
കൊച്ചി: സിറോമലബാർ സഭയിൽ ഭിന്നിപ്പുണ്ടാക്കാൻ പോപ്പുലർ ഫ്രണ്ടും ക്രൈസ്‌തവരിൽ വർഗീയത വളർത്താൻ ഹിന്ദു തീവ്രവാദ സംഘടനകളും ശ്രമിച്ചെന്ന കത്തോലിക്കാ മെത്രാൻ സമിതി (സി.ബി.സി.ഐ) പ്രസിഡന്റും തൃശൂർ രൂപതാ മേജർ ആർച്ച് ബിഷപ്പുമായ ആൻഡ്രൂസ് താഴത്തിലിന്റെ പ്രസ്‌താവനയിൽ വിവാദം. സഭാമുഖപത്രമായ ദീപികയിലെ അഭിമുഖത്തിലാണ് ആർച്ച് ബിഷപ്പ് ഇക്കാര്യം പറഞ്ഞത്. കുർബാനത്തർക്കം പരിഹരിക്കാൻ എറണാകുളം അങ്കമാലി അതിരൂപതയിൽ അപ്പസ്‌തോലിക് അഡ്മിനിസ്ട്രേറ്ററായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. അക്കാലത്ത് മാർപാപ്പയ്‌ക്ക് നൽകിയ റിപ്പോർട്ടിലും ഇക്കാര്യം പരാമർശിച്ചിരുന്നു. സഭാവിരുദ്ധ ഗ്രൂപ്പുകൾക്ക് ക്രൈസ്‌തവേതര തീവ്രവാദ ഗ്രൂപ്പുകളുടെ സഹായം ലഭിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. സഭയിൽ ഭിന്നിപ്പുണ്ടാക്കാനും തകർക്കാനും ലക്ഷ്യമിട്ട് വിമതർക്ക് സാമ്പത്തികമായും തന്ത്രപരമായും സഹായം നൽകുന്നതായാണ് ഇതിൽ പറഞ്ഞിരുന്നത്.
ആൻഡ്രൂസ് താഴത്തിലിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിശ്വാസികൾ രംഗത്തിറങ്ങി. നേരിൽ അനുഭവിച്ചറിഞ്ഞ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞതെന്ന് സഭാ അനുകൂലികളായ വൺ ചർച്ച് വൺ കുർബാന മൂവ്‌മെന്റ് പറഞ്ഞു. ഏകീകൃത കുർബാനാ വിരുദ്ധരായ വൈദികർക്കും അൽമായർക്കും പിന്നിലെ ശക്തികളെക്കുറിച്ചും അദ്ദേഹം മനസിലാക്കിയിരുന്നു. അതിരൂപത പാസ്റ്ററൽ കൗൺസിൽ ഭാരവാഹികൾ ഉൾപ്പെടെ വിമതർക്ക് പിന്തുണ നൽകിയിരുന്നതായും വൺ ചർച്ച് വൺ കുർബാന ചീഫ് കോ ഓർഡിനേറ്റർ അഡ്വ. മത്തായി മുതിരേന്തി, കോഓർഡിനേറ്റർമാരായ ജോയി ജോർജ്, വിത്സൻ വടക്കുഞ്ചേരി, ജോസഫ് പി. എബ്രഹാം എന്നിവർ പറഞ്ഞു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് കേരളത്തിൽ വർഗീയധ്രുവീകരണം ലക്ഷ്യമിട്ടാണ് ആൻഡ്രൂസ് താഴത്തിലിന്റെ പ്രസ്‌താവനയെന്ന് അൽമായ മുന്നേറ്റം ആരോപിച്ചു. പോപ്പുലർ ഫ്രണ്ട് സഭയിൽ പിളർപ്പുണ്ടാക്കാൻ ശ്രമിച്ചെന്ന ആരോപണം നിസാരമല്ല. പോപ്പുലർ ഫ്രണ്ട് ആരുവഴി എങ്ങനെ ശ്രമിച്ചെന്നും വിവരം ലഭിച്ചത് എവിടെ നിന്നാണെന്നും വ്യക്തമാക്കണം. നിയമസഭാ തിരഞ്ഞെടുപ്പിൽ സംഘപരിവാരത്തെ സഹായിക്കാനുള്ള ഏജന്റായി ഹിന്ദു, മുസ്ലിം സംഘർഷത്തിന് വഴിമരുന്ന് ഇടാനുള്ള ആർച്ച് ബിഷപ്പിന്റെ നീക്കം പൊതുസമൂഹം അവജ്ഞയോടെ തള്ളിക്കളയും. ആൻഡ്രൂസ് താഴത്തിൽ തെളിവു സഹിതം കാര്യങ്ങൾ തുറന്നു പറയാനോ പ്രസ്താവന പിൻവലിച്ച് മാപ്പു പറയാനോ തയ്യാകണമെന്ന് അൽമായ മുന്നേറ്റം പ്രസിഡന്റ് ഷൈജു ആന്റണി, വക്താവ് റിജു കാഞ്ഞൂക്കാരൻ എന്നിവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |