
തൊടുപുഴ: താലൂക്കിലെ അഞ്ച് വില്ലേജുകളിൽ പട്ടയ വിതരണ നടപടികൾ തടസപ്പെടുന്നതിൽ പ്രതിഷേധവുമായി ഊര് മൂപ്പൻമാർ. കരിമണ്ണൂർ എൽ.എ സ്‌പെഷ്യൽ തഹസീൽദാർ ഓഫീസിലെത്തിയാണ് പ്രതിഷേധമറിയിച്ചത്. വിതരണതടസം എന്തെന്ന് തഹസീൽദാർ രേഖാമൂലം നൽകിയതോടെയാണ് ഊര് മൂപ്പൻമാർ പിന്മാറിയത്. ഇന്നലെ രാവിലെ പത്തരയോടെ എത്തിയ അവർ ഒന്നരമണിക്കൂറോളം തഹസീൽദാരുടെ ചേംബറിൽ ഇരുന്നശേഷമാണ് പിന്മാറിയത്. 2024 ജനുവരി 10ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം പട്ടയം വിതരണം നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് വിതരണം സുഗമമാക്കണമെന്ന ആവശ്യമായി ഇവർ എത്തിയത്. ഈ ഉത്തരവിനും മുമ്പേതന്നെ പട്ടയം നൽകാമെന്നുണ്ടായിട്ടും അത് നടപ്പാക്കുന്നില്ലെന്നാണ് സംഘടനകൾ ഉന്നയിക്കുന്ന ആരോപണം. വനംവകുപ്പ് റവന്യൂവകുപ്പിന് വിട്ടുനൽകിയ ഈ സ്ഥലങ്ങളിൽ 3373/1966നമ്പർ ഉത്തരവ് പ്രകാരം പട്ടയം നൽകാൻ അനുമതിയുള്ളതായി ഇവർ പറയുന്നു. ഇത് റദ്ദാക്കിയതായി 2024ലെ ഉത്തരവിൽ പറയുന്നില്ല. പഴയവിധി റദ്ദാക്കാതെ എങ്ങനെ പുതിയ ഉത്തരവ് നടപ്പാക്കുമെന്നാണ് ഇവർ ഉയർത്തുന്ന ചോദ്യം. പട്ടയം നൽകേണ്ടെന്നാണ് കോടതി നിദ്ദേശമെങ്കിൽ, നിലവിൽ സർവേ ഉൾപ്പെടെയുള്ള നടപടികൾ നടത്തുന്നത് എന്തിനെന്നും മൂപ്പൻമാർ|ചോദിക്കുന്നു. തൊടുപുഴ എം.എൽ.എ ചെയർമാനായുള്ള ലാൻഡ് അസൈൻമെന്റ് കമ്മിറ്റി വിതരണത്തിനായി അംഗീകരിച്ച പട്ടയങ്ങൾ നാല് വർഷമായി നൽകുന്നില്ലെന്നാണ് ആരോപണം.
അഞ്ച് വില്ലേജുകളിൽ
സ്ഥിതി സങ്കീർണം
വണ്ണപ്പുറം, ഉടുമ്പന്നൂർ, വെള്ളിയാമറ്റം, അറക്കുളം, കുടയത്തൂർ വില്ലേജുകളിൽ പരിശോധന പൂർത്തിയാക്കിയ 1612 അപേക്ഷകളാണ് കോടതി ഉത്തരവിനെ തുടർന്ന് തടഞ്ഞിരിക്കുന്നത്. ഉടുമ്പന്നൂർ - 901, വെള്ളിയാമറ്റം - 45 എന്നിങ്ങനെ ആകെ - 946 പട്ടയങ്ങൾ മുമ്പ് നൽകിയിട്ടുണ്ട്. എന്നാൽ പുതിയ അപേക്ഷകളിൽ തുടർ നടപടികളില്ല. ഭരണഘടന അവകാശങ്ങൾ നിഷേധിച്ചുള്ള ഇത്തരം നടപടികൾ മനുഷാവകാശ ലംഘനമാണെന്നും നിയമപരമായി നേരിടുമെന്നും ഊരുമൂപ്പൻമാർ പറഞ്ഞു. വിഷയത്തിൽ പി.ജെ ജോസഫ് എം.എൽ.എ ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടു. എം.ഐ ശശീന്ദ്രൻ, വി.എൻ ബാലചന്ദ്രൻ, സി.കെ ദാമോദരൻ, ടി.എസ് സുകുമാരൻ, ഗോവിന്ദൻ, പി.ജി സുധാകരൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
=പരിശോധന പൂർത്തിയാക്കി നൽകിയ പട്ടയം: 946
കോടതി ഉത്തരവിനെ തുടർന്ന് തടഞ്ഞത്: 1612
''കോടതി ഉത്തരവ് മൂലമാണ് പട്ടയ വിതരണ നടപടികൾ നിർത്തിയത്. അനുകൂലവിധിയുണ്ടായാൽ പുനരാരംഭിക്കും'' ബോബി റോസ് ( എൽ.എ തഹസീൽദാർ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |