കോഴിക്കോട്: ഐ.എസ്.എൽ 12ാം പതിപ്പ് മത്സരം മുന്നിലെത്തിയിട്ടും ഹോം ഗ്രൗണ്ടിന്റെ കാര്യത്തിൽ തീരുമാനമാകാത്തതിനാൽ കോഴിക്കോട് വിട്ട് കൊച്ചിയിൽ ചേക്കേറാൻ കേരള ബ്ലാസ്റ്റേഴ്സ്. ഹോം മാച്ചുകൾക്ക് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം ലഭിക്കുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ ഗ്രൗണ്ട് കൈമാറാത്തതാണ് ടീമിനെ സമ്മർദ്ദത്തിലാക്കുന്നത്. ഫെബ്രുവരി 14ന് ഐ.എസ്.എൽ തുടങ്ങാനിരിക്കെയാണ് കേരള ടീം കൂടുവിടാൻ ഒരുങ്ങുന്നത്. ഈ സീസണിന്റെ കിക്കോഫ് കൊൽക്കത്തയിലാണ്. ആദ്യ മത്സരത്തിൽ മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. 14 ടീമുകളാണ് ലീഗിൽ കളിക്കാനെത്തുക. മത്സരങ്ങൾ മേയ് 17 വരെ നീണ്ടുനിൽക്കും.
ഗ്രൗണ്ട് നശിപ്പിച്ചത് തിരിച്ചടി
ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ് ഗ്രാൻഡ് ഫിനാലെയെത്തുടർന്ന് കോർപ്പറേഷൻ സ്റ്റേഡിയത്തിലെ
പുൽമൈതാനം ഉണങ്ങി നശിച്ചതാണ് ഗ്രൗണ്ട് കൈമാറ്റത്തിന് കാലതാമസം ഉണ്ടാക്കിയത്. ഇതുവരെ ഗ്രൗണ്ട് കേരള ഫുട്ബോൾ അസോസിയേഷന് കൈമാറി കിട്ടിയിട്ടുമില്ല. ഗ്രൗണ്ടിൽ പുല്ലുകൾ കിളിർത്തു തുടങ്ങിയിട്ടുണ്ടെങ്കിലും ഭാരംകൂടിയ ലോറികൾ കയറിയിറങ്ങിയതിനാൽ ഗ്രൗണ്ട് അമർന്നുപോയിട്ടുണ്ട്. ഇത് മൈതാനത്തിന്റെ മൃദൃത്വം നഷ്ടപ്പെടുത്തിയതായാണ് വിലയിരുത്തൽ. കളിക്കാർക്കുണ്ടാക്കുന്ന പരിക്ക് വർദ്ധിപ്പിക്കുമെന്നും ആശങ്കയുണർത്തുന്നു. സൂപ്പർ ലീഗ് വേളയിലെ ഗ്രൗണ്ട് പരിശോധന നടത്തി
മെച്ചപ്പെട്ടതെന്ന വിലയിരുത്തലിലാണ് ബ്ലാസ്റ്റേഴ്സ് കോർപ്പറേഷൻ സ്റ്റേഡിയത്തെ ഹോം ഗ്രൗണ്ടാക്കാമെന്ന തീരുമാനത്തിലെത്തിയത്. അതിനുശേഷമാണ് റേസിംഗ് മത്സരം സംഘടിപ്പിച്ചത്. പുൽമൈതാനത്തിന് കേടുപാടുകൾ ഒന്നും സംഭവിക്കില്ലെന്നും അഹ്മദാബാദ് ഉൾപ്പെടെയുള്ള പല സ്റ്റേഡിയത്തിലും ഇത്തരം മത്സരങ്ങൾ നടത്തിയിട്ടുണ്ടെന്നും മൈതാനത്തിന്റെ നടത്തിപ്പുകാരായ കേരള ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |