SignIn
Kerala Kaumudi Online
Friday, 06 February 2026 7.42 PM IST

ഇന്ത്യ തയ്യാർ, ഇലവനിൽ ഇഷാൻ

Increase Font Size Decrease Font Size Print Page
cricket
cricket

ട്വന്റി-20 ക്രിക്കറ്റ്ലോകകപ്പിന് നാളെ തുടക്കമാകുന്നു

ഇന്ത്യൻ പ്ളേയിംഗ് ഇലവനിൽ ഇഷാന് സാദ്ധ്യതയേറി

മുംബയ് : നാളെ മുംബയ് വാങ്കഡേ സ്റ്റേഡിയത്തിൽ ട്വന്റി-20 ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇറങ്ങുമ്പോൾ ഒരു കാര്യം ഏറെക്കുറെ ഉറപ്പാണ്; പ്ളേയിംഗ് ഇലവനിൽ മലയാളി താരം സഞ്ജു സാംസണിന് പകരം ഇഷാൻ കിഷനാകും ഇറങ്ങുക. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന ഇന്ത്യൻ ടീമിന്റെ ഏക സന്നാഹമത്സരത്തിൽ സഞ്ജുവിന് ബാറ്റിംഗിന് അവസരം നൽകാതിരുന്നതിലൂടെത്തന്നെ ടീമിന്റെ സ്ട്രാറ്റജിയെക്കുറിച്ച് സൂചന ലഭിച്ചുകഴിഞ്ഞു. ഇഷാൻ കിഷനാകട്ടെ ന്യൂസിലാൻഡിന് എതിരായ പരമ്പരയിൽ കാഴ്ചവച്ച ഫോമിന്റെ തുടർച്ച സന്നാഹത്തിലും പുറത്തെടുത്തു. വെറും 20 പന്തുകളിൽ ഏഴു സിക്സുകളും രണ്ട് ഫോറുകളുമടക്കം 53 റൺസ് നേടിയാണ് ഇഷാൻ മതിയാക്കി മടങ്ങിയത്.

ലോകകപ്പ് ടീം പ്രഖ്യാപിക്കുമ്പോൾ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ സഞ്ജുവായിരുന്നു. ഇഷാൻ സഞ്ജുവിന്റെ സ്റ്റാൻഡ് ബൈയും. ലോകകപ്പിന് മുന്നോടിയായി നടന്ന ന്യൂസിലാൻഡിനെതിരെയുള്ള അഞ്ചുമത്സരപരമ്പര കഴിഞ്ഞതോടെ പക്ഷേ കഥമാറി. തിലക് വർമ്മ ശസ്ത്രക്രിയ കഴിഞ്ഞതിനാൽ ന്യൂസിലാൻഡിനെതിരെ കളിച്ചില്ല. അതോടെ ഇഷാന് പ്ളേയിംഗ് ഇലവനിൽ ഇടം കിട്ടി. സഞ്ജു അഞ്ചുമത്സരത്തിലും നിരാശപ്പെ‌ടുത്തിയപ്പോൾ ഇഷാൻ ആദ്യ മത്സരത്തിലൊഴികെ തകർപ്പൻ ഫോമിലായിരുന്നു. 10,6,0,24,6 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ പരമ്പരയിലെ പ്രകടനം. 8,76,28,103 എന്നിങ്ങനെയായിരുന്നു ഇഷാന്റെ പ്രകടനം. കാര്യവട്ടത്ത് നടന്ന അഞ്ചാം ട്വന്റി-20യിൽ ഇഷാനെ വിക്കറ്റ് കീപ്പിംഗ് ഗ്ളൗസ് കൂടി ഏൽപ്പിച്ചതോടെ കാര്യങ്ങൾ വ്യകതമായി. കാര്യവട്ടത്ത് കീപ്പിംഗിൽ ഇഷാൻ കേമനായിരുന്നില്ലെങ്കിലും സന്നാഹത്തിൽ രണ്ട് ക്യാച്ചുകൾ നേ‌ടാനായി.

ആദ്യ സന്നാഹത്തിൽ ഇന്ത്യ എയ്ക്ക് വേണ്ടിയിറങ്ങിയ തിലക് കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും മികച്ച പ്രകടനം കാഴ്ചവച്ചതോടെ ലോകകപ്പിലെ മൂന്നാം നമ്പർ പൊസിഷനിൽ തിരിച്ചെത്തുമെന്ന് ഉറപ്പായി. ശസ്ത്രക്രിയ കഴിഞ്ഞതിനാൽ ആദ്യ റൗണ്ടിൽ എല്ലാമത്സരങ്ങളിലും തിലകിനെ കളിപ്പിച്ച് റിസ്കെ‌ടുക്കാൻ ടീം മാനേജ്മെന്റ് തയ്യാറായേക്കില്ല. അ്നെയെങ്കിൽ ഒന്നോരണ്ട് മത്സരങ്ങളിൽ സഞ്ജുവിന് കളത്തിലിറങ്ങാൻ അവസരം ലഭിച്ചേക്കും. കഴിഞ്ഞ ലോകകപ്പിൽ ടീമിലുണ്ടായിരുന്നെങ്കിലും ഒറ്റമത്സരത്തിലും അവസരം ലഭിക്കാതിരുന്ന താരമാണ് സഞ്ജു.

2024ൽ അമേരിക്കയിലും വിൻഡീസിലുമായി നടന്ന ഒൻപതാമത് ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ഇന്ത്യ ചാമ്പ്യന്മാരായത്. 2007ലെ ട്വന്റി-20 ലോകകപ്പിന് ശേഷം ആദ്യമായി കിരീടം ഇന്ത്യയിലേക്ക് എത്തിയത് 2024ലായിരുന്നു. രോഹിത് ശർമ്മയായിരുന്നു നായകൻ. ഇതിഹാസതാരം വിരാട് കൊഹ്‌ലിയും ടീമിലുണ്ടായിരുന്നു. ലോകകപ്പ് നേട്ടത്തിന് ശേഷമാണ് രോഹിതും കൊഹ്‌ലിയും ഒപ്പം രവീന്ദ്ര ജഡേജയും ട്വന്റി-20 ഫോർമാറ്റിൽ നിന്ന് വിരമിച്ചത്.ഇവരില്ലാത്ത ടീമാണ് ഇക്കുറി കിരീടം നിലനിറുത്താൻ ഇറങ്ങുന്നത്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ കഴിഞ്ഞഫൈനലിൽ നിർണായക ക്യാച്ചെടുത്ത സൂര്യകുമാർ യാദവാണ് ഇക്കുറി നായകൻ.15 അംഗ ടീമിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണും ഇടം നേടിയിട്ടുണ്ട്. ലോകകപ്പിന് മുമ്പ് ന്യൂസിലാൻഡിനെതിരായ 5 ട്വന്റി-20കളുടെ പരമ്പര 4-1ന് നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ശസ്ത്രക്രിയയ്ക്ക് ശേഷം തിലക് വർമ്മ കളത്തിലിറങ്ങിയത് ഇന്ത്യയുടെ കരുത്ത് കൂട്ടുന്നു.

ഇന്ത്യൻ ടീം

സൂര്യകുമാർ യാദവ് (ക്യാപ്ടൻ), അക്ഷർ പട്ടേൽ (വൈസ് ക്യാപ്ടൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ) അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്,ഹർഷിത് റാണ,കുൽദീപ് യാദവ്, വാഷിംഗ്‌ടൺ സുന്ദർ,വരുൺ ചക്രവർത്തി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ).

ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങൾ

ഫെബ്രുവരി 7

Vs അമേരിക്ക

(മുംബയ്)

ഫെബ്രുവരി 12

Vs നമീബിയ

(ഡൽഹി)

ഫെബ്രുവരി 15

Vs പാകിസ്ഥാൻ

(കൊളംബോ)

ഫെബ്രുവരി 18

Vs നെതർലാൻഡ്സ്

(അഹമ്മദാബാദ്)

5

വേദികളാണ് ലോകകപ്പിനായി ഇന്ത്യയിലുള്ളത്. ന്യൂഡൽഹി, മുംബയ്, കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ് എന്നിവയാണവ. ലങ്കയിൽ മൂന്ന് വേദികൾ. കൊളംബോയിൽ രണ്ട് വേദികൾ.പല്ലെക്കിലെയിൽ ഒരു വേദി.

55

ഫൈനൽ ഉൾപ്പടെ 55 മത്സരങ്ങളാണ് ടൂർണമെന്റിൽ ആകെയുള്ളത്.

TAGS: NEWS 360, SPORTS, INDIA CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.