SignIn
Kerala Kaumudi Online
Wednesday, 22 April 2026 9.21 AM IST

വിവാദങ്ങൾക്കുമപ്പുറം ലോകകപ്പ് ഓളം

Increase Font Size Decrease Font Size Print Page
icc-world-cup

ട്വന്റി -20 ക്രിക്കറ്റ് ലോകകപ്പിന് ശനിയാഴ്ച തുടക്കമാകുന്നു

മുംബയ് /കൊളംബോ : ബംഗ്ളാദേശും പാകിസ്ഥാനും ഉയർത്തിയ വിവാദങ്ങൾക്കപ്പുറം പത്താമത് ഐ.സി.സി ട്വന്റി-20 ലോകകപ്പിന്റെ തിരശീല ഉയരുകയാണ്. വരുന്ന ശനിയാഴ്ചയാണ് ഇന്ത്യയിലും ശ്രീലങ്കയിലുമായി ടൂർണമെന്റിന് തുടക്കമാകുന്നത്. ആദ്യ ദിവസം മൂന്ന് മത്സരങ്ങളാണുള്ളത്. കൊളംബോയിൽ പാകിസ്ഥാൻ നെതർലാൻഡ്സിനെയും കൊൽക്കത്തയിൽ സ്കോട്ട്‌ലാൻഡ് വെസ്റ്റ് ഇൻഡീസിനെയും മുംബയ്‌യിൽ ഇന്ത്യ അമേരിക്കയേയും നേരിടും. ഒരുമാസത്തിലധികം നീളുന്ന ടൂർണമെന്റിന്റെ ഫൈനൽ മാർച്ച് എട്ടിനാണ്.

പേസ് ബൗളർ മുസ്താഫിസുർ റഹ്മാനെ ഐ.പി.എൽ ടീം കൊൽക്കത്താ നൈറ്റ്റൈഡേഴ്സിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ താരങ്ങൾക്ക് ഇന്ത്യയിൽ സുരക്ഷയില്ലെന്ന് ആരോപിച്ച് ബംഗ്ളാദേശ് തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് വാശിപിടിച്ചിരുന്നു. പലവട്ടം ചർച്ച നടത്തിയിട്ടും വഴങ്ങാതിരുന്ന ബംഗ്ളാദേശിനെ മാറ്റി ആ സ്ഥാനത്തേക്ക് ഐ.സി.സി സ്കോട്ട്‌ലാൻഡിനെ ഉൾപ്പെടുത്തി. അതിന് പിന്നാലെയാണ് ബംഗ്ളാദേശിന് പിന്തുണയെന്ന രീതിയിൽ പാകിസ്ഥാൻ ബഹിഷ്കരണഭീഷണി മുഴക്കിയത്. ഇന്ത്യയ്ക്ക് എതിരായ മത്സരം മാത്രം ബഹിഷ്കരിക്കാനാണ് പാക് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. ഏത് മത്സരം ബഹിഷ്കരിച്ചാലും വലിയ വിലകൊടുക്കേണ്ടിവരുമെന്ന് ഐ.സി.സി പാകിസ്ഥാനെ അറിയിച്ചിട്ടുണ്ട്. ഏതായാലും പാക് ടീം ലോകകപ്പിനായി ശ്രീലങ്കയിൽ എത്തിക്കഴിഞ്ഞു. പാകിസ്ഥാന്റെ എല്ലാ മത്സരങ്ങളും മുൻ ധാരണപ്രകാരം ലങ്കയിലാണ് നടക്കുന്നത്.

20 ടീമുകൾ

4 ഗ്രൂപ്പുകൾ

ആതിഥേയരായ ഇന്ത്യയും ശ്രീലങ്കയും അവസാനിമിഷം ബംഗ്ളാദേശിന് പകരക്കാരായി എത്തിയ സ്കോട്ട്‌ലാൻഡും ഉൾപ്പടെ 20 ടീമുകളാണ് ഈ ലോകകപ്പിൽ മത്സരിക്കുന്നത്. അഞ്ചു ടീമുകൾ വീതമടങ്ങുന്ന നാലുഗ്രൂപ്പുകൾ. ഒരു ടീമിന് ഗ്രൂപ്പ് റൗണ്ടിൽ നാലു മത്സരങ്ങൾ. ഗ്രൂപ്പിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്നവർ സൂപ്പർ എട്ട് റൗണ്ടിലേക്ക് കടക്കും. സൂപ്പർ എട്ട് റൗണ്ടിൽ നാലുടീമുകൾ അടങ്ങുന്ന രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ഗ്രൂപ്പിലെ മറ്റ് ടീമുകളെ നേരിടും. ഓരോ ഗ്രൂപ്പിലും മുന്നിലെത്തുന്ന രണ്ട് ടീമുകൾ സെമിയിലേക്ക് കടക്കും. മാർച്ച് നാല്,അഞ്ച് തീയതികളിലായാണ് സെമിഫൈനലുകൾ നിശ്ചയിച്ചിരിക്കുന്നത്. മാർച്ച് എട്ടിന് അഹമ്മദാബാദിലാണ് ഫൈനൽ. പാകിസ്ഥാൻ സെമിയിലോ ഫൈനലിലോ എത്തുകയാണെങ്കിൽ മത്സരവേദി കൊളംബോ ആയിരിക്കും.

ഗ്രൂപ്പ് എ

ഇന്ത്യ, പാകിസ്ഥാൻ,യു.എസ്.എ,നമീബിയ,നെതർലാൻഡ്സ്

ഗ്രൂപ്പ് ബി

ഓസ്ട്രേലിയ, അയർലാൻഡ്,ഒമാൻ,ശ്രീലങ്ക,സിംബാബ്‌വേ

ഗ്രൂപ്പ് സി

ഇംഗ്ളണ്ട്,ഇറ്റലി, നേപ്പാൾ,സ്കോട്ട്‌ലാൻഡ്, വെസ്റ്റ് ഇൻഡീസ്

ഗ്രൂപ്പ് ഡി

അഫ്ഗാനിസ്ഥാൻ,കാനഡ,ന്യൂസിലാൻഡ്,ദക്ഷിണാഫ്രിക്ക.യു.എ.ഇ

കിരീ‌ടം നിലനിറുത്താൻ

സൂര്യയും സംഘവും

2024ൽ അമേരിക്കയിലും വിൻഡീസിലുമായി നടന്ന ഒൻപതാമത് ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ഇന്ത്യ ചാമ്പ്യന്മാരായത്. 2007ലെ ട്വന്റി-20 ലോകകപ്പിന് ശേഷം ആദ്യമായി കിരീടം ഇന്ത്യയിലേക്ക് എത്തിയത് 2024ലായിരുന്നു. രോഹിത് ശർമ്മയായിരുന്നു നായകൻ. ഇതിഹാസതാരം വിരാട് കൊഹ്‌ലിയും ടീമിലുണ്ടായിരുന്നു. ലോകകപ്പ് നേട്ടത്തിന് ശേഷമാണ് രോഹിതും കൊഹ്‌ലിയും ഒപ്പം രവീന്ദ്ര ജഡേജയും ട്വന്റി-20 ഫോർമാറ്റിൽ നിന്ന് വിരമിച്ചത്.ഇവരില്ലാത്ത ടീമാണ് ഇക്കുറി കിരീടം നിലനിറുത്താൻ ഇറങ്ങുന്നത്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ കഴിഞ്ഞഫൈനലിൽ നിർണായക ക്യാച്ചെടുത്ത സൂര്യകുമാർ യാദവാണ് ഇക്കുറി നായകൻ.15 അംഗ ടീമിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണും ഇടം നേടിയിട്ടുണ്ട്. ലോകകപ്പിന് മുമ്പ് ന്യൂസിലാൻഡിനെതിരായ 5 ട്വന്റി-20കളുടെ പരമ്പര 4-1ന് നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ശസ്ത്രക്രിയയ്ക്ക് ശേഷം തിലക് വർമ്മ കളത്തിലിറങ്ങിയത് ഇന്ത്യയുടെ കരുത്ത് കൂട്ടുന്നു.

ഇന്ത്യൻ ടീം

സൂര്യകുമാർ യാദവ് (ക്യാപ്ടൻ), അക്ഷർ പട്ടേൽ (വൈസ് ക്യാപ്ടൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ) അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്,ഹർഷിത് റാണ,കുൽദീപ് യാദവ്, വാഷിംഗ്‌ടൺ സുന്ദർ,വരുൺ ചക്രവർത്തി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ).

ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങൾ

ഫെബ്രുവരി 7

Vs അമേരിക്ക

(മുംബയ്)

ഫെബ്രുവരി 12

Vs നമീബിയ

(ഡൽഹി)

ഫെബ്രുവരി 15

Vs പാകിസ്ഥാൻ

(കൊളംബോ)

ഫെബ്രുവരി 18

Vs നെതർലാൻഡ്സ്

(അഹമ്മദാബാദ്)

5

വേദികളാണ് ലോകകപ്പിനായി ഇന്ത്യയിലുള്ളത്. ന്യൂഡൽഹി, മുംബയ്, കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ് എന്നിവയാണവ. ലങ്കയിൽ മൂന്ന് വേദികൾ. കൊളംബോയിൽ രണ്ട് വേദികൾ.പല്ലെക്കിലെയിൽ ഒരു വേദി.

55

ഫൈനൽ ഉൾപ്പടെ 55 മത്സരങ്ങളാണ് ടൂർണമെന്റിൽ ആകെയുള്ളത്.

TAGS: NEWS 360, SPORTS, ICC WORLD CUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.