
ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ് ചെയർമാൻ സി ജെ റോയിയുടെ ഡയറി ആത്മഹത്യാക്കുറിപ്പായി പരിഗണിക്കാനാകില്ലെന്ന നിലപാടിൽ അന്വേഷണ ഉദ്യോഗസ്ഥർ. ഡയറി കിട്ടിയത് മരണം നടന്ന മുറിയിൽ നിന്നല്ലാത്തതിനാൽ അതിൽ എഴുതിയിരിക്കുന്ന കാര്യങ്ങളെ ആത്മഹത്യാ കുറിപ്പായി കരുതാനാകില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. റോയിയുടെ കാബിനിൽ മറ്റാരെങ്കിലും അതിക്രമിച്ചുകയറിയതിന് തെളിവില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. റോയിയുടെ ബിസിനസ് കാര്യങ്ങളെക്കുറിച്ച് അറിവുള്ള ഭാര്യ ലിനി റോയ്, സഹോദരൻ സി ജെ ബാബു, കമ്പനി എംഡിയായ ടി എ ജോസഫ് എന്നിവരിൽ നിന്നും ഉടൻ മൊഴിയെടുക്കും.
അതേസമയം, അന്വേഷണസംഘത്തിന് ലഭിച്ച മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും സൂചനയുണ്ട്. 30ന് ഉച്ചക്കഴിഞ്ഞ് തനിക്കൊപ്പമാണ് റോയ് കമ്പനി ആസ്ഥാനത്തേക്ക് വന്നതെന്നായിരുന്നു ടി എ ജോസഫിന്റെ മൊഴി. എന്നാൽ രണ്ട് മണിയോടെ തന്നെ എത്തിയതായാണ് സുരക്ഷാ ജീവനക്കാരുടെ മൊഴി. ആദായ നികുതി ഉദ്യോഗസ്ഥരുമായി റോയ് സംസാരിച്ചിരുന്നോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ക്യാബിനടുത്തുള്ള സിസിടിവി പ്രവർത്തന രഹിതമായതിനാൽ എപ്പോഴാണ് ക്യാബിനിലേക്ക് പോയതെന്നും വ്യക്തമായിട്ടില്ല.
ഒമ്പത് പേജുള്ള കുറിപ്പാണ് റോയിയുടെ ഡയറിയിലുണ്ടായിരുന്നത്. നിക്ഷേപകരെയും ജീവനക്കാരെയും കൈവിടരുതെന്നും കമ്പനിയെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നുള്ള നിർദേശങ്ങളും കുറിപ്പിലുണ്ടായിരുന്നു. കുടുംബാംഗങ്ങളുൾപ്പടെ തന്നെ സ്‌നേഹിക്കുന്നവർ പൊറുക്കണമെന്നും അദ്ദേഹം അപേക്ഷിട്ടുണ്ട്. വെള്ളിയാഴ്‌ച കമ്പനി ആസ്ഥാനത്തെ മുറിയിലാണ് റോയിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയിലാണ് ഡയറി കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |