ്ങൾ, നൂതന ജനിതക ചികിത്സയ്‌ക്ക് പ്രത്യേക സംവിധാനം തുടങ്ങിയവ നടപ്പാക്കും.
കളമശേരിയിലെ സർക്കാർ മെഡിക്കൽ കോളേജിന്റെ കെട്ടിടത്തിൽ ആരംഭിച്ച ക്യാൻസർ സെന്ററിന്റെ സ്വന്തം കെട്ടിടനിർമ്മാണം 2014 ആഗസ്‌റ്റ് 18നാണ് ആരംഭിച്ചത്. നിർമ്മാണം ഇഴഞ്ഞതുമൂലം ആദ്യ കരാറുകാരനെ നീക്കി പുതിയ കരാർ നൽകി നിർമ്മാണം പൂർത്തിയാക്കാൻ 12 വർഷമാണ് വേണ്ടിവന്നത്.
ചെന്നൈയിലെ പി. ആൻഡ് സി പ്രോജക്ട്‌സായിരുന്നു നിർമ്മാണ കരാർ നേടിയത്. നിർമ്മാണത്തിലെ മെല്ലെപ്പോക്ക്, ഗുണനിലവാരക്കുറവ് എന്നിവയെ തുടർന്ന് പി.ആൻഡ് സിയെ 2021 ജനുവരി 31ന് ഒഴിവാക്കി രാജസ്ഥാൻ ആസ്ഥാനമായ ജാഥൻ കൺസ്ട്രക്ഷൻസിനെ ഏല്പിച്ചു. 2021 ഒക്ടോബർ 14ന് ജാഥൻ കൺസ്ട്രക്ഷൻസ് പുനർനിർമ്മാണം ആരംഭിച്ചു.
നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിൽ അത്യാധുനിക ഉപകരണങ്ങൾ സ്ഥാപിക്കലും സൗകര്യങ്ങൾ ഒരുക്കലും പൂർത്തിയായി.
വിവിധ സർക്കാർ ഏജൻസികളുടെ അനുമതികൾ ലഭിച്ചു.
ഡോക്‌ടർമാർ ഉൾപ്പെടെ 190 തസ്‌തികകളും സർക്കാർ അനുവദിച്ചു
ഒരുങ്ങും അനുബന്ധ സംവിധാനങ്ങൾ
ഉപഗ്രഹകേന്ദ്രങ്ങൾ
എറണാകുളം, തൃശൂർ, പാലക്കാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലക്കാർക്കാണ് കൊച്ചി ക്യാൻസർ കേന്ദ്രം പ്രധാനമായും തുണയാകുക. ഈ ജില്ലകളിൽ രോഗികളെ കണ്ടെത്താൻ പ്രാഥമിക പരിശോധനകൾ, ബോധവത്കരണം, ക്യാമ്പുകൾ തുടങ്ങിയവ നടപ്പാക്കാൻ ഉപഗ്രഹകേന്ദ്രങ്ങൾ ആരംഭിക്കാൻ പദ്ധതിയുണ്ട്. ക്യാൻസർ സാദ്ധ്യത കൂടുതലുള്ള ഇടുക്കി, പാലക്കാട് മേഖലകളിൽ തന്നെ രോഗനിർണയവും പ്രാഥമിക ചികിത്സയും ലഭ്യമാക്കുകയാണ് ലക്ഷ്യം.
നൂതന ജനിതക ചികിത്സ
ജനിതകകാരണങ്ങളാൽ ക്യാൻസർ ബാധിക്കുന്നവർക്ക് വ്യക്തിഗത പരിചരണം ലഭ്യമാക്കുന്നതിനും പദ്ധതിയുണ്ട്. ജനിതകനിർണയം നടത്തി രോഗസാദ്ധ്യത കണ്ടെത്തി നൂതനചികിത്സ നൽകും. നേരത്തെ കണ്ടെത്തിയാൽ ചികിത്സയിലൂടെ രോഗം ഇല്ലാതാക്കാൻ കഴിയും. ജനിതകവ്യതിയാനങ്ങൾ കണ്ടെത്താനുള്ള അത്യാധുനിക സംവിധാനങ്ങൾ ക്യാൻസർ സെന്ററിൽ സ്ഥാപിക്കും.
അമിനിറ്റി സെന്റർ
ക്യാൻസർ സെന്റർ വളപ്പിൽ പൊതുമേഖല എണ്ണക്കമ്പനിയായ ബി.പി.സി.എൽ അമിനിറ്റി സെന്റർ നിർമ്മിക്കും. ഇതിനായി സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി.എസ്.ആർ) ഫണ്ടിൽ നിന്ന് 11.34 കോടി രൂപ ഇതിനായി ചെലവഴിക്കും. 22,840 ചതുരശ്രയടി വിസ്തീർണമുള്ളതാണ് അമിനിറ്റി സെന്റർ. ദീർഘനാളത്തെ ചികിത്സ ആവശ്യമുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗകര്യങ്ങളും സെന്ററിൽ ലഭ്യമാകും. വിശ്രമ മുറികൾ, ഭക്ഷണശാല, ശുചിമുറികൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, സ്റ്റോർ റൂം തുടങ്ങിയവ ഉൾപ്പെടുമെന്ന് അധികൃതർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |