SignIn
Kerala Kaumudi Online
Wednesday, 04 February 2026 3.55 AM IST

ഓഹരിവിപണിയിൽ കുതിച്ചുചാട്ടം; ഇന്ത്യ -യുഎസ് വ്യാപാരക്കരാറിന്റെ പ്രതിഫലനം, രൂപയുടെ മൂല്യം വർദ്ധിച്ചു

Increase Font Size Decrease Font Size Print Page
nifty

ന്യൂഡൽഹി: യുഎസുമായി ഇന്ത്യ പുതിയ വ്യാപാര കരാർ പ്രഖ്യാപിച്ചതിനുപിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻകുതിച്ചുചാട്ടം. ഇന്നുരാവിലെ വ്യാപാരം ആരംഭിച്ച ആദ്യമണിക്കൂറുകൾക്കുള്ളിൽതന്നെ സെൻസെക്സ് 2,400 പോയിന്റിലധികം ഉയർന്ന് 85,000 എന്ന റെക്കാഡ് നിലവാരത്തിലേക്ക് അടുത്തു. നിഫ്റ്റി 750 പോയിന്റിലധികം നേട്ടമുണ്ടാക്കി 26,300 കടന്നു. ഓഹരി വിപണിയിലെ പുതിയ മാറ്റം രൂപയുടെ മൂല്യത്തിലും പ്രതിഫലിച്ചിരിക്കുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 1.2 ശതമാനം വർദ്ധിച്ച് 90.40 എന്ന നിലയിലെത്തി. 2022 നവംബറിനുശേഷമുള്ള രൂപയുടെ ഏറ്റവും മികച്ച മുന്നേറ്റമാണിത്.

ഞായറാഴ്ച അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിൽ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് വർദ്ധിപ്പിച്ചത് നിക്ഷേപകരെ ആശങ്കയിലാക്കിയിരുന്നു. അന്ന് വിപണിയിൽ ഏകദേശം പത്ത് ലക്ഷം കോടി രൂപയുടെ നിക്ഷേപക ആസ്തിയാണ് ഇല്ലാതായത്. എന്നാൽ പുതിയ വ്യാപാര കരാർ നഷ്ടങ്ങളെ മറികടക്കാൻ വിപണിയെ സഹായിച്ചു. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ ചർച്ചകളെത്തുടർന്നാണ് സുപ്രധാന കരാർ ഉണ്ടായത്. ഇളവ് മോദി സ്വാഗതം ചെയ്തെന്നും മോദിയുമായുള്ള സൗഹൃദവും ബഹുമാനവും കണക്കിലെടുത്താണ് തീരുമാനമെന്നും ഇന്ത്യ- യുഎസ് വ്യാപാരക്കരാറിനു ധാരണയായെന്നും ട്രംപ് അറിയിച്ചു.

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയിരുന്ന 50 ശതമാനം നികുതി 18 ശതമാനമായി കുറച്ചെന്നതാണ് കരാറിലെ ഏറ്റവും വലിയ നേട്ടം. ഇതിനുപകരമായി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുകയും യുഎസിൽ നിന്ന് കൂടുതൽ ഉൽപ്പന്നങ്ങൾ വാങ്ങുകയും ചെയ്യും. യുഎസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ തീരുവ പൂർണമായും ഒഴിവാക്കുമെന്നും റിപ്പോർട്ടുണ്ട്.

റഷ്യൻ എണ്ണയുടെ പേരിൽ ചുമത്തിയ 25 ശതമാനം അധിക തീരുവയും നീക്കുമെന്ന് വൈറ്റ്ഹൗസ് അധികൃതർ പറഞ്ഞു. അതേസമയം, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിറുത്തുമെന്ന ട്രംപിന്റെ അവകാശവാദത്തോട് പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുന്നതും വ്യാപാരവും മോദിയുമായി സംസാരിച്ചെന്നും റഷ്യൻ എണ്ണ വാങ്ങുന്നത് നിറുത്താമെന്ന് മോദി അറിയിച്ചെന്നും ട്രംപ് സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. യു.എസിൽ നിന്നും വെനസ്വേലയിൽ നിന്നും കൂടുതൽ എണ്ണ ഇന്ത്യ വാങ്ങും. ഇത് യുക്രെയിൻ യുദ്ധം അവസാനിക്കാൻ സഹായിക്കും. കൂടുതൽ അമേരിക്കൻ ഉത്പന്നങ്ങൾ ഇന്ത്യ വാങ്ങുമെന്നും ട്രംപ് അവകാശപ്പെട്ടു.

50 ശതമാനം തീരുവയാണ് യു.എസിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേൽ ചുമത്തിയിരുന്നത് (25 ശതമാനം പകരച്ചുങ്കവും 25 ശതമാനം റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിലും). ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് കുറച്ചെന്ന് യു.എസ് നേരത്തെയും അവകാശപ്പെട്ടിരുന്നെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇന്നത്തെ നില

1. സെൻസെക്സിൽ ഇന്ന് മുഴുവൻ ഓഹരികളും മുന്നേറി. 7.05 ശതമാനം ഉയർന്ന് അദാനി പോർട്സാണ് ഒന്നാമത്. ബജാജ് ഫിനാൻസ് 6.09 ശതമാനം, സൊമാറ്റോ (എറ്റേണൽ) 5.39 ശതമാനം എന്നിവ തൊട്ടുപിന്നാലെയുണ്ട്.
2. വിശാലവിപണിയിലും എല്ലാ വിഭാഗങ്ങളും പച്ചതൊട്ടു. നിഫ്റ്റി ഓട്ടോ 3.47ശതമാനം, ഐടി 2.68 ശതമാനം, മെറ്റൽ 2.44 ശതമാനം, ഫാർമ 3.08 ശതമാനം, പൊതുമേഖലാ ബാങ്ക് 2.23ശതമാനം, സ്വകാര്യബാങ്ക് 2.73ശതമാനം, റിയൽറ്റി 4.09 ശതമാനം, കൺസ്യൂമർ ഡ്യൂറബിൾസ് 3.32 ശതമാനം എന്നിങ്ങനെ ഉയർന്ന് നേട്ടത്തിൽ മുന്നിലെത്തി.

3. ബിഎസ്ഇയിൽ 3,100 ഓഹരികൾ വ്യാപാരം ചെയ്യുന്നതിൽ 2,862 ഓഹരികളും നേട്ടത്തിലാണ്.

TAGS: BUSINESS, INDIA, US
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.