SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.41 PM IST

ചെറുകനാലുകളിൽ വെള്ളമില്ല, ഐരാപുരത്തുകാർ ദുരിതത്തിൽ

Increase Font Size Decrease Font Size Print Page
canal
വറ്റി വരണ്ട പെരിയാർവാലി എം.ഡി.ആർ കനാൽ

കോലഞ്ചേരി: കൃഷിയിടങ്ങൾ വരണ്ടു, കിണറുകൾ വറ്റി, സ്കൂൾ കുട്ടികൾക്കും ദുരിതം. ഐരാപുരത്ത് ഉൾപ്രദേശങ്ങൾ വഴി ഒഴുകുന്ന ചെറുകനാലുകളിൽ വെള്ളമെത്താതായതോടെ കാർഷിക മേഖലയ്ക്ക് തിരിച്ചടിയായി. കുടിവെള്ളം കിട്ടാക്കനിയായി.

ഐരാപുരം റബർ പാർക്കിൽ നിന്ന് ആരംഭിച്ച് പട്ടികജാതി കോളനി, ലക്ഷംവീട് കോളനി വഴി ഐരാപുരം എൻ.എസ്.എസ് എൽ.പി സ്കൂളിന് സമീപം അവസാനിക്കുന്ന പെരിയാർവാലി എം.ഡി.ആർ കനാലിലാണ് ഇതുവരെയും വെള്ളം എത്താത്തത്.

പെരിയാർവാലി മെയിൻ കനാലുകളിൽ വെള്ളം എത്തിയിട്ടും ചെറുകനാലുകളിൽ വെള്ളമെത്തിക്കാൻ അധികൃതർ തയ്യാറാകാത്തതാണ് മേഖലയെ കടുത്ത വരൾച്ചയിലാക്കിയത്. ജനപ്രതിനിധികളടക്കം ഉദ്യോഗസ്ഥരോട് നിരവധി തവണ പരാതി പറഞ്ഞെങ്കിലും തിരിഞ്ഞു നോക്കിയിട്ടില്ല. കനാലുകളിൽ സമയബന്ധിതമായി കാടുവെട്ട് പൂർത്തിയാക്കാത്തതിനാൽ നീരൊഴുക്ക് സുഗമമാകില്ല.

കനാൽ വെള്ളമെത്താത്തതിനെ തുടർന്ന് കിണറുകളിൽ നിന്ന് കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയാണ്. കൃഷിയിടങ്ങളെല്ലാം കടുത്ത വെയിലിനെ തുടർന്ന് കരിഞ്ഞുണങ്ങി. സമീപത്തെ സ്കൂളുകളിലെ കിണറും വറ്റിയതോടെ കുട്ടികളുടെ ഉച്ചക്കഞ്ഞി വിതരണവും മുടങ്ങുന്ന അവസ്ഥയിലാണ്. മെയിൻ കനാലുകളിൽ നവംബർ അവസാനത്തോടെ വെള്ളമെത്തിയെങ്കിലും ഗ്രാമീണ മേഖലയിലെ ചെറു പി.വി.ഐ.പി കനാലുകളിലാണ് കഴിഞ്ഞ രണ്ടര മാസമായി വരണ്ടുകിടക്കുന്നത്. കോലഞ്ചേരി പെരിയാർവാലി ഓഫീസിന് കീഴിലുള്ള വാച്ചർമാരും മറ്റ് ഉദ്യോഗസ്ഥരും കഴിഞ്ഞ കാലങ്ങളിൽ വെള്ളം കനാലുകളുടെ അവസാന ഭാഗം വരെ എത്തിച്ചിരുന്നതാണ്. എന്നാൽ ഇക്കുറി ഒരാൾ പോലും തിരിഞ്ഞു നോക്കിയിട്ടില്ല.

പലവട്ടം പെരിയാർവാലി അധികൃതരെ പരാതി അറിയിച്ചിട്ടും നടപടിയായില്ല. വെള്ളമെത്തിക്കാൻ വൈകിയാൽ കോലഞ്ചേരി പെരിയാർവാലി ഓഫീസിലേക്ക് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY