പുൽപ്പള്ളി: മഞ്ഞുകാലം പടിയിറങ്ങുന്നതോടെ വയനാടൻ ഗ്രാമവീഥികളിലും തോട്ടങ്ങളിലും മാമ്പൂക്കളുടെ വസന്തം. ജില്ലയിലെങ്ങും നാട്ടുമാവുകളും സങ്കരയിനങ്ങളും ഒരുപോലെ പൂത്തുനിൽക്കുന്നത് കർഷകർക്കും പ്രകൃതിസ്‌നേഹികൾക്കും ഒരുപോലെ പ്രതീക്ഷയേകുന്നു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഇലകൾ കാണാത്ത വിധം മാവുകൾ പൂവിട്ടിരിക്കുന്നത് ശ്രദ്ധേയമാണ്. മഞ്ഞും വെയിലും ഇടകലർന്ന നിലവിലെ കാലാവസ്ഥ മാമ്പൂക്കൾ കൊഴിയാതെ നിൽക്കാൻ ഏറെ അനുകൂലമാണ്. എന്നാൽ അപ്രതീക്ഷിതമായി എത്തുന്ന മഴ കർഷകർക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചിരുന്നു. പ്രത്യേകിച്ച് പെരിക്കല്ലൂർ മേഖലയിലുണ്ടായ കനത്ത മഴ പൂക്കൾക്ക് ഭീഷണിയാകുമോ എന്ന ആശങ്കയിലാണ് കർഷകർ. പൂപ്പൽ രോഗം, തുള്ളൻ കീടങ്ങളുടെ ആക്രമണം എന്നിവ പടരാൻ സാധ്യതയുള്ളതിനാൽ കർഷകർ ജാഗ്രതയിലാണ്. കൃത്യമായ പരിചരണത്തിലൂടെ ഇത്തവണ മികച്ച വിളവ് ലഭിക്കുമെന്നാണ് വിലയിരുത്തൽ. വയനാട്ടിൽ നാട്ടുമാവിനങ്ങളാണ് പ്രധാനമായും പൂത്തുനിൽക്കുന്നതെങ്കിൽ, തൊട്ടടുത്ത കർണാടകയിലെ ഗുണ്ടൽപേട്ടിൽ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിടങ്ങളിലും മാമ്പൂക്കാലം സജീവമാണ്. അൽഫോൻസോ, മൽഗോവ, നീലം, ചന്ദ്രക്കാരൻ, ഹിമാപസന്ത് തുടങ്ങിയ പ്രിയമേറിയ ഇനങ്ങളെല്ലാം അവിടെ സമൃദ്ധമായി പൂത്തിട്ടുണ്ട്. സുൽത്താൻ ബത്തേരി ഗുണ്ടൽപേട്ട് ദേശീയ പാതയിലെ മാന്തോട്ടങ്ങൾ വളരെ മനോഹരമാണ് ഇതു വഴി കടന്ന് പോകുന്ന സഞ്ചാരികൾ ഇവിടെ ഇറങ്ങാതെ പോകാറില്ല. മാമ്പൂക്കാലം സജീവമായതോടെ തേനീച്ചകൾക്കും മറ്റ് പരാഗണ സഹായികൾക്കും ഇത് വൻ വിരുന്നായി മാറി. പൂക്കളിലെ തേൻ നുകരാൻ തേനീച്ചകൾ കൂട്ടത്തോടെ എത്തുന്നത് ജില്ലയിലെ തേൻ ഉൽപാദനത്തിലും വലിയ വർദ്ധനവുണ്ടാക്കാൻ സഹായിക്കും. പരാഗണം ശരിയായ രീതിയിൽ നടക്കുന്നത് കായ്ഫലം വർദ്ധിപ്പിക്കുമെന്നതും കർഷകർക്ക് ആശ്വാസമാകുന്നു. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ പൂക്കാലം വയനാടിന്റെ കാർഷിക മേഖലയ്ക്ക് പുതിയൊരു ഉണർവ് നൽകുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ കർഷക സമൂഹം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |