
ചുരിദാർ വിവാദത്തിൽപെട്ട അദ്ധ്യാപിക സിന്ധു എസ്.നായർ സംസാരിക്കുന്നു
കൊല്ലം: 'കുട്ടികളുടെയും സഹപ്രവർത്തകരുടെയും മുന്നിൽ വച്ചാണ് എന്നെ തടഞ്ഞത്. അവരൊക്കെ ഗേറ്റ് കടന്നു പോകവേ, ഉള്ളിലേക്കു കടക്കാൻ ആ ഗേറ്റിനു മുന്നിൽ കുത്തിയിരുന്ന് സമരം ചെയ്യേണ്ടിവന്ന പ്രഥമാദ്ധ്യാപികയുടെ മനോനില എന്തായിരിക്കുമെന്ന് നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ! വല്ലാത്ത സങ്കടമുണ്ട്. രാത്രിയിൽ ഉറങ്ങാൻ കഴിയുന്നില്ല. എങ്കിലും സ്കൂളിൽ ജോലിക്ക് വരുന്നുണ്ട്. ചുരിദാർ തന്നെയാണ് വേഷം. മാനസിക സംഘർഷം ഒത്തിരിയുണ്ടെങ്കിലും ഒട്ടും പിന്നോട്ട് പോകില്ല, നിയമപരമായിത്തന്നെ മുന്നോട്ടുപോകും...' കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമാദ്ധ്യാപിക സിന്ധു എസ്.നായർ ചുരിദാർ വിവാദത്തിന്റെ ആഘാതത്തിൽ നിന്ന് ഇനിയും മോചിതയായിട്ടില്ല.
സ്കൂൾ മാനേജർ അമ്പലക്കര കെ.സുരേഷ് കുമാറിനുണ്ടായ 'വെളിപാടാ'ണ് അദ്ധ്യാപനജീവിതത്തിൽ കാൽനൂറ്റാണ്ട് തികച്ച സിന്ധു എസ്.നായരുടെ ഉറക്കം കെടുത്തുന്ന സംഭവത്തിലേക്ക് നയിച്ചത്. സർക്കാർ ശമ്പളം നൽകുന്ന സ്കൂളിൽ സാരി മാത്രമേ ധരിക്കാവൂ എന്ന് അദ്ധ്യാപകരോട് നിർദ്ദേശിക്കാൻ, ഈ മാനേജർക്ക് എന്തധികാരം എന്ന ചോദ്യമാണ് സ്കൂളിനകത്തും പുറത്തും നിന്നുയരുന്നത്. താൻ തമാശയ്ക്ക് പറഞ്ഞതാണെന്ന് മാനേജർ വിശദീകരിച്ചെങ്കിലും പൊലീസ് ഇയാൾക്കെതിരെയും കേസെടുത്തു.
'ഇതേ സ്കൂളിലെ അദ്ധ്യാപികയായിരുന്നു എന്റെ അമ്മ സരസ്വതി അമ്മ. ബിരുദവും ബി.എഡും കഴിഞ്ഞ് 2000ത്തിൽ സ്കൂളിൽ ഫിസിക്സ് അദ്ധ്യാപികയായി. 2015ൽ ഹെഡ്മിസ്ട്രസായി. ഞങ്ങളുടെ സ്കൂൾ മികച്ച റിസൾട്ടുള്ള, കലാ മികവുള്ള വിദ്യാലയമായി. കുട്ടികളുടെ എണ്ണവും കൂടിവന്നു. എന്നാൽ പ്രത്യേക സാഹചര്യത്തിൽ ചില കുട്ടികൾ ടി.സി വാങ്ങി പോയതോടെ അറബിക് അദ്ധ്യാപക തസ്തികയിൽ തടസം നേരിട്ടു. മലയാളം തസ്തികയിലും ചില്ലറ പ്രശ്നങ്ങളുണ്ടായി. ടി.സി ചോദിച്ചയുടൻ നൽകിയത് മാനേജ്മെന്റിന്റെ ഇഷ്ടക്കേടിന് കാരണമായി. അതോടെ വൈരാഗ്യ ബുദ്ധിയോടെ എന്നോട് അവർ ഇടപെട്ടു തുടങ്ങി'- കാര്യങ്ങളുടെ തുടക്കം സിന്ധു ടീച്ചർ വിശദീകരിക്കുന്നു.
'സ്കൂൾ മാനേജരുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങളും കേസുകളും സ്കൂളിനകത്തുതന്നെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ പേടിയുണ്ട്. ശാരീരികമായുള്ള ബുദ്ധിമുട്ടുകൾ കൂടി ഉള്ളതിനാലാണ് ചുരിദാർ ധരിച്ച് എത്തുന്നത്. വിലക്കില്ലാത്തതിനാൽ അതുതന്നെ സ്ഥിരമായി ധരിച്ചു. മാനേജർക്കെതിരെ നിയമപോരാട്ടം തുടരും'- സിന്ധു എസ്. നായർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |