SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.32 PM IST

ചായംപൂശിയാൽ പാലം ബലപ്പെടില്ല സാറേ...

Increase Font Size Decrease Font Size Print Page

palam
അപകടാവസ്ഥയിലായ പാലം ചായം അടിച്ചപ്പോൾ

 മണപ്പാടി പാലം അപകടാവസ്ഥയിലായിട്ട് ഒന്നരപ്പതിറ്റാണ്ട്

മൂലമറ്റം: കൈവരികൾ തകർന്നും കോൺക്രീറ്റ് പാളികൾ അടർന്നും മണപ്പാടിപാലം അപകടാവസ്ഥയിലായിട്ടും അപകട ഭീഷണി പരിഹരിക്കാതെ പെയിന്റടിച്ച് വെളുപ്പിച്ച് പൊതുമരാമത്ത് വകുപ്പ് അധികൃതർ. അറക്കുളം പഞ്ചായത്തിലെ 9, 1‌1 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിലവിലെ അവസ്ഥയാണിത്. പാലം ഭീഷണിയായിട്ടും അധികൃതർക്ക് യാതൊരു കുലുക്കവുമില്ല. 15 വർഷം മുമ്പ് അപകടാവസ്ഥ തിരിച്ചറിഞ്ഞപ്പോൾ, മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് കണ്ണിൽ പൊടിയിടാനായി ചില്ലറ അറ്റകുറ്റപ്പണികൾ നടത്തി വരുന്നതല്ലാതെ പുനർനിർമ്മാണം എങ്ങുമെത്തിയിട്ടില്ല. ഇതിനിടയിലാണ് ഇടയ്ക്കിടെയുള്ള ചായംപൂശൽ. മൂലമറ്റംവഴി- പുള്ളിക്കാനം- വാഗൺ ഭാഗത്തേക്കുള്ള പ്രധാനപാതയിലാണ് പാലം. വാഗമൺ, കോലാഹലമേട് അടക്കമുള്ള മേഖലകളിലേക്ക് വിനോദസഞ്ചാരികൾ ഉൾപ്പെടെ നൂറ് കണക്കിനാളുകളാണ് ദിവസവും ഈ പാലം വഴി സഞ്ചരിക്കുന്നത്. മഴക്കാലത്ത് വെള്ളംകെട്ടിക്കിടന്നും യാത്ര ദുരിതമാണ്. വീതികുറഞ്ഞ പാലം വാഹനയാത്രികർക്കും കാൽനടയാത്രക്കാർക്കും ഇരട്ടി ദുരിതമാണ്.

കൈവരികൾ തകർന്നു
വീതികുറഞ്ഞ പാലത്തിൽ വാഹനാപകടങ്ങൾ തുടർക്കഥയാവുകയാണ്. അപകടത്തിൽ പാലത്തിന്റെ കൈവരികളും തകർന്നിട്ടുണ്ട്. ഏതാനും നാളുകൾക്ക് മുമ്പ് നിയന്ത്രണം വിട്ട ഒരു വാഹനം ഇടിച്ചാണ് കൈവരി തകർന്നത്.

മുന്നറിയിപ്പ് ''ബോർഡ് അപകടത്തിൽ""
60 വർഷത്തോളം പഴക്കമുള്ള പാലം അപകടാവസ്ഥയിലായതിനെ തുടർന്ന് ഭാരവാഹനങ്ങൾക്ക് മുന്നറിയിപ്പുമായി പൊതുമരാമത്ത് വകുപ്പ് 15 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ബോർഡ് പാലത്തേക്കാൾ അപകടാവസ്ഥയിൽ. ഏത് നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ് ഈ ബോർഡ്. ഇതിനിടയിലാണ് പെയിന്റടിച്ച് പാലം സൗന്ദര്യവത്കരിക്കാനുള്ള അധികൃതരുടെ ജാഗ്രത. ഒരു ബോർഡ് പോലും സംരക്ഷിക്കാനാകാത്തവർ പാലം എങ്ങനെ സംരക്ഷിക്കുമെന്നാണ് ജനം ചോദിക്കുന്നത്.

''പാലം അപകടാവസ്ഥയിലായിട്ട് വർഷങ്ങളായി. എത്രയും വേഗം പുതുക്കിപ്പണിയണം''

സിജു തൊമ്മി ( നാട്ടുകാരൻ )

''പാലത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് താലൂക്ക് സർവേയർക്ക് കത്ത് നൽകിയിട്ടുണ്ട്. മറുപടി കിട്ടിയാൽ തുടർനടപടി ആരംഭിക്കും. പുനർനിർമ്മാണത്തിന് ആറ് കോടി രൂപ അനുവദിച്ചിട്ടുണ്ട് ""

-സൂസൻ ( അസി. എക്സി. എൻജിനിയർ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം, തൊടുപുഴ)

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY