
ഹവാന: ക്യൂബയുമായി കരാറിലെത്താനുള്ള ചർച്ചകൾ തുടങ്ങിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദത്തിനെതിരെ ക്യൂബൻ വിദേശകാര്യ സഹമന്ത്രി കാർലോസ് ഫെർണാണ്ടസ് ഡി കോസിയോ രംഗത്തെത്തി. ഔദ്യോഗികമായി ചർച്ചകളൊന്നും നടക്കുന്നില്ലെന്ന് കാർലോസ് പറഞ്ഞു. രാജ്യങ്ങൾ തമ്മിൽ സന്ദേശങ്ങൾ കൈമാറിയെന്നും, എന്നാൽ ചർച്ചയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, ക്യൂബയ്ക്ക് എണ്ണ നൽകുന്നത് മെക്സിക്കോ അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. മെക്സിക്കോ പ്രതികരിച്ചിട്ടില്ല. ട്രംപിന്റെ ഭീഷണികളെ തുടർന്ന് മെക്സിക്കോയിൽ നിന്ന് ക്യൂബയിലേക്കുള്ള എണ്ണ വിതരണം ഇടിഞ്ഞിരുന്നു.
ക്യൂബയിലേക്ക് എണ്ണ വിതരണം ചെയ്യുന്ന രാജ്യങ്ങൾക്ക് തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇത്തരം രാജ്യങ്ങളിൽ നിന്ന് യു.എസിലേക്കുള്ള ഇറക്കുമതികൾക്ക് അധിക തീരുവ ചുമത്താൻ അനുവദിക്കുന്ന ഉത്തരവിൽ ട്രംപ് അടുത്തിടെ ഒപ്പിട്ടിരുന്നു. തീരുവ എത്ര ശതമാനമായിരിക്കുമെന്നോ ഏതൊക്കെ രാജ്യങ്ങൾക്ക് ചുമത്തുമെന്നോ നിലവിൽ യു.എസ് വ്യക്തമാക്കിയിട്ടില്ല.
ക്യൂബ പരാജയപ്പെട്ട രാജ്യമാണെന്നും നിലവിലെ ഭരണസംവിധാനത്തിന് കീഴിൽ രക്ഷപെടൽ അസാദ്ധ്യമാണെന്നുമാണ് ട്രംപ് പറയുന്നത്. വെനസ്വേലയിൽ നിന്നുള്ള എണ്ണ വരവ് നിലച്ചതോടെ കടുത്ത പ്രതിസന്ധിയിലാണ് ക്യൂബ. കടുത്ത ഊർജ്ജ ക്ഷാമം നേരിടുന്ന ക്യൂബയിൽ മണിക്കൂറുകളോളം പവർക്കട്ട് നീളുന്നു.
വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കിയ പിന്നാലെയാണ് അവരുടെ അടുത്ത സഖ്യകക്ഷിയായ ക്യൂബയിലേക്ക് ട്രംപിന്റെ സമ്മർദ്ദ തന്ത്രങ്ങൾ കേന്ദ്രീകരിച്ചത്. അതേ സമയം, റഷ്യ ക്യൂബയ്ക്ക് യു.എസിന്റെ ഊർജ്ജ ഉപരോധം മറികടക്കാനുള്ള സഹായങ്ങൾ വാഗ്ദ്ധാനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |