
ചെന്നെെ: തമിഴ്‌നാട്ടിൽ ബിജെപിയുടെ മുഖമായിരുന്ന മുൻ ഐപിഎസ് ഓഫീസർ അണ്ണാമലൈ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് ഒഴിഞ്ഞു. മുൻ സംസ്ഥാന അദ്ധ്യക്ഷൻകൂടിയായ അദ്ദേഹം വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പദവി ഒഴിഞ്ഞത്.
'എന്റെ അച്ഛന് സുഖമില്ലാത്തതിനാൽ അദ്ദേഹത്തെ പരിചരിക്കണം. അതാണ് എന്റെ ആദ്യത്തെ കടമ. നേതൃത്വത്തോട് ഞാൻ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പദവി ഒഴിഞ്ഞാലും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഞാൻ പ്രവർത്തിക്കും'- അണ്ണാമലൈ മാദ്ധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ പാർട്ടി കേന്ദ്ര നേതൃത്വം അവഗണിക്കുന്നതിലുള്ള പ്രതിഷേധമായാണ് രാജി എന്നാണ് സംസാരം. അണ്ണാമലെെ കുറച്ചുനാളായി പാർട്ടിയുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തമിഴ്‌നാട്ടിൽ നേട്ടമുണ്ടാക്കാൻ കഴിയാതെ വന്നതോടെയാണ് അണ്ണാമലൈ പാർട്ടിയുമായി അകന്നത്. തിരഞ്ഞെടുപ്പിൽ അണ്ണാമലൈ വൻ പരാജയമേറ്റുവാങ്ങുകയും ചെയ്തു. പാർട്ടിയിലെയും മുന്നണിയിലെയും സംഭവവികാസങ്ങളിൽ അണ്ണാമലൈ കടുത്ത അതൃപ്തിയിലായിരുന്നു.
2023ൽ അണ്ണാമലെെയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് എഐഎഡിഎംകെ എൻഡിഎ വിട്ടത്. എഐഎഡിഎംകെയെ തിരികെ കൊണ്ടുവരാനുള്ള ഒത്തുതീർപ്പ് ചർച്ചകളുടെ ഭാഗമായാണ് അണ്ണാമലെെയെ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയത്. എന്നാൽ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് തീരുമാനമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. പിന്നീട് ബിജെപി അദ്ധ്യക്ഷനായി നിലവിലെ നിയമസഭാ കക്ഷി നേതാവ് കൂടിയായ നെെനാർ നാഗേന്ദ്രൻ എംഎൽഎയെ തിരഞ്ഞെടുത്തു. അണ്ണാമലെെയെ ദേശീയ രാഷ്ട്രീയത്തിൽ ഉപയോഗിക്കുമെന്ന് അമിത് ഷാ മുൻപ് വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രധാന പദവികളിലേക്ക് അണ്ണാമലെെയെ പരിഗണിച്ചില്ല. പിന്നീടാണ് തിരഞ്ഞെടുപ്പ് ചുമതല നൽകിയത്. മധുര സൗത്ത്, സിംഗനല്ലൂർ, വിരുഗമ്പാക്കം, കാരൈക്കുടി, ശ്രീവൈകുണ്ഡം, പത്മനാഭപുരം എന്നിവിടങ്ങളിലെ ചുമതലയാണ് അദ്ദേഹത്തിന് നൽകിയിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |