
ചെന്നൈ: ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട കേസിൽ നടനും തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷനുമായ വിജയ്‌ക്ക് തിരിച്ചടി. ആദായ നികുതി വകുപ്പ് ചുമത്തിയ ഒന്നരക്കോടി രൂപ പിഴ വിജയ് അടയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. 2015-16 വർഷത്തെ വരുമാനത്തിൽ 15 കോടി രൂപ റിട്ടേൺസിൽ കാണിച്ചില്ലെന്നായിരുന്നു കേസ്. പുലി സിനിമയിൽ നിന്ന് ലഭിച്ച വരുമാനമാണ് മറച്ചുവച്ചത്. ഇതേത്തുടർന്ന് ആദായ നികുതി വകുപ്പ് ഒന്നരക്കോടി രൂപ പിഴ വിധിച്ചിരുന്നു. ഇതിനെതിരെ വിജയ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് തള്ളിയാണ് ഉത്തരവിട്ടത്.
2015 സെപ്റ്റംബറിൽ വിജയ്‌യുടെ വസതിയിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയെ തുടർന്നാണ് പിഴ ചുമത്തിയത്. ഇതിനെതിരെ വിജയ് 2022ൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ മാസം ഹർജിയിൽ ഉത്തരവുകൾ മാറ്റിവച്ച ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയാണ് ഇന്ന് ഉത്തരവിട്ടത്. പരിശോധനകൾക്കും റെയ്ഡിനും ശേഷം മാത്രമാണ് വിജയ് വരുമാന വിവരം വെളിപ്പെടുത്തിയതെന്നും പിഴ ചുമത്തിയ നടപടിയിൽ വീഴ്ചയില്ലെന്നും കോടതി നിരീക്ഷിച്ചു. വിജയ്‌ക്ക് ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കാമെന്നും കോടതി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |