
കുട്ടനാട്: രാമങ്കരി പഞ്ചായത്തിലെ ഊരുക്കരി-പുതുക്കരി വാർഡുകളെ ബന്ധിപ്പിക്കുന്നതും 45 വർഷത്തിലേറെ പഴക്കമുള്ളതുമായ ഗോവണിപ്പാലത്തിന്റെ അപകടസ്ഥിതിക്ക് മാറ്റമില്ല. നിരവധി പടിക്കെട്ടോടുകൂടിയ ഉയരമുള്ള ഗോവണി പാലത്തിന്റെ ശോച്യാവസ്ഥ നേരിൽക്കണ്ട്, ആറുമാസത്തിനകം പുതിയ ആംബുലൻസ് പാലം നിർമ്മിച്ചുനൽകുമെന്ന തോമസ് കെ.തോമസ് എം.എൽ. എയുടെ വാഗ്ദാനവും പാഴായി.
പടിക്കെട്ടുകൾ പൊട്ടി അകലുകയും കോൺക്രീറ്റ് കമ്പികൾ തുരുമ്പെടുത്ത് ബലക്ഷയം സംഭവിക്കുകയും ചെയ്തതോടെ വരാൻ പോകുന്ന വൻ ദുരന്തം കണക്കിലെടുത്ത് പാലത്തിലൂടെയുള്ള സഞ്ചാരം പഞ്ചായത്ത് വിലക്കിയെന്ന് മാത്രമല്ല, നിരോധന ബോർഡും സ്ഥാപിച്ചു. ഈ ഘട്ടത്തിലായിരുന്നു, നടപ്പാലത്തിന് പകരം വാഹനങ്ങൾക്ക് കടന്നുപോകാവുന്ന ആധുനിക പാലം ആറുമാസത്തിനകം നിർമ്മിക്കുമെന്ന എം.എൽ.എയുടെ 'ആശ്വാസ പ്രഖ്യാപനം' ഉണ്ടായത്. അതുകഴിഞ്ഞ് വർഷങ്ങളായിട്ടും
ഒരു നടപടിയും ഉണ്ടായില്ല. ഇതോടെ ഊരുക്കരി അനുപമ സ്വാശ്രയസംഘത്തിന്റെ നേതൃത്വത്തിൽ പ്രതിഷധത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാർ.
ഊരുക്കരി നിവാസികൾക്ക് പ്രതിഷേധം
1.ഗതിമുട്ടിയ നാട്ടുകാർ തങ്ങളുടെ കൈയിലെ പണമെടുത്ത് താത്കാലിക നടപ്പാലം നിർമ്മിച്ചെങ്കിലും അതും ഇപ്പോൾ ഏത് നിമിഷവും തകരാമെന്ന സ്ഥിതിയിലാണ്. മാത്രമല്ല, വള്ളത്തിൽ വിത്തും വളവും കാർഷിക സാമിഗ്രികളുമായി പാടശേഖരങ്ങളിലേക്ക് പോകുന്ന കർഷകർക്ക് ഇത് വലിയ ബുദ്ധിമുട്ടായി
2.ഊരുക്കരി കുടുംബാരോഗ്യകേന്ദ്രം, പ്രാഥമികസഹകരണസംഘം, മൃഗാശുപത്രി, പോസ്റ്റ് ഓഫീസ്, ശ്രീധർമ്മശാസ്താ ക്ഷേത്രം, മിത്രക്കരി ദേവീക്ഷേത്രം, പുതുക്കരി സെന്റ് സേവ്യേഴ്സ് പള്ളി, ഗവ.എൽ.പി.എസ് ഊരുക്കരി, അങ്കണവാടി എന്നിവിടങ്ങളിലേയ്ക്ക് എത്തിച്ചേരാനുള്ള പ്രധാന മാർഗ്ഗമാണ് പാലം
3. എടത്വ- മാമ്പുഴക്കരി സംസ്ഥാന പാത, ഊരുക്കരി നബാർഡ് റോഡ്, വേഴപ്ര - എടത്വ ചമ്പക്കുളം എന്നീ റോഡുകളെ ബന്ധിപ്പിക്കുന്നതും ഈ പാലമാണ്. കാലാവധി പൂർത്തിയാക്കും മുമ്പ് ഉറപ്പ് പാലിക്കാൻ എം.എൽ.എ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |