കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബുദ്ധിയാണെന്ന് അഭ്യൂഹം. 2021ൽ ബംഗാളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് അമിത് ഷാ ഗാംഗുലിയെ ക്രിക്കറ്റ് ബോർഡിന്റെ തലപ്പത്ത് എത്തിച്ചതെന്ന രീതിയിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്.
എന്നാൽ ഗാംഗുലിയും ഷായും ഈ വാർത്തകളെ തള്ളിയിട്ടുണ്ട്. 'നേരത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കണ്ടപ്പോഴും ഇത്തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. ഞാൻ ബി.ജെ.പിയെ പിന്തുണയ്ക്കും എന്ന ഉപാധിയോടെ അല്ല ബി.സി.സി.ഐ പ്രസിഡന്റായത്. കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ക്രിക്കറ്റ് ചർച്ച ചെയ്തിട്ടില്ല.'
അമിത് ഷായെ കണ്ടുവെന്നും ധാരണയിലെത്തിയെന്നുമുള്ള വാർത്തകളോട് പ്രതികരിച്ചുകൊണ്ട് ഗാംഗുലി പറഞ്ഞു. ഇതേ മട്ടിലാണ് അമിത് ഷായും വാർത്തകളോട് പ്രതികരിച്ചത്.
ബി.സി.സി.ഐ പ്രസിൻഡന്റിനെ നിയമിക്കാൻ തനിക്ക് യാതൊരു അധികാരവും ഇല്ലെന്നും അതിന് ക്രിക്കറ്റ് ബോർഡിന് വ്യക്തമായ നടപടി ക്രമങ്ങൾ ഉണ്ടെന്നും വിശദീകരിച്ച അമിത് ഷാ, ഗാംഗുലിയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പറഞ്ഞു. എന്നാൽ അദ്ദേഹം ബി.ജെ.പിയിലേക്ക് വന്നാൽ സന്തോഷം മാത്രമേയുള്ളൂ എന്നും ഷാ കൂട്ടിച്ചേർത്തിരുന്നു. 10 മാസത്തേക്കാണ് ഗാംഗുലി ബി.സി.സി.ഐ അദ്ധ്യക്ഷൻ സ്ഥാനത്തുണ്ടാകുക.
നിലവിൽ ക്രിക്കറ്റ് അസോസിയേഷൻ ഒഫ് ബംഗാളിന്റെ(സി.എ.ബി) പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന ഗാംഗുലി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഏറെ പ്രിയപ്പെട്ടയാളാണ്. എന്നാൽ അദ്ദേഹം ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നത് തൃണമൂൽ നേതാക്കൾക്കിടയിയിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. മമതയ്‌ക്കെതിരെ ഗാംഗുലി ഉയർന്നുവരുന്നത് നേതാക്കൾക്ക് ഒട്ടും സ്വീകാര്യമല്ല എന്നാണ് പുറത്തുവരുന്ന വിവരം.
2015ൽ സി.എ.ബി പ്രസിഡന്റ് സ്ഥാനത്തേക്ക് വന്ന ഗാംഗുലി തന്നെ അവിടേക്കെത്താൻ സഹായിച്ച മമതയ്ക്ക് പ്രത്യുപകാരം ചെയ്തത് ബി.ജെ.പിയിൽ ചേരാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം നിരസിച്ചുകൊണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ബി.സി.സി.ഐ അദ്ധ്യക്ഷൻ സ്ഥാനത്തേക്ക് ഗാംഗുലിയെ എത്തിക്കുന്നത് വഴി ബംഗാളിൽ മമതയ്‌ക്കെതിരെയുള്ള മുഖം എന്ന രീതിയിൽ അദ്ദേഹത്തെ നിർത്താനാണ് അമിത് ഷാ പദ്ധതിയിടുന്നത് എന്നാണ് അഭ്യൂഹം. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിനെ നയിക്കാനോ താരപ്രചാരകനായോ ഗാംഗുലിയെ അമിത് ഷാ ഉപയോഗപ്പെടുത്താനാണ് സാദ്ധ്യതയെന്നും പറയപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |