
കൊടുങ്ങല്ലൂർ: ദേശീയപാത നിർമ്മാണത്തിന്റെ പേരിൽ ജനജീവിതം ദു:സഹമാക്കി പുല്ലൂറ്റ് മഞ്ഞനക്കാട് പുഴയിൽ നടന്നിരുന്ന മണൽ ഡ്രഡ്ജിംഗ് നിറുത്തി. മാസങ്ങളോളം നടത്തിയ മണ്ണെടുപ്പിനെതിരെ പ്രക്ഷോഭവുമായി ജനങ്ങൾ രംഗത്തെത്തിയിരുന്നു. കനോലി കനാലിന്റെ ചെറിയ പ്രദേശത്ത് നിന്ന് മാത്രം ഡ്രഡ്ജിംഗ് നടത്തി ആയിരക്കണക്കിന് ലോഡ് മണ്ണ്് കൊണ്ടുപോയെന്നാണ് നാട്ടുകാരുടെ ആരോപണം. ഇത്രയധികം മണലെടുത്തതോടെ പുഴയുടെ കര ഇടിഞ്ഞു തുടങ്ങി. മണൽ കയറ്റുന്ന വാഹനങ്ങൾ നാട്ടുകാർ തടഞ്ഞതോടെ ജനപ്രതിനിധികൾ പിന്തുണയുമായെത്തി. കോട്ടപ്പുറം മുതൽ ഇടപ്പള്ളി വരെ ദേശീയപാത നിർമ്മാണം നടത്തുന്ന ഓറിയന്റൽ സ്ട്രക്ചറൽ എൻജിനീയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സബ് ഏറ്റെടുത്ത സ്വിസ് ഇൻഫ്രാ കമ്പനിയാണ് പുഴയിൽ നിന്നും മണൽ കൊണ്ടുപോയിരുന്നത്. നാട്ടുകാർ സമരം ആരംഭിച്ചതോടെ കമ്പനി ജി.എം.പി.വി.അഭിഷേക് സ്ഥലത്തെത്തി നടത്തിയ ചർച്ചയിലാണ് മണൽഖനനം അവസാനിപ്പിച്ചതായി അറിയിച്ചത്. നഗരസഭാ ചെയർപേഴ്‌സൺ ഹണി പീതാംബരൻ, വാർഡ് കൗൺസിലർ അനിത ബാബു, ജനകീയ സമിതി, നാട്ടുകാർ, രാഷ്ട്രീയ നേതാക്കൾ എന്നിവർ ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്തു. സി.പി.എം ലോക്കൽ സെക്രട്ടറി പി.എൻ.വിനയചന്ദ്രൻ, സി.പി.ഐ നേതാവ് സി.കെ.രാമനാഥൻ, ജനകീയ സമിതിക്കായി ടി.എ.നൗഷാദ്, ഇ.എസ്.സഗീർ, അനിൽ കുമാർ, നസീമ നവാസ് തുടങ്ങിയവർ പങ്കെടുത്തു.
ദുരിതത്തിലായി പ്രദേശവാസികൾ
ഇടുങ്ങിയ റോഡുകളിലൂടെയുള്ള ലോറികളുടെ അനിയന്ത്രിതമായ സഞ്ചാരം ജനജീവിതം ദു:സഹമാക്കി. പൊടിപടലങ്ങൾ മൂലം പ്രദേശവാസികൾക്ക് ശ്വാസം മുട്ടലും വിട്ടുമാറാത്ത ചുമയുമുണ്ടായി. പല കുടുംബങ്ങളും വാടക വീടുകളിലേക്ക് താമസം മാറ്റി. പല വീടുകളുടെയും ഭിത്തികൾ വിണ്ടുകീറി. മതിലുകളിൽ വിള്ളൽ വീണു. ശുദ്ധജല സ്രോതസുകളിൽ ഉപ്പുവെള്ളം കയറാനും തുടങ്ങി. ഡ്രഡ്ജിംഗിൽ ചെളിവെള്ളം തിരിച്ച് പുഴയിലേക്ക് തള്ളുന്നത് കാരണം മത്സ്യസമ്പത്ത് കുറയുകയും മത്സ്യത്തൊഴിലാളികൾക്ക് മീൻ ലഭിക്കാത്ത അവസ്ഥയുമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |