
ന്യൂഡൽഹി: ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തെച്ചൊല്ലി ലോക്‌സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ബഹളം. മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ പരാമർശങ്ങൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഭയിൽ വായിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. ബഹളത്തെത്തുടർന്ന് സ്പീക്കർ സഭ ഉച്ചയ്ക്ക് ശേഷം മൂന്ന് മണി വരെ നിർത്തിവച്ചു. എന്നാൽ സഭ പുനഃരാരംഭിച്ച ശേഷവും അംഗങ്ങൾ ബഹളം തുടരുകയായിരുന്നു. വിഷയം വീണ്ടും സഭയിൽ ഉന്നയിച്ചതാണ് ബഹളത്തിന് കാരണം.
2020ലെ ലഡാക്ക് സംഘർഷത്തെക്കുറിച്ച് ജനറൽ നരവാനെ എഴുതിയ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരു മാഗസിൻ പ്രസിദ്ധീകരിച്ച ലേഖനവുമായാണ് രാഹുൽ ഗാന്ധി സഭയിലെത്തിയത്. പ്രസംഗത്തിനിടെ രാഹുൽ പുസ്തകത്തിലെ ഭാഗങ്ങൾ വായിക്കാൻ തുടങ്ങിയതോടെയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ശക്തമായ വിയോജിപ്പുമായി രംഗത്തെത്തിയത്.
പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ കാര്യങ്ങൾ സഭയിൽ ഉദ്ധരിക്കുന്നത് ചട്ടവിരുദ്ധമാണെന്നും രാഹുൽ ഗാന്ധി ആ പുസ്തകം സഭയ്ക്ക് മുന്നിൽ ഹാജരാക്കണെന്നും ഭരണപക്ഷം പറഞ്ഞു. പുറത്തിറങ്ങാത്ത ഒരു പുസ്തകത്തിലെ കാര്യങ്ങൾ എങ്ങനെയാണ് ആധികാരികമായി ഉദ്ധരിക്കാൻ കഴിയുക? സ്പീക്കറുടെ റൂളിംഗ് അനുസരിക്കാത്ത അംഗത്തിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് സഭ ആലോചിക്കണമെന്നും കടുത്ത വിമർശനം ഉയർന്നു. രാഹുൽ ഗാന്ധി പാർലമെന്റിനെ നിസാരവൽക്കരിക്കുകയാണെന്നും ഭരണപക്ഷം ചൂണ്ടികാണിച്ചു.
അതേസമയം, ബിജെപി എംപി തേജസ്വി സൂര്യ തന്റെയും കോൺഗ്രസിന്റെയും രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്തതിനാലാണ് തനിക്ക് ഈ വിഷയം ഉന്നയിക്കേണ്ടി വന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 'ഈ പുസ്തകത്തിൽ എന്ത് ഉള്ളതുകൊണ്ടാണ് നിങ്ങൾ ഇത്രയധികം ഭയപ്പെടുത്തുന്നത്? ഭയമില്ലെങ്കിൽ എന്നെ സംസാരിക്കാൻ അനുവദിക്കൂ' എന്ന് രാഹുൽ ഗാന്ധി വെല്ലുവിളിച്ചു. താൻ ഉദ്ധരിക്കുന്ന കാര്യങ്ങൾ 100 ശതമാനവും സത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും രാഹുലിന് പിന്തുണയുമായെത്തി. ചൈനയുമായി ബന്ധപ്പെട്ട വിഷയം അതീവ ഗൗരവമുള്ളതാണെന്നും പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഭയ്ക്ക് പുറത്ത് സർക്കാർ വൃത്തങ്ങൾ രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ഇല്ലാത്ത കാര്യങ്ങൾ സഭയിൽ വായിക്കുന്നത് അപകടകരമായ കീഴ്‌വഴക്കമാണെന്നും രാഹുൽ ഗാന്ധി ഒരു 'ഫേക്ക് ന്യൂസ് ഫാക്ടറി'യായി മാറിയിരിക്കുകയാണെന്നും ബിജെപി വൃത്തങ്ങൾ കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |