SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.39 PM IST

മാവേലിക്കരയുടെ ഹൃദയത്തിൽ തൊട്ട മുരളി

Increase Font Size Decrease Font Size Print Page
e

ആലപ്പുഴ: എം.എൽ.എ ആയിരുന്നപ്പോൾ എം.മുരളിയുടെ ഒരു ദിവസത്തെ യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതും സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്നായിരുന്നു. രാവിലെ ആദ്യം കാണുന്ന വ്യക്തിയുടെ സ്കൂട്ടറിന്റെ പിന്നിൽ കയറിയിരുന്നുള്ള യാത്ര, പല സ്കൂട്ടറുകളിൽ കയറി വൈകിട്ട് വീടണയും. ബൈക്കുകൾ കുറവായിരുന്ന അന്നത്തെ കാലത്ത് ഒരുവശത്തേക്ക് തിരിഞ്ഞിരുന്നായിരുന്നു മണ്ഡലത്തുലടനീളമുള്ള അദ്ദേഹത്തിന്റെ സഞ്ചാരം. യാത്രയ്ക്കിടയിൽ വോട്ടർമാരെയും പ്രവർത്തകരെയും അഭിവാദ്യം ചെയ്തും കുശലം പറഞ്ഞും അവരിലൊരാളായി അദ്ദേഹം മാറി. മണ്ഡലത്തിലെ ഏതൊരു ചടങ്ങിലും രാഷ്ട്രീയം നോക്കാതെ സജീവസാന്നിദ്ധ്യമായി അദ്ദേഹമുണ്ടാകും. ഇതിലൂടെയാണ് മാവേലിക്കരയുടെ ഹൃദയത്തിൽ എം.മുരളി ഇടംപിടിച്ചത്.

1991 മുതൽ 2011വരെ മാവേലിക്കരയിലെ തുടർവിജയത്തിന്റെ ഊർജ്ജവും ഇതുതന്നെയാണ്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിട്ടായിരുന്നു കോൺഗ്രസുകാർക്കിടയിൽ മുരളി അറിയപ്പെട്ടിരുന്നത്. മാവേലിക്കര ചെറുകോൽ വൈപ്പുവിളയിൽ പരേതനായ കെ.പി.മാധവൻ പിള്ളയുടെയും വി.കെ.രാജമ്മയുടെയും മകനാണ്.

 കെ.എസ്.യുവിലൂടെ പൊതുരംഗത്ത്

1969ൽ കെ.എസ്.യു അംഗമായാണ് എം.മുരളി പൊതുപ്രവർത്തനത്തിലേക്കെത്തിയത്. 1991 മുതൽ തുടർച്ചയായി നാലുതവണ (1991, 1996, 2001, 2006) മാവേലിക്കര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയകൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 1987ൽ ഡൽഹിയിലെ ചേരിചേരാ രാഷ്ട്രങ്ങളിലെ യുവസമ്മേളനത്തിന്റെ കോ- ഓർഡിനേറ്റർ, എം.ജി സർവകലാശാലയിലെ ആദ്യ സെനറ്റംഗം, കെ.എസ്.ഇ.ബി, കെ.എസ്.എഫ്.ഇ, കെ.എസ്.ആർ.ടി.സി, കേരള യുവജനക്ഷേമ ബോർഡ് തുടങ്ങിയവയിൽ അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

1972 മുതൽ 1977 വരെ കെ.എസ്‌.യു ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. 1978ൽ കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡന്റായി. 1979ൽ ജനറൽ സെക്രട്ടറിയും 1980ൽ കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റുമായി. 1991ൽ സി.പി.എമ്മിന്റെ എസ്.ഗോവിന്ദക്കുറുപ്പിനെ പരാജയപ്പെടുത്തിയായിരുന്നു മാവേലിക്കരയിലെ കന്നിവിജയം. 2011ൽ സംവരണ മണ്ഡലമായപ്പോഴാണ് എം.മുരളിക്ക് മാവേലിക്കര വിടേണ്ടിവന്നത്. ചെങ്ങന്നൂരിലും കായംകുളത്തും പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2011ൽ കായംകുളത്ത് വിജയിച്ചിരുന്നെങ്കിൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ മന്ത്രിസ്ഥാനത്ത് എത്തുമായിരുന്നു.

നിയമസഭയിൽ ഏറ്റവും കൂടുതൽ സ്വകാര്യ ബില്ലുകൾക്ക് അവതരണാനുമതി തേടി പ്രമേയം അവതരിപ്പിച്ചത് മുരളിയായിരുന്നു. മലയാളം സർവകലാശാലയെന്ന ആശയം ആദ്യം സഭയിൽ സ്വകാര്യ ബില്ലായി കൊണ്ടുവന്നതും ഇന്ത്യൻ അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് മാതൃകയിൽ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് ഉണ്ടാക്കണമെന്ന ബിൽ 2001ൽ അവതരിപ്പിച്ചതും ഇദ്ദേഹമാണ്. തദ്ദേശ സ്‌ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് പെൻഷനുള്ള സ്വകാര്യ ബില്ലും വനിതാ കമ്മിഷൻ മാതൃകയിൽ വൃദ്ധജനങ്ങൾക്കായി വൃദ്ധജന കമ്മിഷൻ വേണമെന്ന് ആവശ്യപ്പെട്ടുള്ള ബില്ലും മുരളിയുടേതായുണ്ട്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY