
പൗർണ്ണമിക്കാവിൽ വീണ്ടും ഒരു യാഗത്തിന് തിരി തെളിയുകയാണ്.
തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തിനടുത്ത് വെങ്ങാനൂരിൽ സ്ഥിതി ചെയ്യുന്ന പൗർണ്ണമിക്കാവിന് ഏകദേശം 5200 വർഷങ്ങളുടെ ചരിത്രമാണ് പറയാനുള്ളത്.രാമായണവും മഹാഭാരതവും കണ്ടുമുട്ടിയ ഏക ക്ഷേത്രമാണ് പൗർണ്ണമിക്കാവ്.ഭാരതീയ ചരിത്രവും ആത്മീയതയും പരിസ്ഥിതിയും സമരസപ്പെടുന്ന പൗർണ്ണമിക്കാവിൽ ഡിസംബർ 23 മുതൽ 31 വരെ നടക്കുന്ന മഹാകാളികായാഗത്തെ കുറിച്ച് ഐ എസ് ആർ ഒയുടെ മുൻ ചെയർമാനും മഹാകാളികാ യാഗത്തിന്റെ മുഖ്യരക്ഷാധികാരിയുമായ പത്മവിഭൂഷൺ ഡോ ജി മാധവൻ നായർ കേരള കൗമുദിയോട് സംസാരിക്കുന്നു.
'ഓം' വന്ന വഴിയും
ഭാരതീയ ആത്മീയതയും
__________
ഈ പ്രപഞ്ചം വലിയൊരു ശൂന്യതയാണ്.ഈ ശൂന്യതയിൽ നിന്നാണ് ലക്ഷകണക്ക് വർഷങ്ങൾക്ക് മുമ്പ് 'ബിഗ്ബാംഗ്' ഉണ്ടായത്.ഈ കാണുന്ന പ്രപഞ്ച സൃഷ്ടിക്ക് കാരണമായ ബിഗ്ബാംഗിന്റെ ശബ്ദമാണ് ഓം.സൂര്യന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് രശ്മികൾ പുറപ്പെടുന്നത് ഓം എന്ന ഹുങ്കാര ശബ്ദത്തോടെയാണെന്നും ശാസ്ത്രം കണ്ടെത്തി.ഇവിടെയാണ് ഭാരതത്തിലെ ഋഷീശ്വരൻമാരുടേയും ആത്മീയതയുടേയും മഹത്വം മനസിലാക്കേണ്ടത്.ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ ഓം എന്ന ശബ്ദത്തെ മന്ത്രമായി കണ്ട മനീഷികളാണ് ഭാരതത്തിലെ സന്യാസികൾ.
ഒരു ശാസ്ത്ര സങ്കേതികതയും ഇല്ലാതിരുന്ന അക്കാലത്തെ ഋഷിമാർ കണ്ടെത്തിയ സൗരയൂഥ കണക്കുകളും ഇന്നത്തെ ആധുനിക കമ്പ്യൂട്ടറുകൾ കണ്ടെത്തിയ സൗരയൂഥ കണക്കുകളും തമ്മിൽ നേരിയ വ്യത്യാസമാണുള്ളത്.ഇന്ത്യയിലെ ഋഷിമാർ കണ്ടെത്തിയ നവഗ്രഹങ്ങളിൽ നിന്നാണ് ലോക രാജ്യങ്ങൾ ബഹിരാകാശ പഠനം തുടങ്ങിയത്.ഇന്നും നവഗ്രഹങ്ങളെ ചുറ്റിപ്പറ്റിയാണ് ബഹിരാകാശ പഠനം നടക്കുന്നത്.ഗ്രഹങ്ങളുടെ സഞ്ചാരവും അകലവും വലിപ്പവും സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ഭാരതത്തിലെ സന്യാസികൾ എങ്ങനെയാണ് ഇത്ര കൃത്യമായി കണ്ടെത്തി എന്നുള്ളത് ഇന്നും ശാസ്ത്ര ലോകത്തിന് അതിശയമാണ്.
ഇന്ത്യയിലെ സന്യാസിമാർ കണ്ടെത്തിയ ശാസ്ത്ര സത്യങ്ങൾ ശരിയാണോ എന്നറിയാനുള്ള പരീക്ഷയും പരീക്ഷണങ്ങളുമാണ് ആധുനിക സയൻസ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് ആലങ്കാരികമായി പറയാം.
ഉദാഹരണത്തിന് ചന്ദ്രനിൽ ജലത്തിന്റെ സാന്നിദ്ധ്യം ചന്ദ്രയാൻ സ്ഥിരീകരിക്കുന്നതിന് മൂവായിരം വർഷങ്ങൾക്ക് മുമ്പേ ചന്ദ്രനിലും ചൊവ്വയിലും ജലത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഇന്ത്യയിലെ ഋഷിമാർ പറഞ്ഞിട്ടുണ്ട്.
പ്രപഞ്ചത്തെ കുറിച്ച്
ആധുനിക ശാസ്ത്രം ഇന്നും പൂർണ്ണമായി പഠിച്ചിട്ടില്ല.ശാസ്ത്ര ലോകം കണ്ടതിന്റെ എത്രയോ ഇരട്ടി ഇന്നും ഇരുട്ടിലാണ്.അപൂർണ്ണമായ,ഇരുട്ടിൽ മുങ്ങിയ,കണ്ടെത്താൻ കഴിയാത്ത പ്രപഞ്ചത്തിനെ ശാസ്ത്രം വിളിക്കുന്നത് ദൈവത്തിന്റെ ഭാഗമെന്നാണ്.
മനുഷ്യൻ ചന്ദ്രനിൽ കാല് കുത്തിയ ശാസ്ത്ര യുഗത്തിലും ദൈവത്തിൽ വിശ്വസിക്കണോ എന്നാണ് പുരോഗമനവാദികളായ ചിലർ ചോദിക്കുന്നത്.ചന്ദ്രനിലേക്ക് ആളിനെ പറഞ്ഞയക്കാൻ കഴിയുന്ന ശാസ്ത്രജ്ഞരിൽ ഭൂരിഭാഗവും ദൈവവിശ്വാസികളാണ്.
മഹാകാളികായാഗം
________
മനുഷ്യ ശരീരത്തിലെ യൗവനം നിലനിർത്താനായി കായകൽപ്പ ചികിത്സ നടത്തുന്നത് പോലെ പ്രകൃതിയുടെ ആരോഗ്യത്തിന് വേണ്ടി നടത്തുന്ന ചികിത്സയാണ് യാഗങ്ങൾ.ആരോഗ്യമുള്ള പ്രകൃതിയിലേ ശുദ്ധിയുള്ള അന്തരീക്ഷമുണ്ടാകു.ശുദ്ധിയുള്ള അന്തരീക്ഷത്തിലെ ശുദ്ധമായ വായു സഞ്ചരിക്കൂ.ശുദ്ധമായ വായു ശ്വസിച്ചാലേ ആരോഗ്യമുള്ള മനുഷ്യനും മനസും ഉണ്ടാകൂ.
ഒരു പച്ചരി ശുദ്ധമായ നെയ്യിൽ കത്തിക്കുമ്പോൾ മൂന്നര സെന്റീ മീറ്റർ വായു ശുദ്ധീകരിക്കപ്പെടും.
ഒരു ഗണപതി ഹോമം നടക്കുമ്പോൾ ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള അന്തരീക്ഷ വായു ശുദ്ധീകരിക്കും.ഒരു മഹാകാളികാ യാഗത്തിന് ഒരു നഗരം മുഴുവൻ ശുദ്ധീകരിക്കാൻ കഴിയും.വർഷങ്ങളോളം ഏകാഗ്രതയോടെ കൊടും തപസ് ചെയ്ത് നേടിയ അറിവുകളാണ് യാഗങ്ങളും ഹോമങ്ങളുമായി തലമുറയ്ക്ക് പകർന്നിരിക്കുന്നത്.അനേകം പേരുടെ അനേക വർഷത്തെ തപസിദ്ധിയെ അന്ധവിശ്വാസമായി ചിത്രീകരിക്കുന്നത് അബദ്ധമാണ്.തെറ്റും ശരിയും ഭക്തിയും യുക്തിയും കൂടിച്ചേരുന്നതാണ് എല്ലാ കണ്ടുപിടുത്തങ്ങളും.നമ്മൾ ശരിയെ സ്വീകരിച്ചിട്ട് തെറ്റിനെ തിരസ്കരിക്കുക.ശാസ്ത്രം പറയുന്ന നെഗറ്റീവ് എനർജിയും പോസിറ്റീവ് എനർജിയുമാണ് ഋഷിമാർ കണ്ടെത്തിയ പൈശാചിക ശക്തിയും ദൈവീക ശക്തിയും.മഹർഷിമാർ മനനം ചെയ്ത് കണ്ടെത്തിയ മന്ത്രങ്ങളിലൂടെ മനുഷ്യന്റെ മനസിലും പ്രകൃതിയിലുള്ള പൈശാചിക ശക്തികളെ അകറ്റി ദൈവീക ശക്തിയാക്കാനുള്ളതാണ് മഹാകാളികാ യാഗം.
അഗ്നി ഒന്നല്ല,അഗ്നി പലതാണ്
___________
യാഗാഗ്നിയിൽ മാത്രമേ അഗ്നിദേവനെ പ്രാർത്ഥിക്കാൻ കഴിയൂ.
പഞ്ചഭൂതങ്ങളിൽ ഒന്നാം സ്ഥാനം അഗ്നിക്കാണ്.എല്ലാത്തിനേയും ശുദ്ധീകരിക്കുന്നത് അഗ്നിയാണ്.അഗ്നിയുടെ സമസ്ത ഭാവങ്ങളും നൃത്തമാടുന്നത് യാഗാഗ്നിയിലാണ്.ഒരു ഭക്തന് അഗ്നിദേവനെ കാണാനും പ്രാർത്ഥിക്കാനും യാഗശാലയിൽ തെളിയുന്ന യാഗാഗ്നിയിൽ മാത്രമേ കഴിയൂ.ഗണപതി ഹോമത്തിൽ തെളിയുന്നത് ഉഷർബുധനും വനങ്ങളെ കത്തിക്കുന്നത് ബർഹിയും റോക്കറ്റ് വിക്ഷേപിക്കുമ്പോൾ കത്തുന്നത് ദ്രവിണോദസും മനുഷ്യ ശരീരത്തിലെ ആഹാരത്തെ ദഹിപ്പിക്കുന്നത് ജഠരാഗ്നിയുമാണ്.ഇതുപോലെ അഗ്നിക്ക് 34 ഭാവങ്ങളുണ്ട്.അഗ്നിദേവന്റെ ഈ 34 ഭാവങ്ങളും ഒത്തുചേരുന്നത് മഹാകാളികാ യാഗത്തിലെ യാഗാഗ്നിയിലാണ്.
കൃഷിയും മഹാകാളികായാഗവും
__________
പൗർണ്ണമിക്കാവിലെ മഹാകാളികാ യാഗത്തിന് ആവശ്യമായ പൂക്കളും അന്നത്തിന് ആവശ്യമായ പച്ചക്കറികളും അരിയും സ്വന്തമായി കൃഷി ചെയ്താണ് ഉപയോഗിക്കുന്നത്.കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരത്തോളം വീടുകളിൽ പൂക്കൾക്കായുള്ള തോട്ടവും ആയിരത്തോളം വീടുകളിൽ പച്ചക്കറിക്കായുള്ള തോട്ടവും ഉടൻ ആരംഭിക്കും. കുട്ടനാട്ടിൽ ജൈവവളം ഉപയോഗിച്ചു കൊണ്ട് നെൽകൃഷി ആരംഭിക്കും.മഹാകാളികാ യാഗത്തിന് ആവശ്യമായ നെയ്യും എണ്ണകളും ശുദ്ധിയോടെ തയ്യാറാക്കുന്ന വീടുകളിൽ നിന്നാണ് ശേഖരിക്കുന്നത്.
യാഗത്തിലെ ആചാര്യൻമാർ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ പോലും ആയൂർവേദ മരുന്നുകൾ ചേർത്ത് തയ്യാറാക്കുന്ന നിറങ്ങളും നൂലുകളും ഉപയോഗിച്ച് പ്രത്യേകം നെയ്യുന്നതാണ്.
അന്താരാഷ്ട്ര സെമിനാറുകളും ചർച്ചയും
__________
മഹാകാളികാ യാഗത്തിന്റെ ശാസ്ത്രീയതയെ കുറിച്ചും ആത്മീയ നേട്ടത്തെ കുറിച്ചും സനാതന സംസ്കാരത്തിന്റെ പ്രസക്തിയെ കുറിച്ചും സെമിനാറുകളും ചർച്ചകളും പൂജകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കും.
മഹാകാളികാ യാഗത്തിന് മുന്നോടിയായി ആദ്യപൂജ ഒറീസയിലെ ബലാംഗീർ മൽപ്പാഡയിലെ പൂർണ്ണിമക്കാ ദേവീ ക്ഷേത്രത്തിൽ നടന്നു.ആദ്യ അന്താരാഷ്ട്ര പൂജയും സെമിനാറും നടക്കുന്നത് ആഫ്രിക്കൻ രാജ്യമായ കെനിയയിലാണ്.
സനാതന സംസ്കാരത്തിൽ കുലദേവതമാരെ ആരാധിക്കുന്നത് പ്രധാന പൂജയാണ്.കുലദേവതമാരെ കണ്ടെത്തി ആരാധിക്കാത്തതു കൊണ്ടാണ് വീടായാലും നാടായാലും സമാധാനം അന്യമാകുന്നത്.മഹാകാളികാ യാഗത്തിലൂടെ ലോകസമാധാനം എങ്ങനെ കണ്ടെത്താം എന്ന ചിന്തയിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ ചെറിയ യാഗങ്ങളും ചർച്ചകളും നടത്തുന്നത്.
രാമായണവും മഹാഭാരതവും ഒത്തുചേരുന്ന പൗർണ്ണമിക്കാവ്
__________
ബ്രഹ്മശ്രീ പരമേശ്വര ബ്രഹ്മാനന്ദ
സൂര്യവംശത്തിലെ ശ്രീരാമന് ശേഷമുള്ള ഇരുപത്തി ഒന്നാമത്തെ തലമുറയിലെ ശിഘ്ര രാജാവാണ് പൗർണ്ണമിക്കാവിന് തുടക്കമിട്ടത്.
ആരാണ് ശിഘ്രൻ?
ദശരഥന്റെ മകനാണ് രാമൻ.
രാമന്റെ മകനാണ് കുശൻ.
കുശന്റെ മകനാണ് അതിഥി.
അതിഥിയുടെ മകനാണ് നിപധൻ.
നിപധന്റെ മകനാണ് നളൻ.
നളന്റെ മകനാണ് നഭൻ.
നഭന്റെ മകനാണ് പുണ്ഡരീകൻ.
പുണ്ഡരീകന്റെ മകനാണ് ക്ഷേമധന്വാവ്.
ക്ഷേമധന്വാവിന്റെ മകനാണ് ദേവനീകൻ.
ദേവനീകന്റെ മകനാണ് പാരിയാത്രൻ.
പാരിയാത്രന്റെ മകനാണ് സഹസ്രാശ്വൻ.
സഹസ്രാശ്വൻ സഹസ്രാശ്വന്റെ മകനാണ് ബലൻ.
ബലന്റെ മകനാണ് സ്ഥലൻ.
സ്ഥലന്റെ മകനാണ് വജ്രനാഭൻ.
വജ്രനാഭൻ വജ്രനാഭന്റെ മകനാണ് ഖഗണൻ.
ഖഗണന്റെ മകനാണ് വിധൃതി.
വിധൃതിയുടെ മകനാണ് ഹിരണ്യനാഭൻ.
ഹിരണ്യനാഭൻ ഹിരണ്യനാഭന്റെ മകനാണ് പുഷ്യൻ.
പുഷ്യന്റെ മകനാണ് ധൃവസന്ധി.
ധൃവസന്ധിയുടെ മകനാണ് സുദർശനൻ.
സുദർശനൻ സുദർശനന്റെ മകനാണ് അഗ്നിവർണ്ണൻ.
അഗ്നിവർണ്ണന്റെ മകനാണ് ശിഘ്രൻ.
ഹസ്തിനപുരിയിലെ രാജസദസിൽ നിന്ന് ഭീഷ്മരോട് പിണങ്ങിയിറങ്ങിയ കർണ്ണൻ ദ്വിഗിജയം നടത്താനായി അനുജൻ ശോണനുമായി പുറപ്പെട്ടു.ഏഴാം ദിവസം അയോദ്ധ്യയിലെത്തി.അന്ന് അയോദ്ധ്യ ഭരിച്ചിരുന്നത് ശിഘ്ര രാജാവാണ്.യുദ്ധത്തിൽ ശിഘ്രൻ പരാജയപ്പെട്ടു.ദു:ഖിതനായ ശിഘ്രൻ വനവാസക്കാലത്ത് ശ്രീരാമൻ നടന്ന വഴിയേ സഞ്ചരിക്കാൻ തീരുമാനിച്ചു.
മധുര വഴി രാമേശ്വരത്ത് പോകുന്നതിന് പകരം രാവണനുമായി ഏറ്റുമുട്ടിയ ജടായുവിന്റെ പാറ വഴി വിഴിഞ്ഞത്ത് എത്തി.കാടും കടലും ഒത്തു ചേർന്ന വിഴിഞ്ഞം ശിഘ്രന് ഏറെ ഇഷ്ടപ്പെട്ടു.ശിഘ്രനോടൊപ്പം വന്ന രാജഗുരുവിന്റെ അനുവാദത്തോടെ വിളക്ക് കത്തിച്ച് പ്രാർത്ഥിച്ച സ്ഥലമാണ് ഇന്നത്തെ പൗർണ്ണമിക്കാവ്.
ശ്രീകൃഷ്ണന്റെ മഥുരയെ കർണ്ണൻ ആക്രമിച്ചില്ല.അയോദ്ധ്യയെ ആക്രമിച്ചപ്പോൾ കൃഷ്ണൻ എതിർത്തതുമില്ല.
ഇതിൽ കൃഷ്ണനോട് ശിഘ്രന് പരാതിയും ദേഷ്യവും ഉണ്ടായിരുന്നു.കൃഷ്ണനോടുള്ള ഈ പരിഭവം ശിഘ്രൻ പൗർണ്ണമിക്കാവിലെ ദേവിയോട് പതം പറഞ്ഞ് പ്രാർത്ഥിക്കുമായിരുന്നു.ദ്വാരക കടലെടുത്തപ്പോൾ പലായനം ചെയ്ത യാദവരിൽ ഒരു വിഭാഗം വിഴിഞ്ഞത്തെത്തി പൗർണ്ണമിക്കാവിൽ അഭയം തേടി ദേവിയോട് ക്ഷമ പറഞ്ഞു.
പിന്നീട് യാദവരാണ് ക്ഷേത്രം കൈകാര്യം ചെയ്തത്.അതിന് ശേഷമാണ് ആയ് രാജവംശത്തിന്റെ കുലദേവതയായി ആരാധിച്ചത്.
മറ്റൊരു സംഭവം കൂടിയുണ്ട്.
മഹാഭാരത യുദ്ധത്തിന് ശേഷം ധർമ്മപുത്രർ നടത്തിയ യാഗത്തിന് കാർമ്മികത്വം വഹിക്കാൻ വ്യാഘ്രപാദ മഹർഷിയെ ക്ഷണിക്കാൻ കൃഷ്ണൻ നിർദേശിച്ചു.ഭീമനാണ് മഹർഷിയെ ക്ഷണിക്കാൻ വന്നത്.ഇന്നത്തെ മുഞ്ചിറയിൽ തപസ് ചെയ്തിരുന്ന വ്യാഘ്രപാദ മഹർഷിയെ ക്ഷണിച്ചതിന് ശേഷം ഭീമൻ പൗർണ്ണമിക്കാവിൽ വന്ന് ശിഘ്രനേയും ക്ഷണിച്ചു.
രാമായണവും മഹാഭാരതവും കണ്ടുമുട്ടിയ ഭൂമിയിലെ ഏക ക്ഷേത്രമാണ് പൗർണ്ണമിക്കാവ്.
(സമാധിയായ ബ്രഹ്മശ്രീ പരമേശ്വര ബ്രഹ്മാനന്ദ മുഞ്ചിറ മഠാധിപതിയും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയുമായിരുന്നു.
കഴിഞ്ഞ പ്രപഞ്ചയാഗത്തിൽ പങ്കെടുക്കാനായി പൗർണ്ണമിക്കാവിൽ വന്നപ്പോൾ പറഞ്ഞതാണ് ഈ ചരിത്രം.)
മുപ്പത്തി മുക്കോടി ദൈവങ്ങളുടെ പൗർണ്ണമിക്കാവ്
__________
പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാട്
33 ദൈവങ്ങളുടെ മഹിമയെ കുറിച്ച് പറയുന്നതാണ് മുപ്പത്തി മുക്കോടി ദൈവങ്ങൾ.'കോടി' എന്ന വാക്കിന്റെ അർത്ഥം 'മഹിമ' എന്നാണ്.8 വസുക്കളും
11 രുദ്രൻമാരും 12 സൂര്യൻമാരും ഇന്ദ്രനും പ്രജാപതിയും ചേരുന്നതാണ് 33 ദൈവങ്ങൾ.ഈ ദൈവങ്ങൾ ആദിപരാശക്തിയുടെ വിഗ്രഹമുള്ള ക്ഷേത്രങ്ങളിലാണ് ആരാധിക്കപ്പെടുന്നത്.
പൗർണ്ണമിക്കാവിലെ ആദിപരാശക്തി ഉഗ്രശക്തിയുള്ളതാണ്.
സൂര്യന് 12 ഭാവങ്ങളുണ്ട്.ഓരോ മാസത്തിലും ഓരോ ഭാവമാണ്.അതുകൊണ്ടാണ് ഓരോ മാസത്തിലെ വെയിലിനും വെളിച്ചവും ചൂടും വ്യത്യസ്തമാകുന്നത്.
ഭാരതവർഷ പ്രകാരം
ചൈത്ര മാസത്തിലെ സൂര്യൻ ദാദാവ്.
വൈശാഖ മാസത്തിലെ സൂര്യൻ ആര്യമ.
ജ്യേഷ്ഠ മാസത്തിലെ സൂര്യൻ മിത്ര.
ആഷാഢ മാസത്തിലെ സൂര്യൻ വരുണ.
ശ്രാവണ മാസത്തിലെ സൂര്യൻ ഇന്ദ്ര.
ഭാദ്രപദ മാസത്തിലെ സൂര്യൻ വിവസ്വാൻ.
അശ്വിന മാസത്തിലെ സൂര്യൻ ത്വഷ്ടാവ്.
കാർത്തിക മാസത്തിലെ സൂര്യൻ വിഷ്ണു.
മാർഗ്ഗശീർഷ മാസത്തിലെ സൂര്യൻ അംശുമാൻ.
പൗഷ മാസത്തിലെ സൂര്യൻ ഭഗ.
മാഘ മാസത്തിലെ സൂര്യൻ പുഷ്യാവ്.
ഫാൽഗുന മാസത്തിലെ സൂര്യൻ പർജന്യൻ.
ആദിപരാശക്തിയുടെ മുന്നിൽ നടക്കുന്ന മഹാകാളികായാഗത്തിന് സവിശേഷത കൂടുതലാണ്.പ്രത്യേകിച്ച് പൗർണ്ണമിക്കാവിൽ.
കാരണം,സൂര്യവംശാവലിയേയും ചന്ദ്രവംശവലിയേയും ഒന്നിച്ച് ആരാധിക്കുന്ന ഏക ക്ഷേത്രമാണ് പൗർണ്ണമിക്കാവ്.
(പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ആത്മീയ ഉപദേഷ്ടാവും പൂഞ്ഞാർ കൊട്ടാരത്തിലെ കുലഗുരുവും ആയിരുന്ന പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാട് പൗർണ്ണമിക്കാവിൽ നടന്ന പ്രപഞ്ചയാഗത്തിൽ പങ്കെടുക്കാനായി വന്നപ്പോൾ പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |